‘പറയിപ്പിച്ച’ ആഘോഷവും ഐസിസിയുടെ ശിക്ഷയും മാത്രം ബാക്കി; ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് കിവീസ്– വിഡിയോ

Mail This Article
കറാച്ചി∙ പാക്കിസ്ഥാൻ താരങ്ങളുടെ പരിധിവിട്ട ആഘോഷപ്രകടനങ്ങളും ഐസിസിയുടെ ശിക്ഷാനടപടികളും ചർച്ചയായ ത്രിരാഷ്ട്ര ടൂർണമെന്റിൽ, ഒടുവിൽ പാക്കിസ്ഥാനെത്തന്നെ തകർത്ത് ന്യൂസീലൻഡ് ചാംപ്യൻമാർ. ആവേശകരമായ കലാശപ്പോരിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ന്യൂസീലൻഡിന്റെ കിരീടനേട്ടം. കറാച്ചിയിലെ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 49.3 ഓവറിൽ 242 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് 28 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
അർധസെഞ്ചറി നേടിയ ഡാരിൽ മിച്ചൽ, ടോം ലാതം എന്നിവർ ചേർന്നാണ് കിവീസിന് തകർപ്പൻ വിജയം സമ്മാനിച്ചത്. മിച്ചൽ 58 പന്തിൽ ആറു ഫോറുകളോടെ 57 റൺസെടുത്തും ലാതം 64 പന്തിൽ അഞ്ച് ഫോറുകളോടെ 56 റൺസെടുത്തും പുറത്തായി. ഓപ്പണർ ഡിവോൺ കോൺവേ 74 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 48 റൺസും കെയ്ൻ വില്യംസൻ 49 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 34 റൺസുമെടുത്തു. 17 പന്തിൽ രണ്ടു ഫോറുകൾ സഹിതം 20 റൺസുമായി പുറത്താകാതെ നിന്ന ഗ്ലെൻ ഫിലിപ്സാണ് കിവീസിനെ വിജയത്തിലെത്തിച്ചത്.
സ്കോർബോർഡിൽ അഞ്ച് റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ വിൽ യങ്ങിനെ നഷ്ടമായ കിവീസിന്, രണ്ടാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത കോൺവേ – വില്യംസൻ സഖ്യമാണ് വിജയത്തിന് അടിത്തറയിട്ടത്. 16 ഓവർ ക്രീസിൽനിന്ന് ഇരുവരും അടിച്ചെടുത്തത് 71 റൺസ്. പിന്നീട് നാലാം വിക്കറ്റിൽ ടോം ലാതം – ഡാരിൽ മിച്ചൽ സഖ്യം മറ്റൊരു അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് ടീമിനെ വിജയത്തിലെത്തിച്ചു. 14.4 ഓവർ ക്രീസിൽ നിന്ന ഇരുവരും 87 റൺസ് അടിച്ചുകൂട്ടിയാണ് ന്യൂസീലൻഡിനെ വിജയത്തിന്റെ വക്കിലെത്തിച്ചത്. പാക്കിസ്ഥാനായി നസീം ഷാ രണ്ടും ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, സൽമാൻ ആഗ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, നാലു വിക്കറ്റെടുത്ത വില്യം ഒറൂർക്കിന്റെ നേതൃത്വത്തിലാണ് കിവീസ് പാക്കിസ്ഥാനെ 242 റൺസിൽ തളച്ചത്. മൈക്കൽ ബ്രേസ്‌വെൽ, ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
76 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ‌്‌വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. സൽമാൻ ആഗ (65 പന്തിൽ 45), തയ്യബ് താഹിർ (33 പന്തിൽ 38), ബാബർ അസം (34 പന്തിൽ 29), ഫഹീം അഷ്റഫ് (21 പന്തിൽ 22), നസീം ഷാ (17 പന്തിൽ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
∙ അനാവശ്യ വിവാദം, ഫൈനൽ തോൽവി
നേരത്തെ, ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തെംബ ബാവുമയെ ഗ്രൗണ്ടിൽവച്ച് അപമാനിച്ചതടക്കമുള്ള അച്ചടക്ക ലംഘനങ്ങളാണ് പാക്കിസ്ഥാൻ താരങ്ങളെ വിവാദത്തിൽ ചാടിച്ചത്. ഇതിന്റെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ ഐസിസി ശിക്ഷിച്ചിരുന്നു. റണ്ണൗട്ടായി മടങ്ങുകയായിരുന്ന ബാവുമയെ തടഞ്ഞുനിര്‍ത്തി വിക്കറ്റ് നേട്ടം ആഘോഷിച്ച പാക്ക് താരങ്ങളായ സൗദ് ഷക്കീൽ, കമ്രാൻ ഗുലാം എന്നിവര്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനമാണ് ഐസിസി പിഴ ചുമത്തിയത്. ദക്ഷിണാഫ്രിക്കൻ ബാറ്റർ മാത്യു ബ്രീറ്റ്സ്കിയോട് ഗ്രൗണ്ടില്‍വച്ച് തർക്കിക്കുകയും റണ്ണിനായി ഓടുമ്പോൾ വഴി മുടക്കുകയും ചെയ്തതിന് പേസർ ഷഹീൻ അഫ്രീദിക്ക് മാച്ച് ഫീയുടെ 25 ശതമാനവും പിഴ ചുമത്തി.
പാക്കിസ്ഥാന്‍ താരങ്ങൾ പിഴവുകൾ സമ്മതിച്ചതായി ഐസിസി അറിയിച്ചിരുന്നു. ഷഹീൻ അഫ്രീദി ഐസിസിയുടെ ആർട്ടിക്കിൾ 2.12 അച്ചടക്ക നിയമം ലംഘിച്ച് ‘അസാധാരണമായ രീതിയിൽ എതിർ ടീം താരത്തെ സ്പർശിച്ചതായി’ ഐസിസി കണ്ടെത്തി. ബാവുമയ്ക്കെതിരെ ‘പ്രകോപനപരമായ ഭാഷ, ആംഗ്യങ്ങൾ’ എന്നിവ പ്രകടിപ്പിച്ചതിനാണ് സൗദ് ഷക്കീലിനും കമ്രാൻ ഗുലാമിനുമെതിരായ ശിക്ഷാനടപടി. പിഴയ്ക്കു പുറമേ മൂന്നു താരങ്ങൾക്കും ഡിമെറിറ്റ് പോയിന്റുകളും ഉണ്ടാകും.