വിദർഭയെ ഓൾഔട്ടാക്കാനായില്ല, സമനിലയ്ക്ക് കൈകൊടുത്ത് കേരളം; ഒന്നാം ഇന്നിങ്സിൽ ലീഡിൽ രഞ്ജി കിരീടം തിരിച്ചുപിടിച്ച് വിദർഭ

Mail This Article
നാഗ്പുര്‍∙ രഞ്ജി ട്രോഫിയിലെ കന്നി ഫൈനലെന്ന ചരിത്രനേട്ടത്തിന്, കന്നിക്കിരീടമെന്ന സ്വപ്നനേട്ടത്തിലേക്ക് വഴിവെട്ടാനാകാതെ പോയ കേരളത്തിനെതിരെ, സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ വിദർഭയ്ക്ക് കിരീടം. അവസാന ദിനം രണ്ടാം ഇന്നിങ്സിൽ ഒൻപതു വിക്കറ്റുകൾ പിഴുത് മത്സരം പരമാവധി ആവേശകരമാക്കിയെങ്കിലും, പത്താം വിക്കറ്റിൽ വിദർഭയുടെ പ്രതിരോധം ഒരിക്കൽക്കൂടി നീണ്ടുപോയതോടെ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെ കേരളം രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയില്ല. വിദർഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്. വിദർഭയുടെ ഡാനിഷ് മലേവർ പ്ലെയർ ഓഫ് ദ് മാച്ചായും ഹർഷ് ദുബെ പ്ലെയർ ഓഫ് ദ് സീരീസ് ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്കോർ: വിദർഭ – 379 & 375/9, കേരളം 342.
ഇത്തവണ ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെയും സെമിഫൈനലിൽ കരുത്തരായ ഗുജറാത്തിെനതിരെയും അനുഗ്രഹമായി മാറിയ ഒന്നാം ഇന്നിങ്സ് ലീഡാണ്, ആവേശം വാനോളമുയർന്ന കലാശപ്പോരിൽ കേരളത്തിന് എതിരായതെന്നത് വൈരുധ്യമായി. ഒന്നാം ഇന്നിങ്സിൽ ലീഡു പിടിക്കാനുള്ള അവസരമുണ്ടായിട്ടും അശ്രദ്ധമായ ഷോട്ടുകളിലൂടെ അതു നഷ്ടമാക്കിയ കേരള താരങ്ങൾക്ക്, കയ്യെത്തും ദൂരെ നഷ്ടമാക്കിയ രഞ്ജി കിരീടത്തെയോർത്ത് പരിതപിക്കുകയേ നിവൃത്തിയുള്ളൂ. എങ്കിലും, ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ കടന്ന് കരുത്തരായ വിദർഭയ്‌ക്കെതിരെ കടുത്ത പോരാട്ടം നടത്താനും കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തോടെ കേരള ടീമിന് തലയുയർത്തിത്തന്നെ നാട്ടിലേക്ക് മടങ്ങാം.
∙ അവസാന ദിനവും ‘ത്രില്ലർ’
മത്സരം ഏറെക്കുറെ കൈവിട്ട മട്ടിലാണ് അവസാന ദിനമായ ഇന്ന് കളത്തിലിറങ്ങിയതെങ്കിലും, ആവേശകരമായ നിമിഷങ്ങൾക്ക് ഒരു ഘട്ടത്തിലും പഞ്ഞമുണ്ടായില്ല. നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച വിദർഭയ്ക്ക്, ഇന്ന് അഞ്ച് വിക്കറ്റ് കൂടി നഷ്ടമായി. സെഞ്ചറിയുമായി രണ്ടാം ഇന്നിങ്സിൽ വിദർഭയുടെ നട്ടെല്ലായി മാറിയ മലയാളി താരം കരുൺ നായരുടെ വിക്കറ്റ് വീഴ്ത്തിയാണ് കേരളം രഞ്ജി കിരീടമെന്ന വിദൂര സാധ്യതയിലേക്ക് ആദ്യ ചുവടുവച്ചത്. 295 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതം 135 റൺെസടുത്തായിരുന്നു കരുണിന്റെ മടക്കം.
