ബോർഡർ - ഗാവസ്കർ ട്രോഫി: ഓസ്ട്രേലിയയിൽ ടീമിനൊപ്പമുള്ള മൂന്നു ബോളർമാരെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നു
Mail This Article
ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമുള്ള മൂന്നു ബോളർമാരെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഇന്ത്യൻ ടീമിലെ ബോളിങ് സംഘത്തിൽ ഉൾപ്പെട്ട യഷ് ദയാൽ, മുകേഷ് കുമാർ, നവ്ദീപ് സെയ്നി എന്നിവരെയാണ് ഉടൻ നാട്ടിലേക്ക് തിരിച്ചയയ്ക്കുക. ഇന്ത്യൻ ബാറ്റർമാരെ പരിശീലനത്തിൽ സഹായിക്കാനായി ടീമിനൊപ്പം നിർത്തിയിരുന്ന ഇവരെ, വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്നതിനായാണ് തിരിച്ചയയ്‌ക്കുന്നത്. ഈ മാസം 21നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുക.
ബോർഡർ – ഗാവസ്കർ ട്രോഫിക്കു മുന്നോടിയായി ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീമിൽ അംഗങ്ങളായിരുന്നു ഇവർ. ഓസീസ് പര്യടനത്തിൽ ഇന്ത്യൻ ബാറ്റർമാരെ പരിശീലനത്തിൽ സഹായിക്കുന്നതിനായി ട്രാവൽ റിസർവുകളായാണ് ഇവരെ ടീമിനൊപ്പം നിലനിർത്തിയിരുന്നത്.
ട്രാവൽ റിസർവ് സംഘത്തിൽ അംഗമല്ലാതിരുന്ന യഷ് ദയാലിനെ, ഇടംകയ്യൻ പേസ് ബോളർ ഖലീൽ അഹമ്മദിന് പരുക്കേറ്റതോടെയാണ് പകരക്കാരനായി ഉൾപ്പെടുത്തിയത്. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം യഷ് ദയാൽ ഇന്ത്യയിലേക്കു മടങ്ങിയതായാണ് വിവരം. ഉത്തർപ്രദേശിനായി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ താരം ഒരുക്കം തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.
വിജയ് ഹസാരെ ട്രോഫിക്കായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20 അംഗ ബംഗാൾ ടീമിൽ മുകേഷ് കുമാറിനെയും ഉൾപ്പെടുത്തിയിരുന്നു. ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ കളിപ്പിച്ചേക്കുമെന്ന് സൂചനയുള്ള മുഹമ്മദ് ഷമിയും ബംഗാൾ ടീമിലുണ്ട്. ഓസ്ട്രേലിയ എയ്‌ക്കെതിരെയാ ഒന്നാം അനൗദ്യോഗിക ടെസ്റ്റിൽ കളിച്ച നവ്ദീപ് സെയ്നിക്ക് വിക്കറ്റൊന്നും നേടാനായിരുന്നില്ല. തുടർന്ന് നെറ്റ്സിൽ ബാറ്റർമാരെ സഹായിക്കുന്നതിനായി സെയ്നിയെ സീനിയർ ടീമിനൊപ്പം ചേർക്കുകയായിരുന്നു.