ലാൻഡോവർ∙ ഫിഫ റാങ്കിങ്ങിൽ 72–ാം സ്ഥാനത്തുള്ള എൽസാൽവദോറിനെതിരായ സൗഹൃദ ഫുട്ബോൾ മൽസരത്തിൽ ശക്തരായ ബ്രസീലിന് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ എൽസാൽവദോറിനെ മുക്കിയത്. അതേസമയം, മറ്റൊരു മൽസരത്തിൽ അർജന്റീനയെ കൊളംബിയ ഗോൾരഹിത സമനിലയിൽ തളച്ചു. യുഎസ്എ മെക്സിക്കോയെ 1–0ന് തകർത്തപ്പോൾ, വെനസ്വേല പാനമയെയും (2–0), ഇക്വഡോർ ഗ്വാട്ടിമാലയെയും (2–0) തോൽപ്പിച്ചു.
∙ ഇരട്ടഗോളുമായി റിച്ചാർലിസൻ
എൽസാൽവദോറിനെതിരായ മൽസരത്തിൽ യുവതാരം റിച്ചാർലിസന്റെ ഇരട്ടഗോളുകളാണ് ബ്രസീലിന് കരുത്തായത്. ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞജഴ്സിയിൽ ആദ്യമായി ആദ്യ ഇലവനിൽ അവസരം ലഭിച്ച റിച്ചാർലിസൻ, പരിശീലകൻ ടിറ്റെ തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു. 16, 50 മിനിറ്റുകളിലായിരുന്നു റിച്ചാർലിസന്റെ ഗോളുകൾ.
നാലാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഗോൾ നേടി ക്യാപ്റ്റൻ നെയ്മറാണ് ബ്രസീലിന്റെ ഗോളടിക്കു തുടക്കമിട്ടത്. റിച്ചാർലിസനെ ബോക്സിനുള്ളിൽ എൽസാൽവദോർ താരം വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. ഫിലിപ്പെ കുടീഞ്ഞോ (30), മാർക്വീഞ്ഞോസ് (90) എന്നിവരാണ് മഞ്ഞപ്പടയുടെ മറ്റു ഗോളുകൾ നേടിയത്.
നെയ്മറും കുടീഞ്ഞോയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെ ആദ്യ ഇലവനിൽ നിലനിർത്തിയ പരിശീലകൻ ടിറ്റെ, ഒരുപിടി പുതുമുഖ താരങ്ങൾക്കും എൽസാൽവദോറിനെതിരായ മൽസരത്തിൽ അവസരം നൽകി. ഗോൾകീപ്പർ നെറ്റോ, ഫുൾ ബാക്ക് ഏഡർ മിലിട്ടാവോ തുടങ്ങിയർക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയ ടിറ്റെ, സെന്റർ ഫോർവേഡ് റിച്ചാർലിസനെ ആദ്യമായി ആദ്യ ഇവലനിൽ ഉൾപ്പെടുത്തിയ ബാർസിലോനയുടെ യുവതാരം ആർതറിനെയും മധ്യനിരയിൽ ഉൾപ്പെടുത്തി.
സൗദി അറേബ്യയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മൽസരം. ഒക്ടോബർ 12ന് നടക്കുന്ന ഈ മൽസരത്തിനുശേഷം ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ബ്രസീൽ–അർജന്റീന ആവേശപ്പോരാട്ടം ഒക്ടോബർ 16ന്.
∙ മെസ്സിയില്ലാതെ അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
ഗോളവസരങ്ങൾ ഒരുക്കുന്നതിലും മികച്ച മുന്നേറ്റങ്ങൾ നടത്തുന്നതിലും ഇരു ടീമുകളും പരാജയപ്പെട്ട കളിയിൽ അർജന്റീനയും കൊളംബിയയും ഗോളില്ലാ സമനിലയിൽ പിരിഞ്ഞു. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിലുള്ള വിമർശനത്തെ കേളീമികവുകൊണ്ടു മറികടക്കാനുള്ള യാതൊരു വ്യഗ്രതയും ലയണൽ മെസ്സി ഇല്ലാതെയിറങ്ങിയ അർജന്റീനൻ താരങ്ങളിൽ കണ്ടില്ല.
ആറാം മിനിറ്റിൽ അർജന്റീന മധ്യനിര താരം എക്സെക്വിയൽ പലാസിയസിന്റെ പവർഷോട്ട് കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഓസ്പിന്ന തകർപ്പൻ ഡൈവിലൂടെ രക്ഷപ്പെടുത്തിയപ്പോൾ മാത്രമാണു മൽസരത്തിൽ ആവേശം പ്രതിഫലിച്ചത്.
സൂപ്പർതാരം ലയണൽ മെസ്സിയെ കൂടാതെ സെർജിയോ അഗ്യൂറോ, ഗോൺസാലോ ഹിഗ്വയിൻ തുടങ്ങിയവരും ഇല്ലാതെയായിരുന്നു അർജന്റീന കളത്തിലിറങ്ങിയത്. ഒക്ടോബർ 16ന് ബ്രസീലിനെതിരെയാണ് അർജന്റീനയുടെ അടുത്ത മൽസരം.
∙ ജയത്തോടെ ഇംഗ്ലണ്ട്
യൂറോപ്യൻ നേഷൻസ് ലീഗിൽ സ്പെയിനിനിതിരെ 2–1 തോൽവി പിണഞ്ഞ ഇംഗ്ലണ്ട് സൗഹൃദ മൽസരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ മാർക്കസ് റാഷ്ഫഡിന്റെ ഗോളിൽ രക്ഷപെട്ടു. 54–ാം മിനിറ്റിലെ ഹാഫ് വോളി ഷോട്ടിൽനിന്നാണു റാഷ്ഫഡിന്റെ ഗോൾ.
റഷ്യ ലോകകപ്പിലെ നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണു സ്വിറ്റ്സർലൻഡ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ സ്വിസ് താരം ഷെർദാൻ ഷാക്കീരിയുടെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയതും ഇംഗ്ലണ്ടിനു രക്ഷയായി.