നല്ല പിച്ചുകൾ വേണമെന്ന് ഹർഭജൻ

ന്യൂഡൽഹി ∙ രണ്ടോ മൂന്നോ ദിവസം കൊണ്ട് ടെസ്റ്റ് മൽസരങ്ങൾ തീരുന്ന പിച്ചുകളല്ല വേണ്ടതെന്നും മൽസരം ആവേശകരമാക്കുന്ന വിക്കറ്റുകളാണൊരുക്കേണ്ടതെന്നും ഇന്ത്യയുടെ മുതിർന്ന ബോളർ ഹർഭജൻ സിങ്. അത്തരം വിക്കറ്റുകളൊരുക്കുന്നതിൽ കാര്യമില്ല. ബാറ്റ്സ്മാൻമാർക്കും എന്തെങ്കിലും ചെയ്യാനാകണം. അവരോടുംകൂടി നീതി പുലർത്തുന്ന പിച്ചുകളാണൊരുക്കേണ്ടത്.

നാലാംദിനം അവസാനമോ അ‍ഞ്ചാംദിനം ഉച്ചയ്ക്കോ ഒക്കെയേ ടെസ്റ്റ് മൽസരങ്ങൾ അവസാനിക്കാൻ പാടുള്ളൂ. നമ്മുടെ നേരത്തേയുള്ള ടീം മാനേജ്മെന്റുകൾ ഇതിനു വിരുദ്ധമായ പിച്ചുകൾ ഒരുക്കാനാണു നിർദേശിച്ചിരുന്നതെന്നും ഭാജി കൂട്ടിച്ചേർത്തു.

മൂന്നുദിവസത്തിനകം അവസാനിക്കുന്ന മൽസരങ്ങളെ എങ്ങനെയാണു ടെസ്റ്റുകളെന്നു വിളിക്കുകയെന്നും സമീപകാലത്തു സ്പിന്നിനെതിരെ നമ്മുടെ താരങ്ങളും പതറിയത് ഓർക്കണമെന്നും കൂടി ഹർഭജൻ സൂചിപ്പിച്ചിട്ടുണ്ട്. കോഹ്‌ലി– കുംബ്ലെ സഖ്യത്തിന് ഇക്കാര്യത്തിൽ മാറ്റം വരുത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയും ഹർഭജൻ പങ്കുവച്ചിട്ടുണ്ട്.