വിവേചനങ്ങളിൽ മനം മടുത്ത് ഓസിലിന്റെ വിരമിക്കൽ

‘രണ്ടു വ്യത്യസ്ത ബൂട്ടുകൾ’ കാലിൽ അണിഞ്ഞുകൊണ്ടുള്ള കളി ഒടുവിൽ മെസുട് ഓസിലിനു മതിയായി. ജയിക്കുമ്പോൾ ജർമൻകാരനായും തോൽക്കുമ്പോൾ കുടിയേറ്റക്കാരനായും മുദ്രകുത്തുന്നതു സഹിച്ചു തനിക്കു മടുത്തു എന്നു പറഞ്ഞാണ് ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കർമാരിലൊരാൾ രാജ്യാന്തര മൽസരങ്ങളിൽനിന്നു വിടവാങ്ങുന്നത്. വികാരനിർഭരമായ നീണ്ട കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ഓസിൽ വിരമിക്കൽ പ്രഖ്യാപിച്ചത്. ഓസിലിന്റെ വിരമിക്കലിന്റെ ബൂട്ടൊലികൾ ഫുട്ബോളിനപ്പുറം മനുഷ്യാവകാശ രംഗത്തും രാജ്യാന്തര നയതന്ത്ര ബന്ധങ്ങളിലും ഉയർത്തുന്നതു പുതിയ ചോദ്യങ്ങൾ. 

റഷ്യൻ ലോകകപ്പിനു തൊട്ടുമുൻപ് ഓസിലും സഹതാരം ഇൽകേ ഗുണ്ടോഗനും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതാണു പുതിയ വിവാദങ്ങൾക്കു തിരികൊളുത്തിയത്. ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്തതോടെ തോൽവിയുടെ പ്രധാന ബലിയാടായി ഓസിൽ. ഓസിലിന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്തു ജർമൻ ആരാധകരും മാധ്യമങ്ങളും രംഗത്തെത്തി. ടീം മാനേജർ ഒളിവർ ബിയറോഫും ഓസിലിനെ ശക്തമായ ഭാഷയിൽ വിമർശിച്ചു. ഇതേത്തുടർന്നു മകനോടു കളി നിർത്താൻ ഓസിലിന്റെ പിതാവ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.  

ദേശീയത വല്ലപ്പോഴും 

ജർമൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് റെയ്ൻഹാർഡ് ഗ്രിൻഡെൽ വരെ തന്നെ കുറ്റപ്പെടുത്തി എന്ന് ഓസിലിന്റെ കത്തിലുണ്ട്. ‘ഗ്രിൻഡെലിന്റെയും കൂട്ടാളികളുടെയും കണ്ണിൽ ജയിക്കുമ്പോൾ താൻ ജർമൻകാരനും തോൽക്കുമ്പോൾ കുടിയേറ്റക്കാരനുമാണ്..’’– കത്തിൽ ഓസിൽ പറയുന്നു. ജർമനിയിൽ നികുതി അടയ്ക്കുന്ന പൗരനായിട്ടും സ്കൂളുകൾക്കു സാമ്പത്തിക സഹായം നൽകിയിട്ടും ടീമിനൊപ്പം ലോകകപ്പ് നേടിയിട്ടും തന്നെ രാജ്യത്തെ ഒരു പൗരനായി കാണാൻ പലർക്കും കഴിയുന്നില്ല. 2009ൽ ടീമിനുവേണ്ടി അരങ്ങേറിയതുമുതൽ താൻ കൈവരിച്ച നേട്ടങ്ങൾ എല്ലാവരും മറക്കുന്നു. വംശീയാധിക്ഷേപവും വ്യക്തിബഹുമാനമില്ലായ്മയും മൂലം തനിക്കു മടുത്തു എന്ന് ഓസിൽ തുറന്നടിക്കുന്നു. പോളിഷ് വംശജരായ ലൂക്കാസ് പൊഡോൾസ്കിയും  മിറോസ്ലാവ് ക്ലോസെയും നേരിടേണ്ടിവരാത്ത വിവേചനം താൻ എന്തുകൊണ്ട് അഭിമുഖീകരിക്കുന്നു എന്നു കത്തിൽ ഓസിൽ ചോദിക്കുന്നു. 

ജർമനി രണ്ടുതട്ടിൽ 

ഓസിലിന്റെ വിരമിക്കലിനോട്  വികാരനിർഭരമായിട്ടാണു ലോകം പ്രതികരിച്ചത്. ‘സ്റ്റാൻഡ് വിത്ത് ഓസിൽ, സേ നോ ടു റേസിസം’ ഹാഷ്ടാഗിലുള്ള ക്യാംപെയ്ൻ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.എന്നാൽ ജർമനിയിൽ ഓസിലിന്റെ അഭിപ്രായങ്ങളോടു സമ്മിശ്ര പ്രതിരണങ്ങളാണ്. ‘ഓസിലിനെപ്പോലൊരു താരത്തിനു വംശീയ വിവേചനം നേരിടേണ്ടിവന്നത് അപായകരമായ സൂചനയാണെന്നു ജർമൻ സാമൂഹിക നീതി വകുപ്പു മന്ത്രി കാതറീന ബാർലെ ട്വിറ്ററിൽ കുറിച്ചു. എന്നാൽ ജർമനിയിലുള്ള 30 ലക്ഷത്തോളം തുർക്കിഷ് വംശജർ വളരെ സന്തോഷമായിട്ടാണു ജീവിക്കുന്നതെന്നു ചാൻസലർ അംഗല മെർക്കലിന്റെ വക്താവ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.