sections
MORE

ഒടുവിൽ ലിവർപൂളും തോറ്റു; വിജയത്തോടെ കിരീടപ്രതീക്ഷ സജീവമാക്കി സിറ്റി (2–1)

manchester-city-fc-celebration
SHARE

മാഞ്ചസ്റ്റർ∙ ആവേശം വാനോളമുയർത്തി ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്കു വിജയം. സീസണിൽ ഇതുവരെ തോൽവിയറിയാതെ കുതിക്കുകയായിരുന്ന ലിവർപൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റി തറപറ്റിച്ചത്. ആദ്യപകുതിയിൽ സിറ്റി ഒരു ഗോളിനു മുന്നിലായിരുന്നു. സെർജിയോ അഗ്യൂറോ (40), ലിറോയ് സാനെ (72) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. ലിവര്‍പൂളിന്റെ ആശ്വാസഗോൾ ഫിർമീനോ (64) നേടി.

മങ്ങിത്തുടങ്ങിയ കിരീടപ്രതീക്ഷകൾക്കും ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പുതുജീവൻ പകർന്നു. നിലവിൽ 21 മൽസരങ്ങളിൽനിന്ന് 50 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. തോറ്റെങ്കിലും 21 മൽസരങ്ങളിൽനിന്ന് 54 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തു തുടരുന്നു.

സീസണിലെ 21–ാം മൽസരത്തിലാണ് ലിവർപൂൾ ആദ്യ തോൽവി വഴങ്ങുന്നത്. ആർസനൽ (38, 2003–04), മാഞ്ചസ്റ്റർ യുണൈറ്റഡ് (24, 2010–1), മാഞ്ചസ്റ്റർ സിറ്റി (22, 2017–18) എന്നീ ടീമുകൾ മാത്രമാണ് പ്രീമിയർ ലീഗിൽ ഇതിലേറെ മൽസരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കിയിട്ടുള്ളത്. എല്ലാ ടൂർണമെന്റുകളിലുമായി കഴിഞ്ഞ 12 മൽസരങ്ങളിൽ ലിവർപൂളിനെതിരെ സിറ്റി നേടുന്ന രണ്ടാമത്തെ മാത്രം വിജയമാണിത്. മൂന്നു മൽസരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ ഏഴെണ്ണം സിറ്റി തോറ്റു.

∙ 2011–12 സീസണ്‍ മുതൽ ലീഗിലെ ‘ബിഗ് സിക്സ്’ എന്നറിയപ്പെടുന്ന വമ്പൻ ടീമുകൾക്കെതിരെ (ലിവർപൂൾ, ആർസനൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റ‍ഡ്, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം ഹോട്സ്പർ) സെർജിയോ അഗ്യൂറോ 37 ഗോളുകൾ നേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള താരത്തേക്കാൾ 16 ഗോൾ മുന്നിലാണ് അഗ്യൂറോ.

∙ എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിയും ലിവർപൂളും തമ്മിൽ നടന്ന ഏഴു മൽസരങ്ങളിലും അഗ്യൂറോ ഓരോ ഗോൾ നേടിയിട്ടുണ്ട്.

സ്പാനിഷ് ലീഗ്: റയലിന് സമനില

മഡ്രിഡ്∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മഡ്രിഡിനു ‘അൺഹാപ്പി ന്യൂഇയർ’. വിയ്യാറയലിനോട് 2–2 സമനില വഴങ്ങിയ റയൽ ഒന്നാം സ്ഥാനത്തുള്ള ബാർസിലോനയെക്കാൾ ഏഴു പോയിന്റ് പിന്നിലായി. മിഡ്ഫീൽഡർ സാന്തി കാസോർളയുടെ ഗോളിൽ വിയ്യാറയലാണ് ആദ്യം മുന്നിലെത്തിയത്. കരിം ബെൻസേമ റയലിനെ ഒപ്പമെത്തിച്ചു. റാഫേൽ വരാനെ 20–ാം മിനിറ്റിൽ റയലിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും 82–ാം മിനിറ്റിൽ കാസോർള തന്നെ വിയ്യാറയലിന്റെ സമനില ഗോൾ നേടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA