രണ്ടാം ട്വന്റി20യിൽ ഇന്ത്യയെ 40-6 എന്ന നിലയിലെത്തിക്കും; ആദ്യ മത്സരം ഭാഗ്യം കൊണ്ട് ജയിച്ചെന്ന് ആർച്ചര്‍

Mail This Article
ചെന്നൈ∙ കൊൽക്കത്തയിൽ നടന്ന ആദ്യ ട്വന്റി20യില്‍ ഇന്ത്യ ഭാഗ്യം കൊണ്ട് ജയിച്ചതാണെന്ന് ഇംഗ്ലിഷ് പേസ് ബോളർ ജോഫ്ര ആർച്ചർ. ഇന്ത്യ ഏഴു വിക്കറ്റിന്റെ വമ്പൻ വിജയം നേടിയെങ്കിലും ബോളിങ്ങിന് അനുകൂലമായ സാഹചര്യങ്ങൾ ഇന്ത്യയെ തുണച്ചതായും ആർച്ചര്‍ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ‘‘കൊൽക്കത്തയിൽ എനിക്കു നന്നായി പന്തെറിയാൻ സാധിച്ചു. ഇംഗ്ലണ്ടിന്റെ മറ്റു ബോളർമാരും മികച്ചു നിന്നു. പക്ഷേ ഇന്ത്യന്‍ ബാറ്റർമാരെ ഭാഗ്യം നന്നായി തുണച്ചു. അതുകൊണ്ടാണ് അവർ വിജയിച്ചത്.’’– ആര്‍ച്ചർ അവകാശപ്പെട്ടു.
‘‘ഇന്ത്യൻ ബാറ്റർമാർ ഉയർത്തിയടിച്ച പല പന്തുകളും ഇംഗ്ലണ്ട് ഫീൽഡർമാർക്കു പിടിച്ചെടുക്കാൻ സാധിച്ചില്ല. അവർക്കു ഭാഗ്യമുണ്ട്. അടുത്ത കളിയിൽ അതിൽ വിജയിച്ചാൽ, ഇന്ത്യയെ 40 റൺസിന് ആറ് എന്ന നിലയിലേക്കൊക്കെ എത്തിക്കാൻ സാധിക്കും.’’– ആർച്ചര്‍ അവകാശപ്പെട്ടു. ആദ്യ ട്വന്റി20യിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും സഞ്‍ജു സാംസണിനെയും പുറത്താക്കിയത് ജോഫ്ര ആർച്ചറായിരുന്നു.
നാലോവറുകൾ പന്തെറിഞ്ഞ ആർച്ചര്‍ 21 റൺസ് വഴങ്ങിയാണു രണ്ടു വിക്കറ്റുകൾ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 132 റൺസെടുത്തു പുറത്തായപ്പോൾ, ഇന്ത്യ 12.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 34 പന്തിൽ 79 റൺസെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ചെന്നൈയിൽ നടക്കും.