ഉഴപ്പിക്കളിച്ചാൽ മാറ്റിനിർത്തണം, ഐപിഎല്ലും ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള അന്തരം ടീം ഇന്ത്യയെ പഠിപ്പിച്ചു
Mail This Article
ബോർഡർ– ഗാവസ്കർ ട്രോഫിയിലെ അവസാന മത്സരമായ സിഡ്നി ടെസ്റ്റ് എല്ലാ അർഥത്തിലും ഇന്ത്യയ്ക്കും നിർണായകമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഒട്ടേറെ പൊളിച്ചെഴുത്തുകൾക്ക് ഈ മത്സരം വഴിവയ്ക്കും. ഐപിഎൽ ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള അന്തരം എത്രമാത്രം വലുതാണെന്ന് ഈ പരമ്പര ഇന്ത്യയെ പഠിപ്പിച്ചു.
സീനിയർ താരങ്ങൾ ഉൾപ്പെടെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കേണ്ട ആവശ്യകത ഈ പരമ്പര കാട്ടിത്തന്നു. ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം ഉയർത്താനും കളിക്കാരുടെ ഫോം നിലനിർത്താനും ഇതു സഹായിക്കും. കാലങ്ങളായി ഇന്ത്യൻ ടീമിന്റെ ശക്തിയായിരുന്ന സ്പിൻ ബോളിങ്ങിന് എന്തു സംഭവിച്ചു എന്നും പരിശോധിക്കേണ്ട സമയമാണ്.
ജസ്പ്രീത് ബുമ്ര ഉള്ളതുകൊണ്ടു മാത്രം ഇന്ത്യയുടെ ശക്തി പേസ് ബോളിങ്ങാണെന്ന് വ്യാഖ്യാനിക്കരുത്. എത്ര പ്രധാനപ്പെട്ട താരമാണെങ്കിലും അലസതയോടെയും അലംഭാവത്തോടെയുമാണ് കളിക്കുന്നതെങ്കിൽ ടീമിൽനിന്ന് മാറ്റിനിർത്തുക തന്നെ വേണം.