പെർത്തിൽ ഓസീസ് ബോളർമാരെ ‘നിർത്തിപ്പൊരിച്ച്’ ജയ്‌സ്വാൾ (90*), രാഹുൽ (62*); ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 172 റൺസ്
Mail This Article
പെർത്ത് ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഐതിഹാസിക ബോളിങ് പ്രകടനത്തിനു പിന്നാലെ ബാറ്റിങ് കരുത്തുകൂടി സന്നിവേശിപ്പിച്ച് ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 104 റൺസിന് പുറത്താക്കി 46 റൺസിന്റെ നിർണായക ലീഡ് നേടിയ ഇന്ത്യ, രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 57 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 172 റൺസ് എന്ന നിലയിലാണ്. സെഞ്ചറി ലക്ഷ്യമാക്കി കുതിക്കുന്ന ഓപ്പണർ യശസ്വി ജയ്‌സ്വാളും (90), കെ.എൽ. രാഹുലും (62) ക്രീസിൽ. ഇന്ത്യയ്ക്ക് ഇപ്പോൾ ആകെ 218 റൺസിന്റെ ലീഡുണ്ട്.
ഓസീസ് നായകൻ പാറ്റ് കമിൻസ് ഏഴു ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാനായില്ല. 123 പന്തിൽ അഞ്ച് ഫോറുകളോടെയാണ് ജയ്‌സ്വാൾ ടെസ്റ്റിലെ 9–ാം അർധസെഞ്ചറി പൂർത്തിയാക്കിയത്. ഇതുവരെ 193 പന്തുകൾ നേരിട്ട ജയ്‌സ്വാൾ, ഏഴു ഫോറും രണ്ടു സിക്സും സഹിതമാണ് 90 റൺസെടുത്തത്. ഈ വർഷം ടെസ്റ്റിൽ 34–ാം സിക്സർ നേടിയ ജയ്‌സ്വാൾ, ഒരു കലണ്ടർ വർഷം കൂടുതൽ സിക്സർ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തം പേരിലാക്കി. ഇതുവരെ 153 പന്തുകൾ നേരിട്ട രാഹുൽ, നാലു ഫോറുകൾ സഹിതമാണ് 62 റൺസെടുത്തത്.
രണ്ടു പതിറ്റാണ്ടിനിടെ ഓസീസ് മണ്ണിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2004ൽ സിഡ്നിയിൽ വീരേന്ദർ സേവാഗും ആകാശ് ചോപ്രയും ചേർന്നു നേടിയ 123 റൺസിന്റെ കൂട്ടുകെട്ടാണ് പിന്നിലായത്. 1986ൽ സുനിൽ ഗാവസ്കറും കെ.ശ്രീകാന്തും ചേർന്ന് സിഡ്നിയിൽ നേടിയ 191 റൺസാണ് ഓസീസ് മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ഈ റെക്കോർഡ് മറികടക്കാനും ഇവർക്ക് അവസരമുണ്ട്.
∙ ‘കിളി പറന്ന്’ ഓസീസ്
നേരത്തേ, ഒന്നാം ദിനം ഏഴിന് 67 റൺസ് എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച ഓസ്ട്രേലിയയ്ക്ക് ഇന്ന് 37 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. 51.2 ഓവറിൽ ഓസീസ് 104 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 46 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് ഓസീസിനെ തകർത്തത്. ബുമ്രയുടെ കരിയറിലെ 11–ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.
ഒൻപതാമനായി ഇറങ്ങി 112 പന്തിൽ രണ്ടു ഫോറുകൾ സഹിതം 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസീസിന്റെ ടോപ് സ്കോറർ. അവസാന വിക്കറ്റിൽ ജോഷ് ഹെയ്‌സൽവുഡിനെ കൂട്ടുപിടിച്ച് 25 റൺസ് കൂട്ടിച്ചേർത്ത സ്റ്റാർക്കാണ് ഓസീസിനെ 100 കടത്തിയത്. ഹെയ്സൽവുഡ് 31 പന്തിൽ ഒരു ഫോർ സഹിതം 7 റൺസുമായി പുറത്താകാതെ നിന്നു. അലക്സ് ക്യാരി 31 പന്തിൽ മൂന്നു ഫോറുകളോടെ 21 റൺസെടുത്തു.
ഏഴിന് 67 റൺസുമായി ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നിരയിൽ അലക്സ് ക്യാരിയാണ് ആദ്യം പുറത്തായത്. ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ചാണ് ക്യാരിയുടെ മടക്കം. 16 പന്തിൽ അഞ്ച് റൺസെടുത്ത നേഥൻ ലയോണിന്റെ ഊഴമായിരുന്നു അടുത്തത്. സ്ലിപ്പിൽ രാഹുലിന് ക്യാച്ച് സമ്മാനിച്ച് മടക്കം. അവസാന വിക്കറ്റിൽ 49 പന്തുകൾ പ്രതിരോധിച്ചുനിന്ന സ്റ്റാർക്ക് – ഹെയ്സൽവുഡ് സഖ്യം ഓസീസിനെ 104ൽ എത്തിച്ചു. ഒടുവിൽ ഹർഷിത് റാണയാണ് സ്റ്റാർക്കിനെ പുറത്താക്കിയത്.
