പാരിസ്∙ ഫ്രഞ്ച് ലീഗിൽ നിമെസിനെതിരെ പിഎസ്ജി താരം ഏഞ്ചൽ ഡിമരിയ നേടിയ ഒളിംപിക് ഗോളിന്റെ അലയൊടുങ്ങുന്നില്ല. കോർണർ കിക്കിൽനിന്നു നേരിട്ട് പന്തു വലയിലെത്തിച്ചു ഡിമരിയ മിന്നിയ കളിയിൽ 4–2ന് ആണ് പിഎസ്ജി ജയിച്ചത്. നെയ്മർ, എംബപ്പെ, എഡിൻസൺ കവാനി എന്നിവരും ഗോളുകൾ നേടിയെങ്കിലും ഡിമരിയയുടെ ഗോളിനു മുന്നിൽ അതെല്ലാം നിഷ്പ്രഭമായി.
40–ാം മിനിറ്റിൽ കിട്ടിയ കോർണറിലായിരുന്നു ഡിമരിയ മാജിക്. കോർണർ സ്പോട്ടിൽനിന്ന് ഡിമരിയ എടുത്ത ഇടംകാൽ കിക്ക് ഗോൾമുഖത്തുനിന്ന് വളഞ്ഞു പോസ്റ്റിലേക്കു കയറി. നിമെസ് ഗോൾകീപ്പർ ഡൈവ് ചെയ്തെങ്കിലും പന്തിനെ എത്തിപ്പിടിക്കാനായില്ല.
സൂപ്പർ താരം കിലിയൻ എംബപ്പെ ഇൻജുറി ടൈമിൽ ചുവപ്പു കാർഡ് കണ്ടതുൾപ്പെടെ സംഭവബഹുലമായിരുന്നു മൽസരം. തന്നെ ഫൗൾ ചെയ്ത താരത്തെ പിടിച്ചു തള്ളിയതിനാണു ഫ്രഞ്ച് താരം ചുവപ്പു കാർഡ് കണ്ടത്. എംബപ്പെയെ ഫൗൾ ചെയ്ത ടെജി സവാനിയറും ചുവപ്പു കാർഡ് കണ്ടു. ജയത്തോടെ പിഎസ്ജി ലീഗിൽ ഒൻപതു പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു.
ഒളിംപിക് ഗോൾ എന്നാൽ
കോർണർ കിക്കിൽനിന്നു മറ്റു കളിക്കാരുടെയൊന്നും സഹായമില്ലാതെ നേരിട്ടു നേടുന്ന ഗോളിനെയാണ് ഒളിംപിക് ഗോൾ എന്നു പറയുന്നത്. 1924ൽ യുറഗ്വായ്ക്കെതിരെ ഒരു സൗഹൃദ മൽസരത്തിൽ അർജന്റീന താരം സെസാറിയോ ഒൻസാരിയാണ് ഇത്തരത്തിൽ ആദ്യ അംഗീകൃത ഗോൾ നേടിയത്.
യുറഗ്വായ് അന്നത്തെ ഒളിംപിക് ചാംപ്യൻമാർ ആയിരുന്നതിനാലാണ് ഗോളിന് ഇങ്ങനെ പേരു വീണത്. ഒളിംപിക്സ് ഫുട്ബോളിൽ ആദ്യമായൊരു ഒളിംപിക് ഗോൾ നേടിയത് ഒരു വനിതാ താരമാണ്. 2012 ലണ്ടൻ ഒളിംപിക്സിൽ കാനഡയ്ക്കെതിരെ അമേരിക്കയുടെ മെഗാൻ റാപിനോയ് ആയിരുന്നു അത്.
ലോകകപ്പ് ഫുട്ബോളിൽ ഒരേയൊരു ഒളിംപിക് ഗോളേ പിറന്നിട്ടുള്ളൂ. കൊളംബിയൻ താരം മാർക്കോസ് കോൾ 1962 ലോകകപ്പിൽ സോവിയറ്റ് യൂണിയനെതിരെ നേടിയത്. ഗിന്നസ് ബുക്ക് പ്രകാരം ഏറ്റവും കൂടുതൽ ഒളിംപിക് ഗോളുകൾ നേടിയത് തുർക്കി താരം സുക്രു ഗുലെസിനാണ്– 32 എണ്ണം!