മുംബൈയെ രക്ഷിക്കാൻ വിഘ്നേഷിനുമായില്ല, കളി തിരിച്ചുപിടിച്ച് രചിൻ; ചെന്നൈയ്ക്ക് നാലു വിക്കറ്റ് വിജയം

Mail This Article
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് വിജയത്തുടക്കം. നാലു വിക്കറ്റ് വിജയമാണ് ചെന്നൈ നേടിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ ചെന്നൈ എത്തി. ഓപ്പണറായി ഇറങ്ങി അവസാന പന്തുവരെ ബാറ്റു ചെയ്ത കിവീസ് താരം രചിൻ രവീന്ദ്രയാണ് അഞ്ചു പന്തുകൾ ബാക്കിനിൽക്കെ ചെന്നൈയുടെ വിജയമുറപ്പിച്ചത്. 45 പന്തുകൾ നേരിട്ട രചിൻ 65 റൺസുമായി പുറത്താകാതെനിന്നു.
മുംബൈയുടെ മലയാളി സ്പിന്നര്‍ വിഘ്നേഷ് പുത്തൂർ നാലോവറില്‍ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. 26 പന്തുകൾ നേരിട്ട ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് 56 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ സ്കോർ 11 ൽ നിൽക്കെ രാഹുല്‍ ത്രിപാഠിയെ ചെന്നൈയ്ക്കു നഷ്ടമായി. പക്ഷേ രചിൻ രവീന്ദ്രയെ കൂട്ടുപിടിച്ച് ഋതുരാജ് ഗെയ്ക്‌വാദ് തകർത്തടിച്ചതോടെ ചെന്നൈ സ്കോർ അനായാസം മുന്നോട്ടുകുതിച്ചു. മലയാളികൾക്കു പോലും കളി കണ്ട് വലിയ പരിചയമില്ലാത്ത മലപ്പുറംകാരൻ വിഘ്നേഷ് പുത്തൂരിനെ മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇറക്കി വിടുന്നത് അപ്പോഴാണ്. താരത്തിന്റെ എട്ടാം ഓവറിലെ അഞ്ചാം പന്തിൽ ചെന്നൈ ക്യാപ്റ്റൻ വീണു. ഗെയ്ക്‌വാദിനെ വിഘ്നേഷ് വിൽ ജാക്സിന്റെ കൈകളിലെത്തിച്ചു. പത്താം ഓവറിലെ നാലാം പന്തിൽ ശിവം ദുബെയും 12–ാം ഓവറിലെ നാലാം പന്തിൽ ദീപക് ഹൂഡയും വിഘ്നേഷിനു മുന്നിൽ മുട്ടുമടക്കി.


പാർട് ടൈം സ്പിന്നർമാരായ നമൻ ഥിർ, വിൽ ജാക്സ് എന്നിവരെ ഉപയോഗിച്ച് പിന്നീടുള്ള ഓവറുകൾ തീർത്ത മുംബൈ, വിഘ്നേഷിന്റെ ബാക്കിയുള്ള ഒരോവർ അവസാനത്തേക്കു മാറ്റിവച്ചു. 16 ഓവറുകൾ പിന്നിടുമ്പോൾ അഞ്ചിന് 125 റൺസെന്ന നിലയിലായിരുന്നു ചെന്നൈ. അതായത് അവസാന 24 പന്തിൽ ജയിക്കാൻ വേണ്ടത് 31 റണ്‍സ്. ട്രെന്റ് ബോൾട്ടിന്റെ 17–ാം ഓവറിൽ 10 റൺസാണ് ചെന്നൈ നേടിയത്. വിഘ്നേഷിന്റെ അവസാന ഓവറിൽ രവീന്ദ്ര ജഡേജയും രചിൻ രവീന്ദ്രയും ഓരോ സിക്സറുകൾ വീതം പായിച്ച്, ആകെ 15 റൺസ് നേടി. 19–ാം ഓവറിലെ നാലാം പന്തിൽ രവീന്ദ്ര ജഡേജയെ മടക്കി നമൻ ഥിർ മുംബൈയ്ക്കു ചെറിയ സാധ്യത കൂടി നൽകി. പക്ഷേ അപ്പോഴേക്കും ഏഴു പന്തിൽ ചെന്നൈയ്ക്ക് വെറും നാലു റണ്‍സ് കൂടി മതിയായിരുന്നു. 20-ാം ഓവർ എറിയാനെത്തിയ മിച്ചൽ സാന്റ്നറെ കിവീസ് താരം തന്നെയായ രചിൻ രവീന്ദ്ര സിക്സർ പറത്തി ചെന്നൈയ്ക്കായി വിജയ റൺസ് കുറിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. 25 പന്തിൽ 31 റൺസെടുത്ത തിലക് വര്‍മയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (26 പന്തിൽ 29), ദീപക് ചാഹർ (15 പന്തിൽ 28), നമൻ ഥിർ (12 പന്തില്‍ 17) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറര്‍മാർ. സ്കോർ ബോർഡിൽ ഒരു റൺ ചേർക്കും മുൻപേ മുംബൈയ്ക്ക് സീനിയർ താരം രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായിരുന്നു. നാലു പന്തുകള്‍ നേരിട്ട രോഹിത് ശർമ ഖലീൽ അഹമ്മദിന്റെ പന്തിൽ ശിവം ദുബെ ക്യാച്ചെടുത്താണു പുറത്താകുന്നത്.
കൃത്യമായ ഇടവേളകളിൽ മുംബൈ മുൻനിരയുടെ വിക്കറ്റുകൾ ചെന്നൈ ബോളർമാർ വീഴ്ത്തിയതോടെ റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞു. ചെന്നൈയിലെ സ്പിന്‍ പിച്ചിൽ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദ് തകർത്തെറിഞ്ഞതോടെ മുംബൈ പ്രതിരോധത്തിലായി. സൂര്യകുമാർ യാദവ്, തിലക് വർമ, റോബിൻ മിൻസ്, നമൻ ഥിർ എന്നീ ബാറ്റർമാരെ നൂർ അഹമ്മദാണു മടക്കിയത്. നാലോവറുകൾ പന്തെറിഞ്ഞ അഫ്ഗാൻ സ്പിന്നർ 18 റൺസ് മാത്രമാണു വഴങ്ങിയത്. പേസർ ഖലീൽ അഹമ്മദ് മൂന്നു വിക്കറ്റുകളും വീഴ്ത്തി.