ഇന്നിങ്സിലാകെ 18 ഓവർ ബോൾ ചെയ്ത ബുമ്ര ആറ് മെയ്ഡൻ സഹിതം 30 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഹർഷിത് റാണ 15.2 ഓവറിൽ മൂന്ന് മെയ്ഡൻ സഹിതം 48 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജിന് രണ്ടു വിക്കറ്റ് ലഭിച്ചു. ഓസീസ് നിരയിൽ അലക്സ് ക്യാരി, മിച്ചൽ സ്റ്റാർക്ക് എന്നിവർക്കു പുറമേ രണ്ടക്കം കണ്ടത് ഓപ്പണർ നേഥൻ മക്സ്വീനി (13 പന്തിൽ 10), ട്രാവിസ് ഹെഡ് (13 പന്തിൽ 11) എന്നിവർ മാത്രം. ഓപ്പണർ ഉസ്‌മാൻ ഖവാജ (19 പന്തിൽ എട്ട്), മാർനസ് ലബുഷെയ്ൻ (52 പന്തിൽ രണ്ട്), സ്റ്റീവ് സ്മിത്ത് (0), മിച്ചൽ മാർഷ് (19 പന്തിൽ ആറ്), പാറ്റ് കമിൻസ് (അഞ്ച് പന്തിൽ മൂന്ന്) എന്നിവർ മാത്രം.
∙ ആദ്യ ദിനം വീണത് 17 വിക്കറ്റുകൾ
നേരത്തെ, ഉയർത്തിപ്പിടിച്ച സീമിൽ പൊടിക്ക് സ്വിങ്ങും ആവശ്യത്തിലധികം പേസും മേമ്പൊടിയായി എക്സ്ട്രാ ബൗൺസും ചാലിച്ച്, പച്ച വിരിച്ച പെർത്തിലെ പിച്ച് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പേസർമാർ ഉഴുതുമറിച്ചപ്പോൾ ബോർഡർ– ഗാവസ്കർ ട്രോഫിയുടെ ഒന്നാം ദിനം വീണത് 17 വിക്കറ്റുകൾ ! 17ഉം വീഴ്ത്തിയത് പേസർമാർ തന്നെ. ഇരുടീമിലെയും പേസർമാരുടെ സമ്പൂർണ ആധിപത്യം കണ്ട ദിവസം രണ്ടക്ക സ്കോർ നേടാൻ സാധിച്ചത് 7 ബാറ്റർമാർക്കു മാത്രം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 4 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്, മിച്ചൽ മാർഷ്, പാറ്റ് കമിൻസ് എന്നിവരും ചേർന്ന് 150 റൺസിൽ പുറത്താക്കി.
ഓപ്പണർ യശസ്വി ജയ്സ്വാളിനെ (0) മൂന്നാം ഓവറിലെ ആദ്യ പന്തിൽ നേഥൻ മക്സ്വീനിയുടെ കൈകളിൽ എത്തിച്ച മിച്ചൽ സ്റ്റാർക് ആദ്യ മിനിറ്റിൽ തന്നെ പിച്ചിന്റെ സ്വഭാവം കാട്ടിത്തന്നു. പിന്നീടങ്ങോട്ട് ഓസീസ് പേസർമാർക്കു മുന്നിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യൻ ബാറ്റർമാർ നിസ്സഹായരായി മടങ്ങി. 23 പന്ത് നേരിട്ടിട്ടും റണ്ണൊന്നും നേടാനാകാതെ പുറത്തായ ദേവ്ദത്ത് പടിക്കലിനു പിന്നാലെ 5 റൺസുമായി വിരാട് കോലിയും മടങ്ങി. ഇത്തവണയും കോലി വീണതു ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ.
നാലാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം (37) പ്രതിരോധം തീർത്ത കെ.എൽ.രാഹുലിന്റെ (26) വിവാദ പുറത്താകൽ കൂടിയായപ്പോൾ ഇന്ത്യ 4ന് 47 എന്ന നിലയിലായി. പിന്നാലെ ധ്രുവ് ജുറേലും (11) വാഷിങ്ടൻ സുന്ദറും (4) വീണതോടെ സ്കോർ 6ന് 73. ഏഴാം വിക്കറ്റിൽ അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം (41) ഋഷഭ് പന്ത് നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യൻ ടോട്ടൽ 100 കടത്തിയത്. 41 റൺസ് നേടിയ നിതീഷാണ് ഇന്ത്യയുടെ ടോപ് സ്കോറർ.