സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ടീമിലേക്കൊരു കേരളതാരം; ഡാരിൽ ഫെറാറിയോ‍

ഡാരിൽ എസ്. ഫെറാറിയോ

ന്യൂഡൽഹി ∙ ഡിസംബർ 13 മുതൽ ശ്രീലങ്കയിൽ നടക്കുന്ന അണ്ടർ–19 യൂത്ത് ഏഷ്യ കപ്പ് ടീമിൽ കേരള താരം ഡാരിൽ എസ്. ഫെറാറിയോയും. പഞ്ചാബ് ബാറ്റ്സ്മാൻ അഭിഷേക് ശർമ ക്യാപ്റ്റനായ ടീമിലാണ് ഇപ്പോൾ കേരള അണ്ടർ–19 ടീമിൽ കളിക്കുന്ന ഡാരിൽ ഇടം പിടിച്ചത്. 2014 വിജയ് മർച്ചന്റ് ട്രോഫിയിൽ അണ്ടർ–16 തമിഴ്നാട് ടീമിനെ നയിച്ച ഡാരിൽ പിന്നീട് കേരളത്തിലേക്കു മാറുകയായിരുന്നു.

ഡാരിലിന്റെ അച്ഛന്റെ അമ്മ തിരുവനന്തപുരം വെള്ളറട സ്വദേശിയാണ്. അച്ഛൻ സുന്ദറും അമ്മ അമലയും തമിഴ്നാട്ടുകാർ. ചെന്നൈ എഗ്‌മോർ ഡോൺ ബോസ്കോയിൽ നിന്നു 10–ാം ക്ലാസിൽ 500ൽ 471 മാർക്ക് നേടി ജയിച്ച ഡാരിൽ പിന്നീട് രണ്ടു വർഷമായി പഠനത്തിന് ഇടവേള നൽകി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അണ്ടർ–19 ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബ്ലൂ ടീമിലും അംഗമാണ്. എം. സുരേഷ് കുമാർ, ശ്രീകുമാരൻ നായർ, റൈഫി വിൻസന്റ് ഗോമസ്, രോഹൻ പ്രേം, സഞ്ജു സാംസൺ എന്നിവരാണ് കേരളത്തിനുവേണ്ടി കളിച്ച് മുൻപ് അണ്ടർ–19 ഇന്ത്യൻ ടീമിലെത്തിയ താരങ്ങൾ.