ബാർസിലോന ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോനയ്ക്കു സന്തോഷദിനം. ലയണൽ മെസ്സിയുടെയും ലൂയി സ്വാരെസിന്റെയും ഗോളുകളിൽ ഗെറ്റാഫെയെ 2–0നു തോൽപ്പിച്ച ബാർസ ഒന്നാം സ്ഥാനത്ത് ലീഡ് അഞ്ചു പോയിന്റാക്കി ഉയർത്തി.
രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള അത്‌ലറ്റിക്കോ മഡ്രിഡും സെവിയ്യയും 1–1 സമനിലയിൽ പിരിഞ്ഞതും ബാർസയ്ക്കു നേട്ടമായി. അഞ്ചാമതുള്ള റയൽ മഡ്രിഡ് റയൽ സോസിദാദിനോട് 0–2നു തോറ്റു. ഗെറ്റാഫെയുടെ മൈതാനത്ത് 20–ാം മിനിറ്റിൽ മെസ്സിയാണ് ബാർസയെ മുന്നിലെത്തിച്ചത്.
മെസ്സിയുടെ ആദ്യശ്രമം ഗെറ്റാഫെ ഗോൾകീപ്പർ ഡോവിഡ് സോറിയയുടെ കാലിൽ തട്ടി മടങ്ങിയെങ്കിലും രണ്ടാം ശ്രമം പിഴച്ചില്ല. 39–ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുള്ള വോളിയിൽ സ്വാരെസ് ബാർസയുടെ ലീഡുയർത്തി.
ഇടവേളയ്ക്കു തൊട്ടു മുൻപ് ജെയ്മെ മാട്ടയുടെ ഗോളിൽ ഗെറ്റാഫെ ഒന്നു തിരിച്ചടിച്ചു. സെവിയ്യക്കെതിരെ അന്റോയ്ൻ ഗ്രീസ്മാന്റെ സൂപ്പർ ഫ്രീകിക്കാണ് അത്‌ലറ്റിക്കോയെ രക്ഷിച്ചത്.