ഐസോൾ ∙ ഐ ലീഗ് ഫുട്ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ റെക്കോർഡിന് പതിനാറുകാരൻ രോഹിത് ധനു അർഹനായി. ഇന്നലെ മുൻ ചാംപ്യന്മാരായ ഐസോൾ എഫ്സിയെ 1–0ന് കീഴടക്കിയ ഇന്ത്യൻ ആരോസിനു വേണ്ടി ഗോൾ നേടിയതു ധനുവാണ്.
ജയത്തോടെ, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ജൂനിയർ താരങ്ങളുടെ ടീമായ ആരോസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്കു കയറി. ഐസോൾ എഫ്സി ഒരു സ്ഥാനം നഷ്ടപ്പെടുത്തി 10–ാം സ്ഥാനത്തായി. എഐഎഫ്എഫ് എലീറ്റ് അക്കാദമിയിലൂടെ രംഗത്തെത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ രോഹിത് ധനു ഇന്ത്യൻ അണ്ടർ 16, അണ്ടർ 17 ടീമുകളിൽ കളിച്ചിട്ടുണ്ട്.
ഇന്നലെ രോഹിത് ധനുവിനു പ്രായം 16 വർഷവും അഞ്ചു മാസവും 27 ദിവസവും. ജിതേന്ദ്ര സിങ് 2017 ഡിസംബർ 26ന് ഷില്ലോങ് ലജോങ്ങിനെതിരെ ഗോൾ നേടിയപ്പോൾ 16 വർഷവും 6 മാസവും 13 ദിവസവുമായിരുന്നു പ്രായം.