കോൺഫെഡറേഷൻസ് കപ്പ് സെമിയിൽ യൂറോപ്പ് X അമേരിക്ക

കസാൻ (റഷ്യ) ∙ വൻകരപ്പോരിൽ ഇനി ബാക്കി യൂറോപ്പും അമേരിക്കയും മാത്രം. കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ സെമിഫൈനൽ യൂറോപ്പും അമേരിക്കയും തമ്മിലുള്ള പോരാട്ടമായി. നാളെ ആദ്യ സെമിയിൽ, യൂറോപ്യൻ ചാംപ്യൻമാരായ പോർച്ചുഗലിന് എതിരാളികൾ കോപ്പ അമേരിക്ക ജേതാക്കളായ ചിലെ; ലോകചാംപ്യന്മാരായ ജർമനി കോൺകകാഫ് ജേതാക്കളായ മെക്സിക്കോയെ വ്യാഴാഴ്ച രണ്ടാം സെമിയിലും നേരിടും.

ഗ്രൂപ്പിലെ അവസാന കളിയിൽ, ഓസ്ട്രേലിയയുമായി 1–1 സമനില വഴങ്ങിയത് ചിലെയുടെ ‘സുവർണ തലമുറ’യുടെ പോരാട്ടവീര്യത്തെക്കുറിച്ചുള്ള ചോദ്യചിഹ്നം കൂടിയായി. 42–ാം മിനിറ്റിൽ ജയിംസ് ട്രോയിസിയുടെ ഗോളിൽ ഓസ്ട്രേലിയയാണു മുന്നിലെത്തിയത്. മധ്യനിരയിൽ, ട്രോയിസിക്കു കളിക്കാൻ വാതിലുകൾ തുറന്നിട്ട ചിലെ, തങ്ങളുടെ പ്രതിരോധ ദൗർബല്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. 67–ാം മിനിറ്റിൽ മാർട്ടിൻ റോഡ്രിഗസിന്റെ ഗോളിൽ  നേടിയ സമനിലയ്ക്കപ്പുറം ഒരിക്കൽക്കൂടി സ്കോർ ഉയർത്താൻ കോപ്പ അമേരിക്ക ചാംപ്യൻമാർക്കു സാധിച്ചുമില്ല.