‘ട്വന്റി20 ടീമുകളെ മാത്രം പരിശീലിപ്പിച്ചിട്ടുള്ള ഗംഭീർ നയം മാറ്റണം; ബുമ്രയ്ക്ക് ഒറ്റയ്ക്ക് കളി ജയിപ്പിക്കാനാകില്ല’
Mail This Article
മൂന്നാം ടെസ്റ്റിന് ഒരുങ്ങുമ്പോൾ പരമ്പര 1-1 എന്ന നിലയിലാണെന്ന ആശങ്ക ഇന്ത്യൻ ടീമിനു വേണ്ടെന്നാണ് എന്റെ അഭിപ്രായം. എന്നാൽ, വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷ സമ്മർദമുണ്ടാക്കുന്ന ഒന്നാണ്. ആ സമ്മർദ ഭാരം ഒഴിവാക്കി, ഈ പരമ്പരയിലെ മികച്ച പ്രകടനത്തിന് ശ്രമിക്കുകയാണ് ഇന്ത്യൻ ടീം ഇപ്പോൾ ചെയ്യേണ്ടത്. ന്യൂസീലൻഡുമായുള്ള കനത്ത പരാജയത്തോടെ തന്നെ ഇന്ത്യയുടെ ഫൈനൽ സാധ്യത മങ്ങിക്കഴിഞ്ഞിരുന്നു.
മൂന്നാം മത്സരത്തിൽ ഹർഷിത് റാണ മാറ്റിനിർത്തപ്പെടാനാണ് സാധ്യത. ആകാശ് ദീപിനോ പ്രസിദ്ധ് കൃഷ്ണയ്ക്കോ അവസരം ലഭിക്കും. എന്നാൽ ബാറ്റർമാരെ മാറ്റിപ്പരീക്ഷിക്കാൻ സാധ്യതയില്ല. നിലവിലുള്ളവർ മെച്ചപ്പെട്ട പ്ലാനിങ്ങിലൂടെ പ്രകടന നിലവാരം ഉയർത്തുകയേ നിവൃത്തിയുള്ളൂ. രോഹിത് ശർമ ഓപ്പണറായിത്തന്നെ ഇറങ്ങുകയാണ് ഉചിതം. ഋഷഭ് പന്തിന്റെ ബാറ്റിങ് പ്രയോജനപ്പെടുന്നുണ്ടെങ്കിലും വിക്കറ്റ് കീപ്പിങ്ങിലെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ട്.
കഴിഞ്ഞ മത്സരത്തിൽ മീഡിയം പേസർമാരുടെ ഒരുക്കക്കുറവ് പ്രകടമായിരുന്നു. കൃത്യമായ ലെങ്ത് നിർണയിക്കുന്നതിലും ഓരോ ബാറ്റർക്കുമെതിരെ വ്യത്യസ്ത തന്ത്രങ്ങൾ സ്വീകരിക്കുന്നതിലും മീഡിയം പേസർമാർ ശോഭിച്ചില്ല. ബുമ്രയെ മാത്രം ആശ്രയിച്ചു മത്സരം വിജയിക്കുക എളുപ്പമല്ല. പരിശീലകനായ ഗൗതം ഗംഭീറും സമീപനത്തിൽ കാര്യമായ മാറ്റങ്ങൾ സ്വീകരിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം. ട്വന്റി20 ടീമുകളെ മാത്രം പരിശീലിപ്പിച്ചു പരിചയമുള്ള ഗംഭീർ ടെസ്റ്റിൽ സ്വീകരിക്കുന്ന അമിതാക്രമണ സമീപനം മാറ്റാനും സമയമായിരിക്കുന്നു.