ചാംപ്യൻസ് ട്രോഫി വിജയം ആഘോഷിക്കാൻ ‘കോടികൾ ഒഴുക്കി’ ബിസിസിഐ; ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

Mail This Article
മുംബൈ∙ ഒരു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനു ശേഷം ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച ടൂർണമെന്റിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയെന്ന നിലയിൽ ദുബായിലാണ് നടത്തിയത്. കലാശപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെ വീഴ്ത്തിയാണ് രോഹിത് ശർമയും സംഘവും കിരീടം ചൂടിയത്.
‘‘ഐസിസി ടൂർണമെന്റുകളിൽ തുടർച്ചയായി കിരീടം ചൂടുന്നത് വളരെ പ്രത്യേകതകളുള്ള നേട്ടമാണ്. രാജ്യാന്തര തലത്തിൽ ഇന്ത്യൻ ടീമിന്റെ സമർപ്പണത്തിന്റെയും മികവിന്റെയും അടയാളമാണിത്. ഈ നേട്ടത്തിനു പിന്നിലെ ഓരോ താരത്തിന്റെയും അധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാർഡ്’ – ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു. ഇന്ത്യൻ ടീമംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സിലക്ഷൻ കമ്മിറ്റി അംഗങ്ങൾക്കുമാണ് ഈ തുകയെന്ന് ബിസിസിഐ വ്യക്തമാക്കി.
ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരങ്ങളിലും ജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ആദ്യ 2 മത്സരങ്ങളിൽ ബംഗ്ലദേശിനെയും പാക്കിസ്ഥാനെയും ആറു വിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ, മൂന്നാം മത്സരത്തിൽ ന്യൂസീലൻഡിനെ 44 റൺസിനു തകർത്തു. സെമിഫൈനലിൽ ഓസ്ട്രേലിയയെ നാലു വിക്കറ്റിന് തകർത്ത് ഫൈനലിൽ കടന്ന ഇന്ത്യ, ന്യൂസീലൻഡിനെ വീഴ്ത്തി കിരീടം ചൂടി.
ഏറ്റവും ഒടുവിൽ കളിച്ച 24 ഏകദിന, ട്വന്റി20 മത്സരങ്ങളിൽ 23 ജയവുമായി സ്വപ്നക്കുതിപ്പിലാണ് ഇന്ത്യ. ഇതിനിടെ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോടു മാത്രമാണ് ഇന്ത്യ തോറ്റത്. തുടർച്ചയായി 10 മത്സരങ്ങളിൽ ജയിച്ച ശേഷമാണ് ലോകകപ്പ് ഫൈനലിൽ ഓസീസിനോടു തോൽവി വഴങ്ങിയത്.
ഇതിനു പിന്നാലെ 2024ലെ ട്വന്റി20 ലോകകപ്പിൽ ഒരു മത്സരം പോലും തോൽക്കാതെ ഇന്ത്യ ചാംപ്യൻമാരായി. ലോകകപ്പിലും ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യയെ നയിച്ച രോഹിത് ശർമ, ഐസിസിയുടെ ഏകദിന, ട്വന്റി20 ടൂർണമെന്റുകളിൽ ഇന്ത്യയ്‌ക്ക് 27 വിജയങ്ങൾ സമ്മാനിച്ച ക്യാപ്റ്റനാണ്. രോഹിത്തിനു കീഴിൽ ഇന്ത്യ തോറ്റത് മൂന്നു മത്സരങ്ങളിൽ മാത്രം.