ഇംപാക്ട് പ്ലെയറായി ‘ഒതുങ്ങി’യെങ്കിലെന്താ, തുടർച്ചയായ 6–ാം സീസണിലും ആദ്യ മത്സരത്തിൽ ഫിഫ്റ്റി; തുടക്കം തകർക്കാൻ സഞ്ജുവല്ലാതാര്!– വിഡിയോ

Mail This Article
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) സീസണിലെ ആദ്യ മത്സരത്തിൽ അർധസെഞ്ചറിയെന്ന രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ പതിവിന് ഈ സീസണിലും വ്യത്യാസമില്ല! ഇത്തവണ പരുക്കിൽനിന്ന് പൂർണമായി വിമുക്തനാകാത്തതിനാൽ നായകസ്ഥാനം പോലും ഉപേക്ഷിച്ച് ‘ഇംപാക്ട് പ്ലെയർ’ നിയമത്തിന്റെ ചുവടുപിടിച്ച് ബാറ്ററായി മാത്രമാണ് കളത്തിലിറങ്ങിയതെങ്കിലും, സീസണിലെ ആദ്യ മത്സരത്തിൽ അർധസെഞ്ചറിയെന്ന ശീലം സഞ്ജു കൈവിട്ടില്ല. 37 പന്തുകൾ നേരിട്ട സഞ്ജു, ഏഴു ഫോറും നാലു സിക്സും സഹിതം 66 റൺസെടുത്താണ് ഇത്തവണ പുറത്തായത്.
തുടർച്ചയായ ആറാം സീസണിലാണി സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ അർധസെഞ്ചറി കുറിക്കുന്നത്. ഇതിൽ ഒരു സെഞ്ചറിയും ഉൾപ്പെടുന്നു. 2020ൽ ഷാർജയിൽ മഹേന്ദ്രസിങ് ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെ 32 പന്തിൽ 74 റൺസടിച്ച് തുടക്കമിട്ട ശീലമാണ്, തുടർച്ചയായ ആറാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 37 പന്തിൽ 66 റൺസെടുത്ത് സഞ്ജു തുടരുന്നത്.
2021 സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈയിൽ 62 പന്തിൽ 119 റൺസെടുത്തതാണ് കൂട്ടത്തിലെ ‘തലപ്പൊക്ക’മുള്ള ഇന്നിങ്സ്. 2022ലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 27 പന്തിൽ 55 റൺസ്, 2023 ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തന്നെ 32 പന്തിൽ 55 റൺസ്, കഴിഞ്ഞ സീസണിൽ (2024) ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ജയ്പുരിൽ 52 പന്തിൽ പുറത്താകാതെ 82 റൺസ് എന്നിങ്ങനെ പോകുന്നു സഞ്ജുവിന്റെ ‘സീസൺ ഓപ്പണർ’ അർധസെഞ്ചറി പ്രകടനങ്ങൾ.
ഈ സീസണിലും അർധസെഞ്ചറിയുമായി രാജകീയ തുടക്കമിട്ടെങ്കിലും, ടീമിനു വിജയം സമ്മാനിക്കാൻ സഞ്ജുവിനായില്ല എന്നൊരു നിരാശ കൂടിയുണ്ട്. നായകസ്ഥാനത്ത് സഞ്ജുവിന്റെ അഭാവം തെളിഞ്ഞുകണ്ട മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 286 റൺസ്. ഐപിഎൽ ചരിത്രത്തിലെ ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ കൂടിയാണ് ഇത്. സഞ്ജുവിനു പുറമേ ധ്രുവ് ജുറേലും അർധസെഞ്ചറി നേടിയ ഇന്നിങ്സിനൊടുവിൽ രാജസ്ഥാന്റെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 242 റൺസിൽ അവസാനിച്ചു. തോൽവി 44 റൺസിന്. ഇനി മാർച്ച് 26ന് ഗുവാഹത്തിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.