ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും ജയം. ന്യൂകാസിൽ യുണൈറ്റഡിനെ 2–0നാണ് യുണൈറ്റഡ് തോൽപ്പിച്ചത്. തുടർച്ചയായ നാലാം ജയത്തോടെ കോച്ച് ഒലെ ഗുണ്ണാർ സോൾഷ്യർ ഇതിഹാസ പരിശീലകൻ മാറ്റ് ബസ്ബിയുടെ റെക്കോർഡിന് ഒപ്പമെത്തി. ചെൽസി സതാംപ്ടനോട് ഗോളില്ലാ സമനില വഴങ്ങി. ക്രിസ്റ്റൽ പാലസ് വോൾവർഹാംപ്ടനെ 2–0നു തോൽപ്പിച്ചു
ലണ്ടൻ ∙ ‘എവിടെയായിരുന്നു ഇത്രയും കാലം?’– മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഒലെ ഗുണ്ണാർ സോൾഷ്യറോട് ചോദിച്ചു തുടങ്ങി! ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തുടർച്ചയായ നാലാം ജയത്തോടെ യുണൈറ്റഡിന് നവോത്ഥാനം. റൊമേലു ലുക്കാക്കു, മാർക്കസ് റാഷ്ഫോർഡ് എന്നിവരുടെ ഗോളുകളിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2–0നാണ് യുണൈറ്റഡ് തോൽപ്പിച്ചത്. ഹോസെ മൗറീഞ്ഞോ പുറത്തായതിനു ശേഷം ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്ത സോൾഷ്യർക്കു കീഴിൽ യുണൈറ്റഡിന്റെ തുടർച്ചയായ നാലാം ജയമാണിത്. 1946ൽ മാറ്റ് ബസ്ബിയാണ് ഇതിനു മുൻപ് ആദ്യ നാലു കളികളിലും ജയം കണ്ട ഒരേയൊരു യുണൈറ്റഡ് പരിശീലകൻ.
രണ്ടാം പകുതിയിൽ റൊമേലു ലുക്കാക്കുവിനെ പകരക്കാരനായി ഇറക്കിയ സോൾഷ്യറുടെ തന്ത്രം ഫലം കണ്ടു. കളത്തിലിറങ്ങി 38–ാം സെക്കൻഡിൽ ബൽജിയം താരം സ്കോർ ചെയ്തു. 80–ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡാണ് യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്. നാലു കളികളിൽ 14 ഗോളുകളാണ് യുണൈറ്റഡ് എതിർവലയിൽ കൊണ്ടിട്ടത്. നാലാം സ്ഥാനത്തുള്ള ചെൽസിയുമായുള്ള അകലം ഇതോടെ ആറു പോയിന്റായി കുറക്കാനും യുണൈറ്റഡിനു കഴിഞ്ഞു. സതാംപ്ടനോട് ഗോളില്ലാ സമനില വഴങ്ങിയതാണ് ചെൽസിക്കു വിനയായത്.