സുഷോ (ചൈന) ∙ കൊച്ചിയിൽ 1997 ലെ നെഹ്റു കപ്പിനു ശേഷം ഫുട്ബോൾ മൈതാനത്ത് വീണ്ടുമൊരു ഇന്ത്യ – ചൈന പോരാട്ടം ഇന്ന്. ചൈനീസ് മണ്ണിലെ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മൽസരമെന്ന ഖ്യാതിയുള്ള കളിക്കു കിക്കോഫ് വൈകിട്ട് 4.30ന്. കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാനാണ് ഇന്ന് ഇന്ത്യയെ നയിക്കുകയെന്ന് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ അറിയിച്ചു.
‘ജിങ്കാൻ ക്യാപ്റ്റൻസി അർഹിക്കുന്ന കളിക്കാരനാണ്. ഇന്ത്യയുടെ വിജയങ്ങളിലെ നിർണായക പങ്കാളി. ഛേത്രിയും ജെജെയും ഗുർപ്രീതും ഉൾപ്പെടെ നായകവേഷത്തിൽ തിളങ്ങിയവർ വേറെയുമുണ്ടെങ്കിലും ഈ കളിക്കു ക്യാപ്റ്റൻസി ജിങ്കാന് അവകാശപ്പെട്ടതാണ്’ – ക്യാപ്റ്റൻസി റൊട്ടേഷൻ നയത്തെക്കുറിച്ച് കോച്ച് വിശദീകരിച്ചു.
ചൈനയുടെ സമീപകാല ഫോം മോശമായത് ഇന്നത്തെ കളിയിലും പ്രതിഫലിക്കുമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പും കോച്ച് ഇന്ത്യൻ കളിക്കാർക്കു നൽകി. അവരുടെ അടുത്ത കാലത്തെ കളികൾ മോശമായിരുന്നിരിക്കാം. അതേ കളി പ്രതീക്ഷിച്ചാൽ നമ്മൾ മണ്ടന്മാരാകും. – കോൺസ്റ്റന്റൈൻ പറഞ്ഞു. ഇറ്റലിയെ ലോകകപ്പ് ജേതാക്കളാക്കിയ മാർസെലോ ലിപ്പിയാണു ചൈനയുടെ പരിശീലകൻ. പ്രമുഖ താരങ്ങളെല്ലാം ഇന്ന് ഇന്ത്യയ്ക്കെതിരെ കളിച്ചേക്കുമെന്നാണു വിവരം.
എവേ മൽസരങ്ങളിൽ മികച്ച റെക്കോർഡ് എന്ന ലക്ഷ്യത്തോടെയാണു ടീം സമീപകാലത്തായി മൽസരങ്ങൾ തിരഞ്ഞെടുക്കുന്നത്. അടുത്ത വർഷത്തെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനു മുൻപായി രാജ്യാന്തര മൽസരപരിചയം ലക്ഷ്യമിട്ടാണ് ഇന്ത്യ ചൈനയിലെത്തിയത്. 22 അംഗ ടീമിൽ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇടം നൽകിയ മലയാളികളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ എന്നിവർ ഇന്നു കളിച്ചേക്കും. ബുധനാഴ്ച ഇന്ത്യൻ ടീം ചൈനയിലെത്തി.
ലോകറാങ്കിങ്ങിൽ 76–ാം സ്ഥാനത്താണു ചൈന. ഇന്ത്യ 97–ാം സ്ഥാനത്തും. കൊച്ചിയിലെ മൽസരം ചൈന 2–1നു ജയിച്ചിരുന്നു. ഷാങ്ഹായിയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഷുസോയിൽ 15 ഡിഗ്രിയാണു കാലാവസ്ഥ. നേരത്തെ ഇവിടെയെത്തിയ ടീം കാലാവസ്ഥയുമായി പൊരുത്തപ്പെട്ടതായി കോച്ച് പറഞ്ഞു.