കരുണിനു പുറമേ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വഡ്കർ (108 പന്തിൽ 25), ഹർഷ് ദുബെ (നാല്), അക്ഷയ് കർനേവാര്‍ (70 പന്തില്‍ 30), നചികേത് ഭൂതെ (മൂന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. വിദർഭയുടെ മുൻ താരവും മത്സരം നടക്കുന്ന നാഗ്പുർ സ്വദേശിയുമായ സ്പിന്നർ ആദിത്യ സർവാതേയ്ക്കാണ് അതിൽ മൂന്നു വിക്കറ്റുകളും ലഭിച്ചത്. ഒടുവിൽ പത്താം വിക്കറ്റിൽ ദർശൻ നൽകണ്ഡെ – യഷ് ഠാക്കൂർ സഖ്യത്തിന്റെ പ്രതിരോധം നീണ്ടുപോയതോടെയാണ് കേരളം സമനിലയ്ക്ക് സമ്മതിച്ചത്. അപ്പോഴേക്കും ലീഡ് 412ൽ എത്തിയിരുന്നു. നാൽകണ്ഡെ 51 റൺസോടെയും ഠാക്കൂർ 29 പന്തിൽ എട്ടു റൺസോടെയും പുറത്താകാതെ നിന്നു.

∙ അവസാന ശ്വാസം വരെ പോരാട്ടം, പക്ഷേ....
ഇന്ന് മത്സരം പുനരാരംഭിച്ച അധികം വൈകാതെ ആദിത്യ സർവാതേയുടെ പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ സ്റ്റംപ് ചെയ്താണു കരുൺ നായരെ പുറത്താക്കിയത്. അക്ഷർ വഡ്കറിനെ സർവാതേ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ ഏദൻ ആപ്പിൽ ടോമിന്റെ പന്തിൽ എൽബിഡബ്ല്യു ആയി ഹർഷ് ദുബെയും മടങ്ങി.
പിന്നീട് അക്ഷയ് കർനേവാറും ദര്‍ശൻ നൽകണ്ഡെയും ചേർന്ന് 124 പന്തുകള്‍ പ്രതിരോധിച്ചുനിന്നതോടെയാണ് അവസാന ദിവസം കേരളത്തിന്റെ സാധ്യതകൾ പ്രതിരോധത്തിലായത്. ഇത്രയും പന്തുകൾ ചെറുത്തുനിന്ന വിദർഭ ബാറ്റർമാർ അടിച്ചത് 48 റൺസ് മാത്രം. സ്കോർ 331ൽ നിൽക്കെ കർനേവാറിനെ ബേസിൽ ബൗൾഡാക്കിയത് കേരളത്തെ വീണ്ടും മത്സരത്തിലേക്കു തിരികെയെത്തിച്ചു. നചികേത് ഭൂതെ കേരളത്തിനു വെല്ലുവിളിയുയർത്താതെ മടങ്ങി.
∙ പ്രതീക്ഷയോടെ തുടക്കമിട്ട നാലാം ദിനം
പ്രതീക്ഷ നൽകുന്ന തുടക്കമാണു നാലാം ദിനം രാവിലെ കേരളത്തിനു ലഭിച്ചത്. ടേണുള്ള പിച്ചിൽ രണ്ടാം ഓവർ എറിയാനെത്തിയ ജലജ് സക്സേനയുടെ ആദ്യ പന്തിൽ തന്നെ പാർഥ് രഖഡെയുടെ കുറ്റി തെറിച്ചു. കുത്തിത്തിരിയാതെ ഉയർന്നുപൊന്തിയ ഡിപ് ബോളിൽ രഖഡെയുടെ പ്രതിരോധമതിൽ വിണ്ടു. ബാറ്റിനും പാഡിനുമിടയിലൂടെ പന്ത് സ്റ്റംപെടുത്തു.തൊട്ടടുത്ത ഓവറിൽ രണ്ടാം ആനന്ദമെത്തി. ഓഫ് സ്റ്റംപിനു പുറത്ത് എം.ഡി.നിധീഷിന്റെ ഫുൾ ലെങ്ത് ബോളിൽ ഓഫ് ഡ്രൈവിനു ശ്രമിച്ച ധ്രുവ് ഷോറിയുടെ ബാറ്റിൽത്തട്ടി ഒന്നാം സ്‍ലിപ്പിലേക്കു പന്ത് തെറിച്ചു.
വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ മുഴുനീള ഡൈവിലൂടെ പന്ത് ഗ്ലൗസിലൊതുക്കി. വിദർഭ രണ്ടു വിക്കറ്റിന് 7 റൺസെന്ന നിലയിൽ. ഒന്നാം ഇന്നിങ്സിൽ സമാന സ്ഥിതിയിൽ വീണുപോയ വിദർഭയെ രക്ഷിച്ച കരുൺ നായരും ഡാനിഷ് മലേവറും ക്രീസിൽ ഒന്നിച്ചത് അപ്പോഴാണ്. എല്ലാം അനുകൂലമെന്ന ആത്മവിശ്വാസമുണ്ടായിരുന്നതിനാൽ കേരളം കുലുങ്ങിയില്ല. അടുത്ത ഓവറിൽ മലേവറിനെതിരെ ജലജിന്റെ എൽബിഡബ്ല്യു അപ്പീൽ. അംപയർ ഔട്ട് വിളിച്ചെങ്കിലും റിവ്യൂവിൽ നിരസിക്കപ്പെട്ടു.
