മതം ഞങ്ങൾക്ക് പ്രശ്നമായില്ല, അതൊക്കെ ചർച്ച ചെയ്തത് പുറത്തുള്ളവർ: സഹീർ ഖാനുമായുള്ള ബന്ധത്തെക്കുറിച്ച് സാഗരിക

Mail This Article
മുംബൈ∙ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം സഹീർ ഖാനുമായുള്ള വിവാഹത്തിന് മതം ഒരിക്കലും തടസമായില്ലെന്ന് നടി സാഗരിക ഘട്കെ. രണ്ടു മതസ്ഥരായതിന്റെ പേരിൽ വീട്ടിൽനിന്ന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞ സാഗരിക, ഇത്തരം കാര്യങ്ങളൊക്കെ പുറത്തുള്ളവരാണ് ചർച്ച ചെയ്യുന്നതെന്നും വ്യക്തമാക്കി. അച്ഛനും അമ്മയ്ക്കും ഇപ്പോൾ തന്നേക്കാൾ ഇഷ്ടം സഹീറിനെയാണെന്നും സാഗരിക പറഞ്ഞു. അക്കാലത്ത് യുവരാജ് സിങ്ങിന്റെ വിവാഹത്തിൽ ഒന്നിച്ചു പങ്കെടുക്കുന്നതോടെ സഹീറുമായുള്ള ബന്ധം പുറത്ത് ചർച്ചയാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ആദ്യമായി ഈ കാര്യം വീട്ടിൽ പറഞ്ഞതെന്നും സാഗരിക വെളിപ്പെടുത്തി.
‘‘മതവിശ്വാസം ഒരിക്കലും ഞങ്ങൾക്കിടയിൽ പ്രശ്നമായിട്ടില്ല. അത്തരം കാര്യങ്ങളൊക്കെ ചർച്ച ചെയ്തത് പുറത്തുള്ള ആളുകൾ മാത്രമാണ്. എന്റെ മാതാപിതാക്കൾ വളരെ പുരോഗമനാത്മകമായി ചിന്തിക്കുന്നവരാണ്. ഇത്തരം കാര്യങ്ങൾ ഞങ്ങൾക്കിടയിൽ ചർച്ചയായി എന്നുള്ളത് വാസ്തവമാണ്. പക്ഷേ, അതിന്റെ പേരിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ച് ജീവിതം പങ്കിടാൻ ഏറ്റവും ഉചിതനായ പങ്കാളിയെ കണ്ടെത്തുക എന്നതായിരുന്നു പ്രധാനം. ഞങ്ങൾ രണ്ടുപേരും വളരെ വ്യക്തിപരമായി ജീവിക്കുന്ന ആളുകളാണ്. ഞങ്ങളുടെ ബന്ധത്തിന്റെ ഭംഗിയും അതുതന്നെയാണെന്ന് ഞാൻ കരുതുന്നു.’ – സാഗരിക പറഞ്ഞു.
‘‘ഒരു ദിവസം സഹീർ എന്റെ അച്ഛനെ വന്നു കണ്ടു. അത് എത്ര മനോഹരമായ ബന്ധമാണെന്നോ. എന്റെ അമ്മയുടെ കാര്യമെടുത്താൽപ്പോലും, എന്നേക്കാൾ ഇഷ്ടം ഒരുപക്ഷേ സഹീറിനെ ആയിരിക്കും. യുവരാജ് സിങ്ങിന്റെ വിവാഹത്തിന് ഞങ്ങൾ ഒരുമിച്ചു പങ്കെടുത്തിരുന്നു. അതുകൊണ്ട് സഹീറുമായുള്ള ബന്ധം പുറത്തുവരുമെന്ന് ഞാൻ തീർച്ചപ്പെടുത്തി. അതിനു മുൻപേ അച്ഛനോട് സഹീറുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയായിരുന്നു’– സാഗരിക പറഞ്ഞു.
‘‘ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ് എന്റെ അച്ഛൻ അൻഷുമാൻ അങ്കിളിന് (സഹീർ ഖാന്റെ ബാല്യകാല പരിശീലകൻ അൻഷുമാൻ ഗെയ്ക്‌വാദ്) മെസേജ് അയച്ചു. നീ എന്റെ ബന്ധുവായ ഒരു കുട്ടിയുമായി വലിയ കൂട്ടാണെന്നു കേട്ടല്ലോ എന്നുപറഞ്ഞ് അങ്കിൾ സഹീറിനും മെസേജ് അയച്ചു. എന്താണ് മറുപടി നൽകേണ്ടത് എന്ന് അറിയാതെ സഹീർ ഈ മെസേജ് എന്നെ കാണിച്ചു. തൽക്കാലം ഒന്നും അയയ്ക്കേണ്ടെന്ന് ഞാൻ പറഞ്ഞു.’ – സാഗരിക വെളിപ്പെടുത്തി. 2017ലാണ് സഹീർ ഖാൻ സാഗരികയെ വിവാഹം ചെയ്തത്.