എല്ലാ ദൃശ്യങ്ങളും പരിശോധിച്ചില്ല, ഉറപ്പില്ലെങ്കിൽ രാഹുലിനെ എന്തിനു പുറത്താക്കിയെന്ന് വസീം ജാഫർ
Mail This Article
പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കെ.എൽ. രാഹുൽ പുറത്തായ സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ. രാഹുൽ പുറത്താകുന്നതിനു മുൻപ് ഡിആർഎസ് എടുത്തപ്പോൾ തേർഡ് അംപയര്‍ മറ്റൊരു ആംഗിളിൽനിന്നുള്ള ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അതു ലഭിച്ചില്ലെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ പ്രതികരിച്ചു. ‘‘ഔട്ടാണോയെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് തേർഡ് അംപയർ മറ്റൊരു ഭാഗത്തുനിന്നുള്ള ദൃശ്യങ്ങൾ കൂടി ചോദിച്ചതെന്നു വ്യക്തമാണ്. ഉറപ്പില്ലെങ്കിൽ പിന്നെന്തിനാണ് ഫീൽഡ് അംപയറുടെ തീരുമാനം മാറ്റാൻ നിൽക്കുന്നത്.’’– വസീം ജാഫർ എക്സ് ഫ്ലാറ്റ്ഫോമിൽ കുറിച്ചു.
പെർത്തിൽ സാങ്കേതിക വിദ്യ കൃത്യമായി ഉപയോഗിച്ചില്ലെന്നും ശരിയായ പ്രോട്ടോക്കോൾ പാലിച്ചല്ല രാഹുലിന്റെ പുറത്താകൽ സംഭവിച്ചതെന്നും ജാഫർ ആരോപിച്ചു. എല്ലാ വശങ്ങളും പരിശോധിക്കാതെ തേർഡ് അംപയർ എങ്ങനെയാണ് ഒരു തീരുമാനത്തിലെത്തിയതെന്ന് റോബിൻ ഉത്തപ്പ പ്രതികരിച്ചു. വ്യക്തമല്ലെങ്കിൽ ഔട്ട് നൽകരുതെന്ന് ഇർഫാൻ പഠാനും എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
74 പന്തുകൾ നേരിട്ട രാഹുൽ 26 റൺസെടുത്താണ് ആദ്യ ഇന്നിങ്സില്‍ മടങ്ങിയത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി ക്യാച്ചെടുത്തു രാഹുലിനെ പുറത്താക്കി. ഓസീസ് താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും ഫീൽഡ് അംപയർ ഔട്ട് നൽകിയിരുന്നില്ല. തുടർന്ന് ഓസ്ട്രേലിയ ഡിആർഎസിനു പോയാണു വിക്കറ്റ് നേടിയെടുത്തത്.
റീപ്ലേകളിൽ പന്ത് ബാറ്റിൽ ചെറുതായി ഉരസുന്നുണ്ടെന്നു വിലയിരുത്തിയ തേർഡ് അംപയർ ഔട്ട് നൽകുകയായിരുന്നു. എന്നാൽ ഒരുപാടു നേരം ദൃശ്യങ്ങൾ പരിശോധിക്കാൻ അംപയർ തയാറായതുമില്ല. രാഹുലിന്റെ ബാറ്റ് പാഡിൽ തട്ടുന്നതാകാം സ്നീക്കോ മീറ്ററിൽ തെളിഞ്ഞതെന്നാണു ആരാധകരുടെ വിമർശനം. സംശയത്തിന്റെ ആനുകൂല്യം രാഹുലിനു കിട്ടിയില്ലെന്നും ആരോപണമുയർന്നു.