നെയ്മറിനു കീഴിൽ ബ്രസീലിന് വിജയത്തുടക്കം; മെസ്സിയില്ലാതെ അർജന്റീനയ്ക്കും ജയം – വിഡിയോ

ഗോൾ നേടിയ നെയ്മറുടെ ആഹ്ലാദം

ന്യൂജഴ്സി∙ സൂപ്പർതാരം നെയ്മർ ടീമിന്റെ സ്ഥിരം നായകനായ ശേഷമുള്ള ആദ്യ മൽസരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. പൊരുതിക്കളിച്ച യുഎസ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ വീഴ്ത്തിയത്. ഫിർമീനോ (11), ക്യാപ്റ്റൻ നെയ്മർ (43, പെനൽറ്റി) എന്നിവർ ആദ്യ പകുതിയിൽ നേടിയ ഗോളുകളാണ് മഞ്ഞപ്പടയ്ക്ക് വിജയം സമ്മാനിച്ചത്.

ലോകകപ്പ് ക്വാർട്ടറിലെ തോൽവിക്കു ശേഷം ബ്രസീലിന്റെ ആദ്യ രാജ്യാന്തര മൽസരം കൂടിയായിരുന്നു ഇത്. ലോകകപ്പ് ക്വാർട്ടറിൽ ബൽജിയത്തോടു തോറ്റ ടീമിൽമിന്ന് നെയ്മർ, അലിസൻ ബക്കർ, ഫിലിപ്പെ കുടീഞ്ഞോ, തിയാഗോ സിൽവ എന്നിവരെ മാത്രം നിലനിർത്തിയാണ് യുഎസ്സിനെതിരെ ടിറ്റെ ടീമിനെ അണിനിരത്തിയത്. മൽസരം ആരംഭിച്ച് അധികം വൈകാതെ തന്നെ ബ്രസീൽ ലീഡെടുത്തു. ഡഗ്ലസ് കോസ്റ്റയുടെ ഉജ്വലമായൊരു മുന്നേറ്റത്തിൽനിന്നാണ് ഗോളിന്റെ പിറവി. അതിവേഗത്തിൽ യുഎസ് താരങ്ങളെ ഓടിത്തോൽപ്പിച്ച് കോസ്റ്റ നൽകിയ തകർപ്പൻ പാസ്, മികച്ചൊരു വോളിയിലൂടെ ഫിർമീനോ വലയിലെത്തിച്ചു.

ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് യുഎസ് താരം ബോക്സിനുള്ളിൽ ഫാബീഞ്ഞോയെ വീഴ്ത്തിയതിന് ബ്രസീലിന് പെനൽറ്റി. കിക്കെടുത്ത നെയ്മറിനു പിഴച്ചില്ല. പന്തു നേരെ വലയിൽ. സ്കോർ 2–0. ലീഡ് വർധിപ്പിക്കാൻ ബ്രസീലിന് വീണ്ടും അവസരങ്ങൾ ലഭിച്ചെങ്കിലും യുഎസ് ഗോൾകീപ്പർ സാക്ക് സ്റ്റീഫനും നിർഭാഗ്യവും വിലങ്ങുതടിയായി. ദുർബലരായ എൽ സാൽവദോറിനെതിരെ ചൊവ്വാഴ്ചയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദമൽസരം.

അർജന്റീനയ്ക്കും വിജയത്തുടക്കം

കലിഫോർണിയ∙ ലോകകപ്പിലെ നിരാശപ്പെടുത്തുന്ന തോൽവിക്കുശേഷം പുതിയ ‘ലുക്കിൽ’ കളത്തിലിറങ്ങിയ അർജന്റീനയും വിജയത്തോടെ തുടങ്ങി. സൂപ്പർതാരം ലയണൽ മെസ്സിയെ കൂടാതെ ഇറങ്ങിയ അർജന്റീന, ഗ്വാട്ടിമാലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഗോൺസാലോ മാർട്ടിനസ് (27, പെനൽറ്റി), ജിയോവാനി ലോസെൽസോ (35), ജിയോവാനി സിമിയോണി (44) എന്നിവരാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. അത്‍ലറ്റിക്കോ ഡി മഡ്രിഡിന്റെ പരിശീലകൻ കൂടിയായ ഡീഗോ സിമിയോണിയുടെ മകനാണ് അരങ്ങേറ്റത്തിൽത്തന്നെ ഗോൾ നേടിയ ജിയോവാനി സിമിയോണി.

ഫിഫ റാങ്കിങ്ങിൽ 146–ാം റാങ്കുകാരാണ് ഗ്വാട്ടിമാല. മെസ്സിക്കു പുറമെ സൂപ്പർതാരങ്ങളായ പൗളോ ഡൈബാല, സെർജിയോ അഗ്യൂറോ, ഏഞ്ചൽ ഡിമരിയ, ഗോൺസാലോ ഹിഗ്വയിൻ എന്നിവരൊന്നും അർജന്റീന ടീമിൽ ഉണ്ടായിരുന്നില്ല. ബുധനാഴ്ച കൊളംബിയയ്ക്കെതിരായണ് അർജന്റീനയുടെ അടുത്ത മൽസരം.

ബൽജിയം, യുറഗ്വായ് ജയിച്ചുതുടങ്ങി

മറ്റൊരു സൗഹൃദ മൽസരത്തിൽ ബൽജിയം സ്കോട്‌ലൻഡിനെ തോൽപ്പിച്ചു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ചെമ്പടയുടെ വിജയം. റൊമേലു ലുക്കാകു (28), ഏഡൻ ഹസാഡ് (46), മിഷി ബാറ്റ്സ്ഹുവായി (52, 60) എന്നിവരാണ് ബൽജിയത്തിനായി ഗോൾ നേടിയത്.

മറ്റൊരു മൽസരത്തിൽ യുറഗ്വായ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് മെക്സിക്കോയെ തോൽപ്പിച്ചു. ഹോസെ ജിമെനസ് (21), ലൂയി സ്വാരസ് (32, 40 – പെനൽറ്റി), ഗാസ്റ്റൺ പെരെയ്റോ (59) എന്നിവരാണ് യുറഗ്വായ്ക്കായി ഗോൾ േനടിയത്. റൗൾ ജിമെനസിന്റെ (25, പെനൽറ്റി) വകയാണ് മെക്സിക്കോയുടെ ആശ്വാസ ഗോൾ.