സിംഗപ്പൂർ ∙ വംശീയ വിവാദങ്ങളുടെ ഇരുൾമറയിൽനിന്നു പുറത്തുവന്ന ജർമൻ താരം മെസൂട്ട് ഓസിൽ ക്ലബ് ഫുട്ബോളിൽ തന്റെ വരവറിയിച്ചു. സീസണു മുന്നോടിയായുള്ള സന്നാഹമൽസരത്തിൽ ആർസനൽ 5–1ന് ഫ്രഞ്ച് ടീമായ പിഎസ്ജിയെ മുക്കിയപ്പോൾ ആദ്യ ഗോൾ ഓസിൽ സ്വന്തമാക്കി. തുർക്കി വംശജനായതുകൊണ്ടു ജർമനിയിൽ തനിക്ക് വംശീയാധിക്ഷേപം നേരിട്ടുവെന്നും ഇനി ദേശീയ ടീമിൽ കളിക്കാനില്ലെന്നും ലോകകപ്പിനുശേഷം ഓസിൽ വ്യക്തമാക്കിയിരുന്നു.
ലോകകപ്പ് തോൽവിയുടെ ക്ഷീണത്തിൽനിന്നു കരകയറിയ ശരീരഭാഷയുമായി ആർസനലിന്റെ ക്യാപ്റ്റൻ സ്ഥാനവും ഏറ്റെടുത്താണ് ഓസിൽ കളത്തിലിറങ്ങിയത്. പിഎസ്ജിയിലേക്കു മാറിയ മുൻ യുവെന്റസ് ഗോൾകീപ്പർ ജിയാൻല്യൂ ബുഫണിനെ കീഴടക്കിയാണ് ഓസിൽ ഗോൾ നേടിയത്. ഫ്രാൻസിന്റെ അലയാന്ദ്രെ ലകാസറ്റെ ആർസനലിനുവേണ്ടി ഇരട്ടഗോളുകൾ നേടി.