ഒരു മാസം മുൻപ് തളർന്നുവീണു, സച്ചിനെതിരെ പരസ്യപ്രതികരണം നടത്തിയത് കടുത്ത നിരാശ ബാധിച്ചതോടെ: കാംബ്ലി
Mail This Article
മുംബൈ∙ കടുത്ത നിരാശയിലേക്കു വഴുതി മടുപ്പു ബാധിച്ചതോടെയാണ് ബാല്യകാല സുഹൃത്തായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ െതൻഡുൽക്കർ സഹായിക്കുന്നില്ലെന്ന് പരസ്യമായി പറഞ്ഞ സാഹചര്യമുണ്ടായതെന്നു വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. സത്യത്തിൽ സച്ചിനാണ് തന്നെ സഹായിച്ചത്. 2009ൽ എല്ലാ പ്രശ്നങ്ങളും സംസാരിച്ചു പരിഹരിച്ചിരുന്നു. 2013ൽ ഹൃദയാഘാതമുണ്ടായ സമയത്ത് സച്ചിനാണ് സാമ്പത്തികമായി സഹായിച്ചതെന്നും ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ കാംബ്ലി വെളിപ്പെടുത്തി. ആരോഗ്യപരമായ കാരണങ്ങളാൽ ഒരു മാസം മുൻപ് തളർന്നുവീണ കാര്യവും കാംബ്ലി വെളിപ്പെടുത്തി.
‘‘ഇപ്പോൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഭാര്യയാണ് ഇപ്പോൾ പൂർണമായ മേൽനോട്ടം. ആരോഗ്യം വീണ്ടെടുക്കണമെന്ന് പറഞ്ഞ് മൂന്ന് ആശുപത്രികളിലാണ് ഭാര്യ എന്നെ കൊണ്ടുപോയത്. ഇതിനിടെ അജയ് ജഡേജ എന്നെ കാണാൻ വന്നിരുന്നു. അത് സന്തോഷകരമായ അനുഭവമായിരുന്നു. മൂത്രാശയ സംബന്ധമായ പ്രശ്നം കുറച്ചുനാളായി അലട്ടിയിരുന്നു. ഭാര്യയും മകൻ ജീസസ് ക്രിസ്റ്റ്യാനോയും 10 വയസുകാരിയായ മകളുമാണ് ഈ ഘട്ടത്തിൽ എന്നെ സഹായിച്ചത്. ഒരു മാസം മുൻപായിരുന്നു ഇത്. നിന്ന നിൽപ്പിൽ തലകറങ്ങി വീണു. ആശുപത്രിയിൽ അഡ്മിറ്റാകണമെന്ന് നിർദ്ദേശിച്ചത് ഡോക്ടറാണ്.
സച്ചിൻ തെൻഡുൽക്കറുമായുള്ള ബന്ധത്തെക്കുറിച്ചും അഭിമുഖത്തിൽ കാംബ്ലി തുറന്നു പറഞ്ഞു. ബാല്യകാല സുഹൃത്തായ സച്ചിനുമായി ഇടക്കാലത്ത് കാംബ്ലി അകന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിൻ തന്നെ സഹായിക്കുന്നില്ലെന്നു പോലും ഇടയ്ക്ക് ആരോപണമുയർത്തി. 2009ലാണ് പിന്നീട് ഇരുവരും ഒരുമിക്കുന്നത്. 2013ൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ സമയത്ത് കാംബ്ലിക്ക് സഹായവുമായി സച്ചിൻ രംഗത്തെത്തിയിരുന്നു. നിരാശ മൂലമാണ് ഇടക്കാലത്ത് സച്ചിനെതിരെ തിരിഞ്ഞതെന്ന് കാംബ്ലി വെളിപ്പെടുത്തി.
‘‘അന്ന് എനിക്ക് വല്ലാത്ത നോവ് അനുഭവപ്പെട്ടു. കടുത്ത നിരാശ ബാധിച്ചതോടെയാണ് സച്ചിൻ സഹായിച്ചില്ലെന്ന് പരസ്യമായി പറഞ്ഞത്. 2009ൽ ഞങ്ങൾ പരസ്പരം സംസാരിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിരുന്നു. അന്ന് ഞാനാണ് ആദ്യം സച്ചിന് മെസേജ് അയച്ചത്. അങ്ങനെ വീണ്ടും ഒന്നിച്ചു’ – കാംബ്ലി പറഞ്ഞു.
‘‘രണ്ട് തവണ ഹൃദയാഘാതത്തെ അതിജീവിച്ചവർ എത്ര പേരുണ്ടാകും? പറയൂ. എന്തായാലും ഞാനുണ്ട്. ഒരിക്കൽ ഡ്രൈവ് ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഡ്രൈവിങ്ങിനിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഞാൻ തളർന്നുവീണു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ എന്റെ ഭാര്യ വല്ലാതെ ഭയന്നിരുന്നു. കണ്ണീരോടെയാണെങ്കിലും കടുത്ത വെല്ലുവിളികൾ നിറഞ്ഞ ആ സന്ദർഭം അവൾ നന്നായിത്തന്നെ കൈകാര്യം ചെയ്തു. സർജറികളുടെ സമയത്ത് സച്ചിനും സാമ്പത്തികമായി സഹായിച്ചു.’ – കാംബ്ലി വിശദീകരിച്ചു.