ലേലത്തിൽ അൺസോൾഡ്, സഞ്ജു വീണിടത്ത് കേരളത്തെ രക്ഷിച്ച് സൽമാന്‍-രോഹൻ സഖ്യം; ‘തല്ലുവാങ്ങി’ ഷാർദൂൽ
Mail This Article
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി കേരളത്തിന്റെ സല്‍മാൻ നിസാറും രോഹൻ കുന്നുമ്മലും. ക്യാപ്റ്റൻ സഞ്ജു സാംസണെ ആദ്യ ഓവറിൽ തന്നെ നഷ്ടമായ കേരളത്തെ 234 റൺസെന്ന വമ്പൻ സ്കോറിലെത്തിച്ചത് സൽമാൻ നിസാറിന്റെയും രോഹൻ കുന്നുമ്മലിന്റെയും ബാറ്റിങ്ങായിരുന്നു. 49 പന്തുകൾ നേരിട്ട സൽമാൻ നിസാർ 99 റൺസുമായി പുറത്താകാതെനിന്നു.
രോഹൻ 48 പന്തുകളിൽ 87 റൺസെടുത്തു. ഇരുവരും ചേർന്ന് 131 റൺസ് കൂട്ടുകെട്ടാണ് കേരളത്തിനായി കെട്ടിപ്പടുത്തത്. സൽമാന്‍ നിസാർ എട്ടു സിക്സുകളും അഞ്ച് ഫോറുകളും ബൗണ്ടറി കടത്തി. ഏഴു സിക്സുകളും അഞ്ച് ഫോറുകളുമാണ് രോഹൻ ഹൈദരാബാദിൽ മുംബൈയ്ക്കെതിരെ അടിച്ചുകൂട്ടിയത്. ഐപിഎൽ താരലേലത്തിൽ സൽമാൻ നിസാറിനെയും രോഹൻ കുന്നുമ്മലിനെയും വാങ്ങാൻ ആരും തയാറായിരുന്നില്ല.
മുംബൈയ്ക്കു വേണ്ടി ഷാർദൂൽ ഠാക്കൂർ എറിഞ്ഞ അവസാന ഓവറിൽ മൂന്നു സിക്സുകളും ഒരു ഫോറുമാണ് സൽമാൻ നിസാർ പായിച്ചത്. അർഹമായ സെഞ്ചറി നഷ്ടമായെങ്കിലും കേരളത്തിന്റെ ഇന്നിങ്സിൽ നട്ടെല്ലായ സർമാന്‍, കളിയിലെ താരമായി. മത്സരത്തിനിടെ മുംബൈയുടെ റോയ്സ്റ്റൻ ദാസിന്റെ പന്തിടിച്ച് താരത്തിനു പരുക്കേറ്റെങ്കിലും സൽമാന്‍ നിസാർ ബാറ്റിങ് തുടരുകയായിരുന്നു.
മത്സരത്തിൽ കേരളം തകർത്തടിച്ചപ്പോള്‍ മുൻ ഇന്ത്യന്‍ താരം ഷാർദൂൽ ഠാക്കൂറാണ് കൂടുതൽ ‘അടി’ വാങ്ങിയത്. നാലോവറുകൾ പന്തെറിഞ്ഞ ഷാർദൂൽ 69 റൺസ് ആകെ വഴങ്ങി. ആദ്യ ഓവറിൽ സഞ്ജു സാംസണെ പുറത്താക്കിയതു മാത്രമാണ് മത്സരത്തിൽ ഷാർദൂൽ ഠാക്കൂറിന് ആശ്വസിക്കാനുള്ളത്. മെഗാലേലത്തിൽ ഷാർദൂൽ ഠാക്കൂറിനെയും ആരും വാങ്ങിയിരുന്നില്ല.
മത്സരത്തിൽ 43 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റു നഷ്ടത്തിൽ 234 റൺസെടുത്തു. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണു നേടാനായത്.