11 കോടി കൊടുത്ത ബാറ്റർ എട്ടാം സ്ഥാനത്ത്, ഇതെന്ത് തന്ത്രം? രാജസ്ഥാൻ റോയൽസിനു രൂക്ഷവിമർശനം

Mail This Article
ഗുവാഹത്തി∙ ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാൻ റോയൽസ് തോറ്റതിനു പിന്നാലെ രൂക്ഷവിമർശനവുമായി ന്യൂസീലന്‍ഡ് മുൻ താരം സൈമൺ ഡൂൾ. രാജസ്ഥാൻ റോയൽസ് ഒരിക്കൽ കൂടി പരാജയപ്പെട്ടതോടെ, ടീമിന്റെ തന്ത്രങ്ങൾക്കെതിരെ ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു. 11 കോടി രൂപ മുടക്കി നിലനിർത്തിയ ഷിമ്രോൺ ഹെറ്റ്മിയർ ബാറ്റിങ് ക്രമത്തിൽ എട്ടാമത് ഇറക്കിയതാണ് സൈമൺ ഡൂളിനെ പ്രകോപിപ്പിച്ചത്. തുടർച്ചയായി വിക്കറ്റുകൾ വീണിട്ടും വിൻഡീസ് ബാറ്ററെ എന്തിനാണ് അവസാന ഓവറുകളിലേക്കു ‘ഒളിപ്പിച്ചതെന്നും’ സൈമൺ ഡൂൾ ചോദിച്ചു.
ഹെറ്റ്മിയറിന്റെ ബാറ്റിങ് മികവിനു വേണ്ടിയാണ് രാജസ്ഥാൻ ഇത്രയും തുക മുടക്കിയതെന്നും, കരീബിയൻ പ്രീമിയർ ലീഗിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഇറങ്ങുന്ന ബാറ്ററാണ് ഹെറ്റ്മിയറെന്നും സൈമൺ ഡൂൾ വ്യക്തമാക്കി. ‘‘എന്തിനാണ് ഹെറ്റ്മിയറെ ഇങ്ങനെ സംരക്ഷിച്ചു നിര്‍ത്തുന്നത്? എത്ര രൂപയ്ക്കാണ് അദ്ദേഹത്തെ നിലനിർത്തിയത്? 11 കോടി. ഗയാനയിൽ അദ്ദേഹം മൂന്നും നാലും സ്ഥാനങ്ങളിലാണ് ബാറ്റു ചെയ്യുന്നത്. ഇവിടെ എട്ടാം സ്ഥാനത്ത്. ഇംപാക്ട് സബ്ബിനെ ഇറക്കുന്നതിനു മുൻപെങ്കിലും നിങ്ങളുടെ കയ്യിലുള്ള ബാറ്ററെ കളിപ്പിക്കേണ്ടതാണ്. ആദ്യ മത്സരങ്ങളിൽ രാജസ്ഥാന്റെ തന്ത്രങ്ങൾ വളരെ മോശമാണ്. പല തന്ത്രങ്ങളും തീരുമാനങ്ങളും എനിക്ക് ഒരിക്കലും പിന്തുണയ്ക്കാൻ സാധിക്കാത്തതാണ്.’’– ഡൂൾ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ഹെറ്റ്മിയർ നേരത്തേ വന്ന് കുറച്ചു റണ്‍സ് നേടി, ധ്രുവ് ജുറേലിനൊപ്പം മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കിയാൽ നിങ്ങൾക്ക് ശുഭം ദുബെയുടെ ആവശ്യം പോലുമില്ല. 12 പന്തിൽ ഒൻപത് റൺസെടുക്കുന്നത് ഒരു തരത്തിലും ഇംപാക്ട് ഉണ്ടാക്കില്ല. പീന്നീട് ആര്‍ച്ചറും വന്ന് സിക്സുകൾ അടിക്കുന്നു. ഇംപാക്ട് സബ് ഇറങ്ങുന്നതിനു മുൻപ് ഹെറ്റ്മിയറും ആർച്ചറും ബാറ്ററായി കളിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ ഒരു സ്പിൻ ബോളറെ കൂടി ഉപയോഗിക്കാൻ സാധിക്കുമായിരുന്നു.’’– സൈമൺ ഡുൾ പ്രതികരിച്ചു. സീസണിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാൻ റോയൽസിനെതിരെ എട്ടു വിക്കറ്റ് വിജയമാണു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.