മറ്റു ടീമുകൾക്ക് യാത്രയോട് യാത്ര, വെവ്വേറെ വേദികൾ, വ്യത്യസ്ത താമസ സ്ഥലങ്ങൾ; ഇന്ത്യയ്ക്ക് ഇതൊന്നുമില്ല, പരമസുഖം: ഐസിസിക്ക് വിമർശനം

Mail This Article
ദുബായ്∙ പാക്കിസ്ഥാനിലും ദുബായിലുമായി നടന്നുവരുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്‌ക്ക് മാത്രം അനാവശ്യ പരിഗണന ലഭിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി വിവിധ ടീമുകളിലെ താരങ്ങൾ രംഗത്ത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ മാത്രമായതിനാൽ, യാത്ര പോലും ചെയ്യേണ്ട ആവശ്യമില്ലെന്ന് ഇംഗ്ലണ്ടിന്റെ മുൻ താരങ്ങളായ നാസർ ഹുസൈൻ, മൈക്കൽ ആതർട്ടൻ എന്നിവർ ചൂണ്ടിക്കാട്ടി. ഒരേ വേദിയിൽ കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യയ്‌ക്കു ലഭിക്കുമെന്ന് ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസും അഭിപ്രായപ്പെട്ടു.
ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന മറ്റു ടീമുകളെല്ലാം ഒരു വേദിയിൽനിന്ന് മറ്റൊരു വേദിയിലേക്ക് യാത്ര ചെയ്യണമെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഇന്ത്യ മാത്രമാണ് ഒരേ വേദിയിൽ എല്ലാ മത്സരങ്ങളും കളിക്കുന്ന ടീം. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനകം സെമിയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഇന്ത്യയുടെ സെമി മത്സരത്തിനും വേദിയാകുക ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം തന്നെയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഫൈനലിൽ പ്രവേശിച്ചാലും വേദി ദുബായ് തന്നെ.
ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യയോടു തോറ്റ ബംഗ്ലദേശ് ടീമും പാക്കിസ്ഥാൻ ടീമും പാക്കിസ്ഥാനിൽനിന്ന് ദീർഘദൂരം യാത്ര ചെയ്താണ് മത്സരത്തിനായി ദുബായിൽ എത്തിയത്. ഇന്ത്യയാകട്ടെ, ടൂർണമെന്റ് ആരംഭിക്കുന്നതിനും ദിവസങ്ങൾക്കു മുൻപുതന്നെ ദുബായിലെത്തി സാഹചര്യങ്ങളുമായും വേദിയുമായും ചിരപരിചിതരായി. അവിടെ താമസവും ഒരേ ഹോട്ടലിൽത്തന്നെ. ബംഗ്ലദേശും പാക്കിസ്ഥാനും യാത്രാക്ഷീണം ഉൾപ്പെടെ നിലനിൽക്കെയാണ് ഇന്ത്യയുമായി കളിച്ചതും തോറ്റതുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ അടുത്ത മത്സരത്തിലെ എതിരാളികളായ ന്യൂസീലൻഡും നിലവിൽ പാക്കിസ്ഥാനിലാണ് ഉള്ളത്. ഇന്ത്യയ്ക്കെതിരെ മാർച്ച് രണ്ടിനു നടക്കുന്ന മത്സരത്തിനായി അവർ ദുബായിൽ എത്തണം. പാക്കിസ്ഥാനിലുള്ള മറ്റു ടീമുകളെല്ലാം തന്നെ മത്സരങ്ങൾ നടക്കുന്ന റാവൽപിണ്ടി, ലഹോർ, കറാച്ചി എന്നിവിടങ്ങളിലേക്ക് മാറിമാറി സഞ്ചരിക്കണം.
∙ ഇന്ത്യയ്ക്ക് എല്ലാം ‘നേരത്തേ’ അറിയാം
മറ്റു ടീമുകൾക്കില്ലാത്ത ഈ ആനുകൂല്യം, ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകൾ കൂട്ടുമെന്ന് മൈക്കൽ ആതർട്ടൻ ചൂണ്ടിക്കാട്ടി. ‘‘ദുബായിൽത്തന്നെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടത്തുന്നതുകൊണ്ട് അവർക്കു ലഭിക്കുന്ന മുൻതൂക്കം ആരെങ്കിലും ശ്രദ്ധിച്ചോ? അത് എല്ലാംകൊണ്ടും അവഗണിക്കാനാകാത്ത മുൻതൂക്കം തന്നെയാണ്. ഒറ്റ വേദിയിലാണ് ഇന്ത്യ എല്ലാ മത്സരങ്ങളും കളിക്കുന്നത്. വേദിയിൽനിന്ന് വേദിയിലേക്കോ, ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കോ അവർക്കു യാത്ര ചെയ്യേണ്ട. മറ്റു ടീമുകളെല്ലാം ഓരോ മത്സരത്തിനു ശേഷവും യാത്ര ചെയ്യണം’ – ആതർട്ടൻ ചൂണ്ടിക്കാട്ടി.
‘‘ദുബായിലെ സാഹചര്യങ്ങൾ മാത്രം വിലയിരുത്തി ഇന്ത്യയ്ക്ക് ടീമിനെ തീരുമാനിക്കാം. എവിടെയാണ് സെമിയും ഫൈനലും കളിക്കേണ്ടതെന്ന് അവർക്ക് നേരത്തേ അറിയാം. അതിന് അനുസരിച്ച് തയാറെടുക്കാം. വേദിയുമായും പിച്ചുമായും കൂടുതൽ മത്സരങ്ങൾ കളിച്ച് പൊരുത്തപ്പെടാം. ഇത് വലിയൊരു മുൻതൂക്കം തന്നെയാണ്’ – ആതർച്ചൻ പറഞ്ഞു.
