അബുദാബി ∙ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവായിരുന്നു ഇന്നലെ ഇന്ത്യയുടെ ക്യാപ്റ്റൻ; അതു ലൈനപ്പിൽ. കളിയിൽ പതിവു പോലെ ‘നായകനായത്’ ഒരാൾ തന്നെ– സുനിൽ ചേത്രി! കാത്തിരുന്നെത്തിയ ഏഷ്യൻ കപ്പിൽ തായ്‌ലൻഡിനെ 4–1നു തകർത്ത് ഇന്ത്യ ഗംഭീരമായി തുടങ്ങിയപ്പോൾ ഇരട്ട ഗോളുകളുമായി അതിനു കാർമികത്വം വഹിച്ചത് ഛേത്രി തന്നെ. ജയത്തോടെ എ ഗ്രൂപ്പിൽ മൂന്നു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറി. ഗ്രൂപ്പിലെ ആദ്യ കളിയിൽ ബഹ്റൈൻ യുഎഇയെ സമനിലയിൽ തളച്ചിരുന്നു. കളിയിൽ നാലു ഗോളുകൾ നേടിയതും ഇന്ത്യയ്ക്കു തുണയാകും. പത്തിന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം.
ഛേത്രി ഗോൾ
മലയാളി താരങ്ങളായ അനസിനും ആഷിഖിനും കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ ആദ്യ ഇലവനിൽ അവസരം നൽകി. ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും ആദ്യ അവസരം തായ്‌ലൻഡിന്. എട്ടാം മിനിറ്റിൽ തായ് താരം തിട്ടിപാന്റെ ഷോട്ട് പോസ്റ്റിനെ ചാരെ പുറത്തേക്കു പറന്നു.
മിഡ്ഫീൽഡിൽ മികച്ച പാസുകളുമായി തായ്‌ലൻഡ് കളിച്ചെങ്കിലും ഇന്ത്യൻ ഡിഫൻഡർമാർ ഉറച്ചു നിന്നു.
അനസിന്റെ ഒരു ക്ലിയറൻസ് ഗുർപ്രീതിനെ നിസ്സഹായനാക്കിയെങ്കിലും ഇഞ്ചുകൾ അകലത്തിൽ പുറത്തേക്കു പോയത് ഇന്ത്യയ്ക്കു ഭാഗ്യമായി. പിന്നാലെ മറ്റൊരു പന്ത് മികച്ച ടാക്കിളിലൂടെ ക്ലിയർ ചെയ്ത് അനസ് പ്രായശ്ചിത്തം ചെയ്തു. 27–ാം മിനിറ്റിൽ ആഷിഖിന്റെ മുന്നേറ്റം തടയുന്നതിനിടെ ബോക്സിൽ തായ് താരത്തിന്റെ കയ്യിൽ പന്തു തട്ടിയതിന് ഇന്ത്യയ്ക്കു പെനൽറ്റി. ഛേത്രിയുടെ കൂൾ കിക്കിൽ ഇന്ത്യ മുന്നിൽ.
തായ് തിരിച്ചടി
ഗോൾ നേടിയതിനു ശേഷം ആഘോഷമില്ലാതെ തിരിച്ചു നടന്ന ഛേത്രി തായ് തിരിച്ചടി മുൻകൂട്ടി കണ്ടിരുന്നോ? ആറു മിനിറ്റിനകം തായ്‌ലൻഡ് ഒപ്പമെത്തി. ബോക്സിനു വലതു പാർശ്വത്തിൽ നിന്നുള്ള ഫ്രീകിക്കിൽ തായ് താരം ഡാംഗ്ഡയെ മാർക്ക് ചെയ്യുന്നതിൽ ഇന്ത്യൻ ഡിഫൻസ് അലസമായി. ഡാംഗ്ഡയുടെ ഹെഡർ ഗുർപ്രീതിന്റെ കൈകൾക്കിടയിലൂടെ വലയിലേക്കു പോയി. ആദ്യ പകുതി അവസാനിക്കാൻ നാലു മിനിറ്റ് ശേഷിക്കെ ആഷിഖിന്റെ പാസ് ഛേത്രിയെ സ്വതന്ത്രമാക്കിയെങ്കിലും ഛേത്രിയുടെ ഷോട്ട് ബലൂൺ പോലെ പുറത്തേക്കു പറന്നു.