കേരളത്തിന്റെ ദൗർഭാഗ്യ പരമ്പരയുടെ തുടക്കം അതായിരുന്നു. മലേവർ വീണ്ടും എൽബിഡബ്ല്യുവിൽ കുടുങ്ങിയെങ്കിലും വീണ്ടും റിവ്യൂവിൽ നിരസിക്കപ്പെട്ടു. കരുൺ നായരുടെ ക്യാച്ച് സ്‍ലിപ്പിൽ അക്ഷയ് ചന്ദ്രനു കയ്യിലൊതുക്കാനായില്ല. പിച്ചിൽനിന്നു സ്പിന്നർമാർക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ സ്വിച്ചിട്ട പോലെ ഇല്ലാതായി. പന്തെറിഞ്ഞ ശേഷമുള്ള ഫോളോത്രൂ സമയത്തു പിച്ചിനു നടുവിലെ ‘ഡേഞ്ചർ ഏരിയ’യിൽ കൂടി ഓടിയതിനു ബേസിലിനും നിധീഷിനും അംപയറുടെ അന്തിമ താക്കീതു ലഭിച്ചു.വരണ്ടു മരുഭൂമിയായ പിച്ചിൽ ബാറ്റർമാർക്കു മാത്രം മരുപ്പച്ച തെളിഞ്ഞു.
ക്യാപ്റ്റൻ സച്ചിൻ ബേബി 6 ബോളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും മലേവർ – കരുൺ കൂട്ടുകെട്ടു പൊളിക്കാനായില്ല. ആദ്യ ഇന്നിങ്സിൽ കണ്ടതുപോലെ ഓവറിലൊരു ബൗണ്ടറി എന്ന നിലയിൽ സമാധാനപരമായി ഇരുവരും സ്കോർ ബോർഡ് ചലിപ്പിച്ചു. അമിത പ്രതിരോധത്തിലേക്കും സമ്മർദത്തിലേക്കും കേരളം വീണു. തുടർച്ചയായി സ്‍ലിപ്പിൽ ഫീൽഡറില്ലാതെയായി. വിക്കറ്റ് വീഴ്ത്തലെന്ന പ്രതീക്ഷ മങ്ങിയ മട്ടിലായി. കരുൺ അർധ സെഞ്ചറി തികച്ചതിനു പിന്നാലെ വിദർഭയുടെ സ്കോർ 100 കടന്നു.
കഴിഞ്ഞ ഇന്നിങ്സിൽ റണ്ണൗട്ടായി സെഞ്ചറി നഷ്ടപ്പെട്ട കരുണിന് ഇത്തവണ പിഴച്ചില്ല. ജലജിന്റെ പന്ത് മിഡ്‍വിക്കറ്റിലേക്കു തിരിച്ചുവിട്ടു നേടിയ സിംഗിളിലൂടെ സെഞ്ചറി തികച്ചു. 2 വിക്കറ്റിനു 189 റൺസ് എന്ന ശക്തമായ നില. 9 പന്തുകൾക്കു ശേഷം മലേവർ 73 റൺസിൽ അക്ഷയിന്റെ പന്തിൽ പുറത്തായെങ്കിലും വിദർഭ ക്യാംപിൽ ആശങ്കയുണ്ടായില്ല. പകരമെത്തിയ യഷ് റാത്തോഡ് 24 റൺസ് നേടിയെങ്കിലും സർവതെയുടെ പന്തിൽ എൽബിഡബ്ല്യു.
അക്ഷയ് വാഡ്കറും കരുണും ചേർന്നു കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ നാലാം ദിനം പൂർത്തിയാക്കി. സ്പിന്നർമാരുടെ പറുദീസയാകുമെന്നു വിലയിരുത്തപ്പെട്ടെങ്കിലും പിച്ച് പൂർണമായും ബാറ്റർമാർക്ക് അനുകൂലമായതാണു കളി തിരിച്ചത്. നിധീഷ്, ജലജ്, സർവതെ, അക്ഷയ് എന്നിവർ കേരളത്തിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.