ചാംപ്യൻസ് ട്രോഫി സെമിയും ഫൈനലും പാക്കിസ്ഥാനിൽ നടത്തണോ? നിർണായക തീരുമാനമെടുക്കാന്‍ ഐസിസി
Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വെള്ളിയാഴ്ച യോഗം ചേരും. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കേണ്ട ചാംപ്യൻസ് ട്രോഫി മത്സരങ്ങളുടെ വേദി, തീയതി എന്നിവ സംബന്ധിച്ച തീരുമാനങ്ങളെടുക്കാനാണു ഓൺലൈനായി യോഗം ചേരുന്നത്. പാക്കിസ്ഥാനിലേക്കു പോകില്ലെന്നു ബിസിസിഐയും മത്സരങ്ങള്‍ പുറത്തേക്കു മാറ്റില്ലെന്ന് പിസിബിയും പറയുമ്പോൾ ഇന്നത്തെ യോഗത്തിലെ തീരുമാനങ്ങൾ നിർണായകമാകും.
ടൂർണമെന്റ് നടത്തിപ്പിനായി രണ്ടു പ്ലാനുകളാണ് ഐസിസി പാനലിനു മുൻപില്‍ വയ്ക്കുക. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും സെമിയും ഫൈനലും പാക്കിസ്ഥാനു പുറത്ത് ‘ന്യൂട്രൽ’ വേദിയിൽ നടത്തുകയെന്നതാണ് ആദ്യത്തെ വഴി. അങ്ങനെ വന്നാൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിക്കും. ഈ സാധ്യത അംഗീകരിക്കപ്പെട്ടാൽ മത്സരങ്ങൾ യുഎഇയിൽ നടത്താനാണു സാധ്യത. മറ്റു ടീമുകൾക്കും യുഎഇയിൽ കളിക്കാനെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ല.
ഇന്ത്യ നോക്കൗട്ടിൽ കടന്നില്ലെങ്കിൽ സെമി ഫൈനലും ഫൈനലുകളും പാക്കിസ്ഥാനിൽ തന്നെ നടത്തുകയെന്നതാണു മറ്റൊരു വഴിയുള്ളത്. അന്തിമ തീരുമാനത്തിനായി വോട്ടെടുപ്പു നടന്ന ശേഷമായിരിക്കും ആതിഥേയരായ പാക്കിസ്ഥാൻ നിലപാടു പ്രഖ്യാപിക്കുക. ഫെബ്രുവരി 19 മുതൽ മാർച്ച് ഒന്‍പതു വരെയായിരിക്കും ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.