‘വെൽഡൺ ബോയ്സ്, അധികം കാത്തിരുത്താതെ മത്സരം തീർത്തല്ലോ’; തോൽവിക്കു പിന്നാലെ പാക്ക് ക്രിക്കറ്റ് ടീമിന് ‘ട്രോൾ മഴ’!

Mail This Article
ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ദയനീയ തോൽവി വഴങ്ങിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വ്യാപക ട്രോളുകൾ. ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ, സൂപ്പർതാരം ബാബർ അസം എന്നിവരെ ഉൾപ്പെടെ പുറത്താക്കി സമ്പൂർണമായി അഴിച്ചുപണിത ടീമുമായാണ് പാക്കിസ്ഥാൻ ന്യൂസീലൻഡ് പര്യടനത്തിന് എത്തിയത്. ആദ്യ മത്സരത്തിൽ ബാറ്റിങ്ങിൽ പൂർണമായി പരാജയപ്പെട്ട് 91 റൺസിന് പുറത്തായ പാക്കിസ്ഥാൻ, ഒൻപതു വിക്കറ്റിനാണ് തോറ്റത്. 18.4 ഓവർ ബാറ്റു ചെയ്ത് പാക്കിസ്ഥാൻ നേടിയ 91 റൺസ്, വെറും 61 പന്തിലാണ് ന്യൂസീലൻഡ് താരങ്ങൾ മറികടന്നത്.
ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ഉന്നമിട്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രവഹിച്ചത്. പാക്കിസ്ഥാൻ മാധ്യമങ്ങളും ആരാധകരും ന്യൂസീലൻഡിന്റെ പ്രധാന താരങ്ങൾ ഈ പരമ്പരയേക്കാൾ ഐപിഎലിനു പ്രാധാന്യം നൽകുന്നതിനെ വിമർശിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ട്രോളുകൾ. മൈക്കൽ ബ്രേസ‌്്‌വെൽ നയിക്കുന്ന അവരുടെ രണ്ടാം നിരയെ ആദ്യം തോൽപ്പിക്കൂ എന്നാണ് ട്രോൾ.
‘ആരാധകരെ അധികം കാത്തിരുത്താതെ മത്സരം അവസാനിപ്പിച്ച’തിന് പാക്കിസ്ഥാൻ ടീമിന് നന്ദി അറിയിച്ചുകൊണ്ടുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്. ഇതാണ് പാക്കിസ്ഥാന്റെ ‘നിർഭയ പ്രകടനം’ എന്നാണ് മറ്റൊരു ട്രോൾ. 2.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഒറ്റ റൺ മാത്രം നേടിയതു ചൂണ്ടിക്കാട്ടിയാണ് ഈ ട്രോൾ.
‘പാക്കിസ്ഥാൻ ടീമിനെ ആയിരക്കണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്യിച്ച് ന്യൂസീലൻഡിലേക്ക് പോകാൻ നിർബന്ധിച്ച ഐസിസിയാണ് ഈ തോൽവിയുടെ കാരണക്കാർ’ എന്നാണ് മറ്റൊരു ട്രോൾ. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ എല്ലാ മത്സരങ്ങളും ദുബായിൽത്തന്നെ കളിച്ചപ്പോൾ, മറ്റു ടീമുകൾക്ക് സ്ഥിരമായി യാത്ര ചെയ്യേണ്ടി വന്നുവെന്ന വാദത്തെ പരിഹസിച്ചായിരുന്നു ഈ ട്രോൾ.