ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ചാംപ്യൻസ് ട്രോഫി കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ല. ടീമിന് പാക്കിസ്ഥാനിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ബിസിസിഐ തന്നെ അറിയിച്ചിട്ടുണ്ടെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ നിലപാട്. ഇന്ത്യൻ ടീമിന്റെ സുരക്ഷയ്ക്കാണു പ്രാധാന്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ നല്‍കാൻ വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല.

അടുത്ത വര്‍ഷം ഫെബ്രുവരിയിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കു വേണ്ടി പാക്കിസ്ഥാനിലേക്കു പോകില്ലെന്നാണു തുടക്കം മുതൽ ബിസിസിഐ സ്വീകരിച്ച നിലപാട്. ഏഷ്യാ കപ്പിലേതുപോലെ ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും വേദിയിലേക്കു മാറ്റണമെന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ മത്സരങ്ങളെല്ലാം പാക്കിസ്ഥാനിൽ തന്നെ വേണമെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് കടുംപിടിത്തം തുടർന്നതോടെ ഇക്കാര്യത്തിൽ തീരുമാനം നീണ്ടു.

ടൂർണമെന്റിലെ എല്ലാ കളികളും പാക്കിസ്ഥാനിൽ തന്നെ നടത്തണമെന്നാണ് പാക്ക് സർക്കാരിന്റെ നിലപാട്. അതേസമയം ചാംപ്യൻസ് ട്രോഫി വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഐസിസി വെള്ളിയാഴ്ച നിർണായക യോഗം ചേരുന്നുണ്ട്. ടൂർണമെന്റ് നടത്തിപ്പിനായി രണ്ടു പ്ലാനുകളാണ് ഐസിസി പാനലിനു മുൻപില്‍ വയ്ക്കുക.

ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും സെമിയും ഫൈനലും പാക്കിസ്ഥാനു പുറത്ത് ‘ന്യൂട്രൽ’ വേദിയിൽ നടത്തുകയെന്നതാണ് ആദ്യത്തെ വഴി. അങ്ങനെ വന്നാൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിക്കും. ഈ സാധ്യത അംഗീകരിക്കപ്പെട്ടാൽ മത്സരങ്ങൾ യുഎഇയിൽ നടത്താനാണു സാധ്യത. മറ്റു ടീമുകൾക്കും യുഎഇയിൽ കളിക്കാനെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ല. ഇന്ത്യ നോക്കൗട്ടിൽ കടന്നില്ലെങ്കിൽ സെമി ഫൈനലും ഫൈനലുകളും പാക്കിസ്ഥാനിൽ തന്നെ നടത്തുകയെന്നതാണു മറ്റൊരു വഴി.

English Summary:

Unlikely Team Will Go To Pakistan: India's Blow To Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com