ക്യാപ്റ്റനെ തന്നെ പുറത്തിരുത്തി, എന്നിട്ടും രക്ഷയില്ല, ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185ന് ഓൾഔട്ട്
Mail This Article
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിൽ ടോസ് വിജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 185 റൺസിന് ഓൾഔട്ടായി. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ മൂന്നോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. 10 പന്തിൽ രണ്ടു റൺസെടുത്ത ഉസ്മാൻ ഖവാജയാണു പുറത്തായത്. 98 പന്തിൽ 40 റൺസെടുത്തു പുറത്തായ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ (95 പന്തിൽ 26), ജസ്പ്രീത് ബുമ്ര (17 പന്തിൽ 22), ശുഭ്മൻ ഗിൽ (64 പന്തിൽ 20), വിരാട് കോലി (69 പന്തിൽ 17) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.
സ്കോർ 11ൽ നിൽക്കെ രാഹുലിനെ സ്റ്റാർക്കിന്റെ പന്തിൽ സാം കോൺസ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്കോട്ട് ബോളണ്ടാണ് ജയ്സ്വാളിനെ ഔട്ടാക്കിയത്. സ്പിന്നർ നേഥൻ ലയണിന്റെ പന്തിൽ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്തു ഗില്ലും മടങ്ങി. 17 റൺസെടുത്ത കോലിയെ സ്കോട്ട് ബോളണ്ട് ബ്യൂ വെബ്സ്റ്ററുടെ കൈകളിലെത്തിച്ചു.
ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് ഇന്ത്യൻ സ്കോര്‍ 100 കടക്കാൻ സഹായിച്ചത്. സ്കോട്ട് ബോളണ്ട് എറിഞ്ഞ 57–ാം ഓവറിലെ നാലാം പന്തിൽ പാറ്റ് കമിൻസ് ക്യാച്ചെടുത്തു ഋഷഭിനെ പുറത്താക്കി. തൊട്ടടുത്ത പന്തിൽ നിതീഷ് കുമാർ റെഡ്ഡി ഗോൾഡൻ ഡക്കായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ജഡേജ സ്റ്റാർക്കിന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി.
14 റൺസെടുത്ത വാഷിങ്ടൻ സുന്ദറിനെ പാറ്റ് കമിൻസും പ്രസിദ്ധ് കൃഷ്ണയെ മിച്ചൽ സ്റ്റാർക്കും പുറത്താക്കി. വാലറ്റത്ത് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും (16 പന്തിൽ മൂന്ന്) കുറച്ചെങ്കിലും പ്രതിരോധിച്ചതോടെയാണ് സ്കോർ 185 ൽ എത്തിയത്.
ക്യാപ്റ്റൻ രോഹിത് ശർമയില്ലാതെയാണ് ഇന്ത്യ അവസാന ടെസ്റ്റ് കളിക്കുന്നത്. തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെടുന്ന രോഹിത് പ്ലേയിങ് ഇലവനിൽനിന്ന് സ്വയം മാറിനിൽക്കാൻ തീരുമാനിച്ചതോടെ, ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. ടീമിന്റെ ഐക്യമാണ് ഇതു കാണിക്കുന്നതെന്ന് ബുമ്ര ടോസിന്റെ സമയത്തു പ്രതികരിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി പേസർ സ്കോട്ട് ബോളണ്ട് നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.