21 വർഷത്തിനുശേഷം മുഖാമുഖം; ആദ്യമായി ചൈനയിൽ ഫുട്ബോൾ തട്ടാൻ ഇന്ത്യ

രാജ്യാന്തര സൗഹൃദ മൽസരത്തിന് ചൈനയിലെത്തിയ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം.

ഷുസോ (ചൈന) ∙ ലോകകപ്പ് ജേതാവായ ഇറ്റാലിയൻ കോച്ച് മാർസെലോ ലിപ്പി പരിശീലിപ്പിക്കുന്ന ചൈനയ്ക്കെതിരെ ഇന്ത്യ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മൽസരത്തിനു നാളെ ഇറങ്ങുന്നു. ലോകറാങ്കിങ്ങിൽ 76–ാം സ്ഥാനക്കാരായ ചൈനയെ 21 വർഷത്തിനു ശേഷമാണ് ഇന്ത്യ നേരിടുന്നത്. അതും ചൈനീസ് മണ്ണിൽ ഇന്ത്യയുടെ സീനിയർ ടീം രാജ്യാന്തര മൽസരം കളിക്കുന്നതു ചരിത്രത്തിലാദ്യവും! 

ചൈനയെ പ്രതിരോധിച്ചു കീഴ്പ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുകയെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി പറഞ്ഞു. കരുത്തുള്ള പ്രതിരോധ നിരയാണു ടീമിന്റെ നട്ടെല്ല്. ചൈനയ്ക്കെതിരെയും പ്രതിരോധത്തിൽ ഊന്നിയ കളിയാണു പുറത്തെടുക്കുക– ഛേത്രി പറഞ്ഞു.

എവേ മൽസരങ്ങളിൽ മികച്ച റെക്കോർഡ് എന്ന ലക്ഷ്യത്തോടെയാണു ടീം സമീപകാലത്തായി മൽസരങ്ങൾ തിരഞ്ഞെടുക്കുന്നത്. അടുത്ത വർഷത്തെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനു മുൻപായി രാജ്യാന്തര മൽസരപരിചയം ലക്ഷ്യമിട്ടാണ് ഇന്ത്യ ചൈനയിലെത്തിയത്. 22 അംഗ ടീമിൽ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇടം നൽകിയ മലയാളികളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ എന്നിവർ നാളെ കളിച്ചേക്കും. ബുധനാഴ്ച ഇന്ത്യൻ ടീം ചൈനയിലെത്തി. കളി നടക്കുന്ന ഷുസോയിൽ 15 ഡിഗ്രിയാണു താപനില. കാലാവസ്ഥയുമായി പൊരുത്തപ്പെടാൻകൂടിയാണു ടീം നേരത്തെയെത്തിയത്.  

മികച്ച പരിശീലകനാണു മാർസെലോ ലിപ്പി. അതിന്റെ പേരിൽ പക്ഷേ ഇന്ത്യയ്ക്കു   സമ്മർദ്ദമൊന്നുമില്ല. – ഛേത്രി    പറഞ്ഞു.