സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്കു വേണ്ടി ലാ ലിഗയിൽ 400 ഗോൾ തികച്ച ലയണൽ മെസ്സി കുറിച്ചതു പുതിയ ചരിത്രം. ലാ ലിഗയിൽ 400 ഗോൾ നേടുന്ന ആദ്യ കളിക്കാരനായ മുപ്പത്തിയൊന്നുകാരൻ അർജന്റീന താരം 435 മൽസരങ്ങളിൽനിന്നാണ് ഈ നേട്ടം കൈവരിച്ചത്. ഐബറിനെതിരെ നടന്ന കളിയുടെ 53–ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്രഗോൾ. ബാർസ കളി 3–0ന് ജയിച്ചു. ലൂയി സ്വാരെസാണു മറ്റു 2 ഗോളുകളും നേടിയത്. 2004ൽ ബാർസിലോനയ്ക്കു വേണ്ടി ലാ ലിഗ അരങ്ങേറ്റം കുറിച്ച മെസ്സി 2005 മേയിലാണ് ആദ്യഗോൾ നേടിയത്. അതിനു ശേഷം 13 വർഷവും 8 മാസവും 12 ദിവസവും കഴിഞ്ഞാണ് 400 ഗോൾ നേട്ടം.
യൂറോപ്പിലെ 5 മുൻനിര ലീഗുകളിലെ (ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ്) കണക്കിൽ പല ക്ലബ്ബുകൾക്കായി ഈ നേട്ടം കൈവരിച്ചവരുടെ പട്ടികയിൽ മെസ്സി രണ്ടാം സ്ഥാനത്താണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ മെസ്സിക്കു മുന്നിലുള്ളത്. 409 ഗോളുകൾ.