ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ െസഞ്ചറിയുമായി ഇന്ത്യയുടെ രക്ഷകനായതിനു പിന്നാലെ, മകന്റെ ഐതിഹാസിക നേട്ടത്തിൽ സന്തോഷിച്ച് യുവതാരം നിതീഷ് റെഡ്ഡിയുടെ മാതാപിതാക്കൾ. മെൽബൺ ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ ഇന്നിങ്സിനു പിന്നാലെ, മാതാപിതാക്കളും മകനും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. റൂമിൽനിന്ന് നിതീഷ് റെഡ്ഡി സന്തോഷത്തോടെ പുറത്തുവരുന്നതും, കണ്ണീരണിഞ്ഞുനിൽക്കുന്ന മാതാപിതാക്കളെ ആശ്ലേഷിക്കുന്നതും വിഡിയോയിൽ കാണാം.

ഇതിനു പിന്നാലെ, നിതീഷിന്റെ മാതാപിതാക്കൾ ഇന്ത്യയുടെ ഇതിഹാസ താരവും നിലവിൽ കമന്റേറ്ററുമായ സുനിൽ ഗാവസ്കറുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനടുത്തുവച്ചാണ്, ഇരുവരും ഗാവസ്കറിനെ കണ്ടത്.

താരത്തെ കണ്ടയുടൻ ഇരുവരും കൈകൂപ്പി അദ്ദേഹത്തിനു മുന്നിൽ നിൽക്കുന്നതും, തുടർന്ന് കാലിൽ തൊട്ടു വന്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കാലിൽ വീഴാനൊരുങ്ങുന്ന നിതീഷിന്റെ പിതാവ് മുത്യാല റെഡ്ഡിയെ ഗാവസ്കർ തടയാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം നിർബന്ധപൂർവം മുട്ടുകുത്തി കാലിൽ ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് മുട്ടുകുത്തിനിന്ന് ഗാവസ്കറിന്റെ കയ്യിൽ പിടിച്ച് നന്ദി പറയുന്നുമുണ്ട്.

‘‘നിതീഷിന്റെ കരിയറിനായി താങ്കൾ സഹിച്ച ത്യാഗങ്ങൾ എനിക്കറിയാം. അതേക്കുറിച്ച് ഓർക്കുമ്പോൾ എന്റെ കണ്ണുനിറയുന്നുണ്ട്. താങ്കളുടെ ത്യാഗങ്ങൽ നിമിത്തം ഇന്ത്യയ്ക്ക് ക്രിക്കറ്റിൽ ഒരു അമൂല്യ താരത്തെ ലഭിച്ചിരിക്കുന്നു’ – വിഡിയോയിൽ ഗാവസ്കറിന്റെ വാക്കുകൾ. മത്സരത്തിൽ നിതീഷ് റെഡ്ഡിയുടെ ഇന്നിങ്സ് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രിയും വ്യക്തമാക്കിയിരുന്നു.

നേരത്തേ, സീനിയർ താരങ്ങൾ ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ കീഴടങ്ങിയ പിച്ചിൽ തന്റെ കന്നി ടെസ്റ്റ് പരമ്പര കളിക്കുന്ന നിതീഷ് റെഡ്ഡിയെന്ന ഇരുപത്തിയൊന്നുകാരൻ നെഞ്ചുവിരിച്ചു നിന്നതോടെയാണ്, ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഫോളോഓൺ നാണക്കേട് ഒഴിവാക്കിയത്. കരിയറിലെ നാലാം ടെസ്റ്റ് മാത്രം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡിയുടെ സെഞ്ചറിക്കരുത്തിൽ (114) പൊരുതിയ ഇന്ത്യ, ഒന്നാം ഇന്നിങ്സിൽ 369 റൺസാണെടുത്തത്.

English Summary:

Nitish Kumar Reddy's Father Touches Sunil Gavaskar's Feet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com