കൊച്ചി ∙ കേരളത്തിൽ കളിയോട് ആത്മാർഥതയുള്ള, സജീവ ഫുട്ബോൾ കാണികൾ 12,400. ഈ കണക്കെടുപ്പ് ഇക്കഴിഞ്ഞ 27–ാം തീയതിയായിരുന്നു. കലൂർ നെഹ്റു സ്റ്റേഡിയത്തിൽനിന്നുള്ളത്. അന്ന് സ്പെയിനിലെ ജിറോണ എഫ്സയും മെൽബൺ സിറ്റി എഫ്സിയും ഏറ്റുമുട്ടിയപ്പോൾ കളി കാണാനുണ്ടായിരുന്നത് 12,400 പേരാണെന്നു സംഘാടകരുടെ കണക്ക്. സ്പാനിഷ് ലാലിഗയിൽനിന്നൊരു ടീം ഇന്ത്യയിൽ ആദ്യമായി കളിക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ എ ലീഗിൽ മുൻനിരക്കാരായ മെൽബൺ സിറ്റിയും ഇന്ത്യയിൽ ആദ്യം. കളി ഇങ്ങു കൊച്ചു കേരളത്തിൽ. ലോക ക്ലബ് ഫുട്ബോളിലെ മോശമല്ലാത്തൊരു കളി വിരുന്ന്. പക്ഷേ എത്തിയത് 12,400 പേർ മാത്രം.
ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ടൂർണമെന്റ് ഒത്തിരി കാര്യങ്ങളിലേക്കു വെളിച്ചം വീശി. അതിലൊന്നാണ് ഈ കണക്ക്. നല്ല രണ്ടു വിദേശ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ അതു കാണാൻ മലയാളികൾക്കെന്തേ താൽപര്യമില്ലാതെ പോയി? ബ്ലാസ്റ്റേഴ്സ് എന്നു കേൾക്കുമ്പോൾ പാഞ്ഞെത്തുന്ന ആരാധകരിൽ വലിയൊരു പങ്ക് ജിറോണ–മെൽബൺ സിറ്റി മൽസരം കാണാതിരുന്നതിനു കാരണമെന്താകാം? പല കാരണങ്ങളും പറയാം: മഴ, പലേടത്തും ഗതാഗത തടസ്സം, പ്രവൃത്തിദിനം.
കലൂർ സ്റ്റേഡിയത്തിൽ ജിറോണ–മെൽബൺ സിറ്റി മൽസരം കണ്ട 12,400ൽ മുഴുവൻ കൊച്ചിക്കാർ ആയിരുന്നില്ല. കണ്ണൂരിൽനിന്നും കോഴിക്കോട്ടുനിന്നും പാലക്കാട്ടുനിന്നും തൃശൂരിൽനിന്നുമെല്ലാം എത്തിയവരും കൊച്ചിക്കാരും ഉൾപ്പെടുന്നതാണ് ആ 12,400. യഥാർഥത്തിൽ കളിയെ സ്നേഹിക്കുന്നവർ. വെറും ക്ലബ് ആരാധകരല്ല അവർ. നല്ല ഫുട്ബോൾ കാണണമെന്ന് ആഗ്രഹിക്കുന്നവർ. അതിനായി കഷ്ടപ്പാട് സഹിക്കാൻ തയാറുള്ളവർ. അവർക്കു ശരിക്കും വിരുന്നായി മെൽബണിനെതിരെ ജിറോണ പുറത്തെടുത്ത അതിവേഗ ആക്രമണങ്ങളും ഗോളടി മികവും.
മികച്ച ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്സ് കളിക്കുമ്പോൾ തോൽവിക്കു സാധ്യത കൂടുതലാണെന്നതു തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. തിരിച്ചറിവുകൾ വേറെയുമുണ്ട്. മെൽബൺ സിറ്റിയിൽനിന്നു ജിറോണയിലേക്കുള്ള ദൂരത്തിനിടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഏറെ മെച്ചപ്പെട്ടു. വരുന്ന ഐഎസ്എൽ സീസണിൽ ഏറ്റവും മികച്ച പ്രതിരോധ നിരകളിലൊന്നായിരിക്കും ബ്ലാസ്റ്റേഴ്സിന്റേത്.
എതിരാളികൾ ദയയില്ലാതെ ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിൽ ഗോളടിച്ചുകൂട്ടി എന്നതിനേക്കാൾ ടീമിനു ലഭിച്ച മൽസരപരിചയത്തിനു പ്രാധാന്യം നൽകണം. പുതു സീസണിൽ ഒരുപക്ഷേ ബെംഗളൂരു എഫ്സി കഴിഞ്ഞാൽ ഏറ്റവും മികച്ച തയാറെടുപ്പിനു തുടക്കമിട്ടതു ബ്ലാസ്റ്റേഴ്സ് തന്നെ. മധ്യനിരയിലേക്ക് പരിചയസമ്പത്തും പ്രതിഭയും കളിയാസൂത്രണവും കഠിനാധ്വാനശീലവുമുള്ളൊരു വിദേശ താരത്തെക്കൂടി വേണമെന്ന തിരിച്ചറിവും ഈ ടൂർണമെന്റിലൂടെ ബ്ലാസ്റ്റേഴ്സിനു ലഭിച്ചിരിക്കുന്നു. കറേജ് പെക്കുസനോ കെസിറോൺ കിസിത്തോയോ മോശക്കാരല്ല. പക്ഷേ ഒരു ടീമിനെയാകെ തോളിലേറ്റി വിജയങ്ങളിലേക്കു നയിക്കാനുള്ള പരിചയസമ്പത്തും പക്വതയും രണ്ടുപേർക്കും ആയിട്ടില്ല. അവരെ നയിക്കാനും കളത്തിൽ ഫലപ്രദമായി ഉപയോഗിക്കാനും കഴിവുള്ളൊരു പടനായകനെയാണ് ബ്ലാസ്റ്റേഴ്സിന് ഇനിയാവശ്യം.