ഓസിൽ: ലോക ഫുട്ബോളിലെ ‘അസിസ്റ്റ് കിങ് ’

ജർമനിക്കുവേണ്ടി 92 മൽസരങ്ങളിൽ 23 ഗോളുകൾ നേടിയ ഓസിൽ‌ 2014ൽ ലോകകപ്പ് നേടിയ ടീമിലെ പ്രധാനികളിലൊരാളാണ്. തുർക്കിഷ് വംശജനാണെങ്കിലും ജർമനിയിലാണ് ഓസിൽ ജനിച്ചതും വളർന്നതും. പടിഞ്ഞാറൻ ജർമനിയിലെ ഗെൽസെൻകിർഷനിൽ 1988 ഒക്ടോബർ 15നായിരുന്നു ജനനം. ഇപ്പോൾ 29 വയസ്സ് ലോക ഫുട്ബോളിൽ ‘അസിസ്റ്റ് കിങ്’ എന്നാണു മെസുട് ഓസിൽ അറിയപ്പെടുന്നത്. അതായത് ഗോൾ അടിക്കുന്നതിനെക്കാൾ സഹതാരങ്ങളെ അതിനു സഹായിക്കുന്നയാൾ.

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആർസനലിനുവേണ്ടിയുള്ള ഓസിലിന്റെ കളിയാണ് ഈ വിശേഷണത്തിനു കാരണം. അവസരം മറ്റുള്ളവർക്കു വച്ചുനീട്ടാനുള്ള ഈ മനസ്സ് ഓസിലിന്റെ ജീവിതത്തിലും കാണാം. പന്ത് നിസ്വാർഥമായി പാസ് ചെയ്യുന്നതുപോലെ ഓസിൽ മറ്റുള്ളവരെ സഹായിക്കും. ലോകകപ്പ് നേടിയ ടീം അംഗമെന്നനിലയിൽ കിട്ടിയ 240,000 പൗണ്ട് (ഏകദേശം 2.3 കോടി രൂപ) ജർമൻ താരം നൽകിയത് ബ്രസീലിലെ 23 കുട്ടികളുടെ ചികിൽസയ്ക്കു വേണ്ടിയാണ്.

അങ്ങനെ ജർമനിയുടെ ലോകകപ്പ് ജയത്തിൽ സന്തോഷിച്ച ബ്രസീലുകാരായി അവർ. മെസുട് എന്ന തുർക്കിഷ് വാക്കിന്റെ അർഥം തന്നെ അതാകുന്നു– സന്തോഷം!