ഇന്ത്യൻ പകുതി
രണ്ടാം പകുതി തുടക്കത്തിൽ തന്നെ ഇന്ത്യ കളി ഏറ്റെടുത്തു. 47–ാം മിനിറ്റിൽ വലതു വിങിലൂടെ ഓടിക്കയറിയ ഉദാന്ത നൽകിയ ക്രോസ് ആഷിഖ് തൊട്ടു വിട്ടു. പിന്നാലെയെത്തിയ ഛേത്രി പന്തിനെ പോസ്റ്റിന്റെ വലതു മൂലയിലേക്കു ചാർത്തി. ലീഡെടുത്തതോടെ ഇന്ത്യൻ താരങ്ങൾ ഊർജ്വസലരായി. 68–ാം മിനിറ്റിൽ ഡാംഗ്ഡയിൽ നിന്നു പന്തു കിട്ടി, ഛേത്രി നൽകിയ പാസ് ഉദാന്ത അനിരുദ്ധിനു മറിച്ചു. ഉജ്വലമായ ചിപ് ഷോട്ടിൽ തായ് ഗോളി നിസ്സഹായൻ. ആഷിഖിനു പകരം കളത്തിലിറങ്ങിയ ജെജെയ്ക്കായിരുന്നു അടുത്ത ഊഴം. ഉദാന്തയുടെ ക്രോസ് തായ് താരം കെർദ്കെയ് മറിച്ചത് നൽസാരിയുടെ കാൽക്കൽ. അതിവേഗത്തിലുള്ള പാസിൽ നർസാരി ജെജെയെ കണ്ടെത്തി. ജെജെ ഗോളും!
ഇന്ത്യയുടെ തന്ത്രം വിജയിച്ചതെവിടെ?
മിഡ്ഫീൽഡിൽ കളി പിടിക്കുന്നതിനു പകരം തായ് പകുതിയിലേക്കു പന്തുമായി ഓടിക്കയറുന്നതിലാണ് ഇന്ത്യ ശ്രദ്ധിച്ചത്. ഉദാന്തയുടെയും ആഷിഖിന്റെയും ഓട്ടങ്ങൾ മെല്ലെപ്പോക്കുകാരായ തായ് ഡിഫൻസിനു പിടിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീഡെടുത്തതോടെ ഇന്ത്യയ്ക്കു മാനസികാധിപത്യമായി. അനിരുദ്ധിന്റെയും ജെജെയുടെയും ഗോളുകൾ മനഃസാന്നിധ്യത്തോടെയുള്ള ഫിനിഷിന് ഉദാഹരണം. ലീഡ് നേടിയിട്ടും അറ്റാക്കിങ് ഫുട്ബോൾ തന്നെ മതി എന്ന ഉദ്ദേശ്യത്തിലായിരുന്നു കോച്ച് കോൺസ്റ്റന്റൈന്റെ സബ്സ്റ്റിറ്റ്യൂഷനുകളും. ഗുർപ്രീതിന്റെ മികച്ച സേവുകളും ഇന്ത്യയ്ക്കു തുണയായി.
മെസ്സിക്ക് മുന്നിൽ; റൊണോയ്ക്കു പിന്നിൽ
രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ ലയണൽ മെസ്സിയെയും ഐവറി കോസ്റ്റ് താരം ദിദിയെ ദ്രോഗ്ബയെയും (65) മറികടന്ന സുനിൽ ഛേത്രിയുടെ മുന്നിൽ, ഇപ്പോഴും കളിക്കുന്ന ഫുട്ബോളർമാരിൽ ഇനിയുള്ളത് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം. ഛേത്രി 105 കളികളിൽ 67 ഗോളുകൾ നേടിയപ്പോൾ റൊണാൾഡോ 154 കളികളിൽ നേടിയത് 85 ഗോളുകൾ. വിരമിച്ച താരങ്ങളെക്കൂടി കണക്കിലെടുത്താൽ ഛേത്രി 20–ാം സ്ഥാനത്താണ്. മുൻ ഇറാൻ താരം അലി ദേയിക്കാണ് റെക്കോർഡ്– 149 കളികളിൽ 109 ഗോളുകൾ.