ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആർസനൽ ചെൽസിയെ 2–0നു വീഴ്ത്തി. എമിറേറ്റ്സ് സ്റ്റേഡിയത്തിലെ ജയത്തോടെ ഗണ്ണേഴ്സ് അഞ്ചാം സ്ഥാനത്തേക്കു കയറി. ലീഗിലെ ടോപ് ഫൈവ് പോരാട്ടവും ഇതോടെ കടുപ്പമായി. 60 പോയിന്റുമായി ലിവർപൂളും 56 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയും കിരീടപ്പോരിൽ മുന്നിൽ. 48 പോയിന്റോടെ ടോട്ടനം മൂന്നാമതും ഒരു പോയിന്റ് പിന്നിലായി ചെൽസി നാലാമതും. ആർസനലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും 44 പോയിന്റാണെങ്കിലും ഗോൾശരാശരിയിൽ ആർസനൽ മുന്നിൽ.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആദ്യ പകുതിയിലെ രണ്ടു ഗോളുകളിലാണ് ആർസനൽ ചെൽസിയെ വീഴ്ത്തിയത്. അലക്സാന്ദ്ര ലകാസെറ്റെ (14’), ലോറന്റ് കൊസീൽനി (39’) എന്നിവരാണ് ഗോളുകൾ നേടിയത്. പന്തവകാശത്തിലും പാസിങിലും മികച്ചു നിന്നെങ്കിലും ചെൽസിക്ക് ഒരു ഗോൾ പോലും മടക്കാനായില്ല.
എന്നാൽ അഞ്ചാം മിനിറ്റിൽ തന്നെ ആർസനൽ ആദ്യ ഗോൾ നേടേണ്ടതായിരുന്നു. ലകാസെറ്റെയുടെ ക്രോസ് ഔബെമെയാങ് കൃത്യമായി എത്തിപ്പിടിച്ചെങ്കിലും ഷോട്ട് പുറത്തേക്കു പോയി. കോസീൽനിയുടെ മറ്റൊരു ഷോട്ട് കെപ അരിസബലാഗ ഉജ്വലമായി സേവ് ചെയ്തതോടെ ചെൽസിക്ക് താൽക്കാലികാശ്വാസം.
എന്നാൽ 14–ാം മിനിറ്റിൽ അതു തീർന്നു. മാർക്കോസ് അലോൻസോയെയും പെഡ്രോ റോഡ്രിഗസിനെയും മറികടന്നു കയറി കോസീൽനി ലക്ഷ്യം കണ്ടു. തൊട്ടുപിന്നാലെ ഔബെമെയാങിനും അവസരം കിട്ടിയെങ്കിലും കെപയുടെ നേർക്കടിച്ചു. 39–ാം മിനിറ്റിൽ സോക്രട്ടീസ് പാപസ്റ്റാതോപൗലോസിന്റെ ക്രോസ് ആർസനൽ ക്യാപ്റ്റൻ കൊസീൽനിയുടെ തോളു കൊണ്ടു ഗോളിലേക്കു തട്ടിയിട്ടതോടെ ചെൽസിക്ക് വീണ്ടും ഗോൾ പാഠം.
ചെൽസിയുടെ ഗെയിം പ്ലാൻ പിഴച്ചതെവിടെ?
കൃത്യമായ ഒരു സെൻട്രൽ ഫോർവേഡ് ഇല്ലാതെ വില്ലിയൻ, ഹസാഡ്, പെഡ്രോ എന്നിവരെയാണ് ചെൽസി കോച്ച് മൗറീഷ്യോ സാറി മുന്നേറ്റത്തിൽ ഇറക്കിയത്. എന്നാൽ ആർസനൽ ഡിഫൻസ് ദുർബലമായിരുന്നിട്ടും അതു മുതലെടുക്കാൻ അവർക്കായില്ല. അപ്പുറം ലകാസെറ്റെ, ഔബമെയാണ് എന്നിവരെ ഇരട്ട സ്ട്രൈക്കർമാരാക്കിയായിരുന്നു ആർസനൽ കോച്ച് ഉനായ് എമെറിയുടെ ലൈനപ്പ്. ലകാസെറ്റെ ഗോൾ നേടുകയും ചെയ്തു. ഔബെമെയാങ് ഒട്ടേറെ തവണ ചെൽസി ഗോൾമുഖത്ത് ഭീഷണിയർത്തുകയും ചെയ്തു. യുവെന്റസിൽ നിന്ന് ഗോൺസാലെ ഹിഗ്വെയ്നെ സ്വന്തമാക്കുന്നതോടെ ഫിനിഷിങ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ചെൽസി.
ഹഡർസ്ഫീൽഡിന് എതിരെ ഡാനിലോ, റഹീം സ്റ്റെർലിങ്, ലിറോയ് സാനെ എന്നിവരുടെ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി 3–0നു ജയിച്ചത്. ശനിയാഴ്ച ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലിവർപൂൾ 4–3ന് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചിരുന്നു. മുഹമ്മദ് സലാ ഇരട്ട ഗോൾ നേടി.
റോബർട്ടോ ഫിർമിനോ, സാദിയോ മാനെ, ജയിംസ് മിൽനർ എന്നിവർ ഓരോന്നു വീതവും. പോൾ പോഗ്ബ, മാർക്കസ് റാഷ്ഫോർഡ് എന്നിവരുടെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈട്ടനെ 2–1നു തോൽപ്പിച്ചത്.