ശസ്ത്രക്രിയ പൂർത്തിയായി, സഞ്ജുവിന് ഒരു മാസം വിശ്രമം; രഞ്ജി ട്രോഫി കളിക്കില്ല, തിരിച്ചുവരവ് ഐപിഎല്ലിൽ

Mail This Article
മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിരലിൽ ശസ്ത്രക്രിയ നടത്തി. മലയാളി ക്രിക്കറ്റ് താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടിവരുമെന്ന് ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ സെമി ഫൈനല്‍ മത്സരത്തിൽ കേരളത്തിനായി സഞ്ജു കളിക്കില്ല. കേരളം ഫൈനലിലെത്തിയാൽ കലാശപ്പോരിനും സഞ്ജു ഉണ്ടാകില്ല.
പരുക്കുമാറി ഗ്രൗണ്ടിലേക്കു തിരിച്ചെത്തുന്ന സഞ്ജു അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കും. മാർച്ച് 21ന് 2025 ഐപിഎൽ സീസണ് തുടക്കമാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അഞ്ചാം ട്വന്റി20യിൽ ജോഫ്ര ആർച്ചറുടെ പന്തിടിച്ചാണ് സഞ്ജുവിന് വിരലിനു പരുക്കേൽക്കുന്നത്. ഗ്രൗണ്ടിൽവച്ച് ചികിത്സ തേടിയ താരം, ഏഴു പന്തിൽ 16 റൺസെടുത്തു പുറത്താകുകയായിരുന്നു. മത്സരത്തിൽ ധ്രുവ് ജുറേലാണ് സഞ്ജുവിനു പകരം വിക്കറ്റ് കീപ്പറായത്.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച സ്കോറുകൾ കണ്ടെത്താൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. അഞ്ച് കളികളിൽനിന്ന് 51 റൺസ് മാത്രമാണു താരത്തിനു നേടാൻ കഴിഞ്ഞത്. വിജയ് ഹസാരെ ട്രോഫിയിലും കേരളത്തിനായി സഞ്ജു കളിച്ചിരുന്നില്ല. കഴിഞ്ഞ ഐപിഎല്ലിൽ സഞ്ജുവിനു കീഴിൽ പ്ലേഓഫിൽ കടന്ന രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റിരുന്നു.