∙ കളമറിഞ്ഞ് ഇന്ത്യയുടെ ടീം സിലക്ഷൻ
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാക്കി സെമി ഫൈനലിന് തയാറെടുക്കുമ്പോൾ, മറ്റേതൊരു ടീമിനേക്കാളും ഒരുപടി മുന്നിലായിരിക്കും ഇന്ത്യൻ ടീമെന്ന് നാസർ ഹുസൈനും ചൂണ്ടിക്കാട്ടി. സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ഗ്രൂപ്പ് ബിയിൽ നിന്നായിരിക്കും. ഗ്രൂപ്പ് ബിയിലെ ടീമുകൾ ഒറ്റ മത്സരം പോലും ദുബായിൽ കളിക്കുന്നില്ലെന്നും നാസർ ഹുസൈൻ പറഞ്ഞു.
‘‘ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമിന് ഇങ്ങനെയൊരു മുൻതൂക്കം കൂടി ലഭിക്കുമെന്നത് ഉള്ള കാര്യം തന്നെയാണ്. പാക്കിസ്ഥാനാണ് ആതിഥേയരെങ്കിലും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ലഭിക്കുക ഇന്ത്യയ‌്ക്കാണെന്ന് കഴിഞ്ഞ ദിവസം ഒരാൾ ട്വീറ്റ് ചെയ്തത് കണ്ടു. അതിൽ എല്ലാമുണ്ട്. ഇന്ത്യൻ ടീമിന് ഒരേ വേദി, ഒരേ ഹോട്ടൽ, ഒരേ ഡ്രസിങ് റൂം തുടങ്ങിയ ആനുകൂല്യങ്ങളുണ്ട്. അവർക്ക് പിച്ച് ചിരപരിചിതമായിരിക്കും. യാത്ര ചെയ്യേണ്ട കാര്യം പോലുമില്ല. ആ പിച്ചിന് ഏറ്റവും യോജിച്ച ടീമിനെത്തന്നെ അവർ തിരഞ്ഞെടുക്കുകയും ചെയ്തു’ – നാസർ ഹുസൈൻ പറഞ്ഞു.
‘‘ദുബായിലാണ് മത്സരങ്ങളെന്ന് നേരത്തേ അറിയാവുന്നതിനാൽ, അവരുടെ ടീം സിലക്ഷനും അതിന് അനുസരിച്ചാണ്. ഇന്ത്യ അഞ്ച് സ്പിന്നർമാരെ ഉൾപ്പെടുത്തി ടീം പ്രഖ്യാപിച്ചത് വെറുതെയല്ല. എന്തുകൊണ്ടാണ് ഒരു അധിക സീമറെ ഉൾപ്പെടുത്താത്തതെന്ന് ഇന്ത്യയിലെ മാധ്യമങ്ങളിൽ വ്യാപക ചർച്ചയുണ്ടായിരുന്നു. എന്തിനാണ് ഇത്രമാത്രം സ്പിന്നർമാർ എന്നതായിരുന്നു ചോദ്യം. അതിന്റെ ഉത്തരം ആദ്യ രണ്ടു മത്സരങ്ങൾ നൽകിക്കഴിഞ്ഞു’ – നാസർ ഹുസൈൻ പറഞ്ഞു.
‘‘ഉദാഹരണത്തിന് ഇംഗ്ലണ്ടിന്റെ കാര്യം തന്നെയെടുക്കൂ. സെമിയിലേക്ക് മുന്നേറിയാലും അവർക്ക് ഒറ്റ സ്പിന്നർ മാത്രമേയുള്ളൂ. പാക്കിസ്ഥാനും ഒറ്റ സ്പെഷലിസ്റ്റ് സ്പിന്നറേയുള്ളൂ. പരുക്കുമൂലം പുതിയ അംഗങ്ങളെ എടുക്കാൻ അവസരം ലഭിച്ചപ്പോൾ അവർ സ്പിന്നർമാരെ കൂടുതൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. ഇക്കാര്യം ഞാൻ നേരത്തേ പറഞ്ഞതാണ്.’’ – നാസർ ഹുസൈൻ പറഞ്ഞു.
‘‘മറ്റു ടീമുകൾ കറാച്ചി, ലഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങൾ പരിഗണിച്ച് വ്യത്യസ്ത പ്ലേയിങ് ഇലവനുകളെ പരീക്ഷിക്കേണ്ടി വരും. വേദിയിൽനിന്ന് വേദിയിലേക്ക് യാത്ര ചെയ്ത് അവിടുത്തെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരണം. ഇന്ത്യയ്ക്ക് ലഭിക്കുന്ന ഈ ആനുകൂല്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടിയിരുന്നത്. ഇന്ത്യ പാക്കിസ്ഥാനിലേക്ക് വരുന്നില്ലെന്ന് നേരത്തേ അറിയിച്ചതാണ്. ഇന്ത്യയും പാക്കിസ്ഥാനുമില്ലാതെ നമുക്ക് ഇത്തരമൊരു ടൂർണമെന്റ് നടത്താനും കഴിയില്ല. ഈ സാഹചര്യത്തിൽ ചാംപ്യൻസ് ട്രോഫി യുഎഇയിലേക്ക് മാറ്റുന്നതായിരുന്നു നല്ലത്’ – നാസർ ഹുസൈൻ പറഞ്ഞു.