‘ഡാഡ്, എനിക്ക് പേടിയാകുന്നു': വാട്ട്സാപ്പിൽ സാല

ലണ്ടൻ ∙ ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ കാണാതായ അർജന്റീന ഫുട്ബോളർ എമിലിയാനോ സാലയും പൈലറ്റ് ഡേവും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ പൊലിയുന്നു. ഫ്രഞ്ച് നഗരമായ നാന്റെസിൽ നിന്ന് ഇംഗ്ലണ്ടിലെ കാർഡിഫിലേക്കു പുറപ്പെട്ട സാലയുടെ ചെറുവിമാനത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താനുള്ള തിരച്ചിലുകളാണ് ഇപ്പോൾ നടക്കുന്നതെന്ന് പൊലീസ് പറ‍ഞ്ഞു.

ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും വേർതിരിക്കുന്ന ഇംഗ്ലിഷ് ചാനലിലെ ദ്വീപുകളിലൊന്നായ ഗൂർനെസയിലെ പൊലീസാണ് തിരച്ചിൽ നടത്തുന്നത്. അഞ്ചു മണിക്കൂറോളം ഒട്ടേറെ വിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

ഡാഡ്, എനിക്കു പേടിയാകുന്നു! 

അതേ സമയം സാലയുടേതെന്നു പറയപ്പെടുന്ന വാട്ട്സാപ്പ് വോയിസ് മെസേജ് ഇന്നലെ പുറത്തു വന്നു. വിമാനം തകരാൻ പോവുകയാണെന്ന് ഭയപ്പാടോടെ സാല പറയുന്നതാണ് സന്ദേശം. ‘‘ ഞാൻ ഇപ്പോൾ വിമാനത്തിലാണ്. ഇതു തകരാൻ പോകുന്നതു പോലെ തോന്നുന്നു. ഡാഡ്, എനിക്ക് ശരിക്കും പേടിയാകുന്നു..’’. ശബ്ദം സാലയുടേതു തന്നെയെന്ന് താരത്തിന്റെ പിതാവ് ഹൊറാഷ്യോ സ്ഥിരീകരിച്ചതായി അർജന്റീന ദിനപത്രമായ ക്ലാരിൻ എഴുതി. അതേ സമയം താരത്തിന്റെ പഴയ ക്ലബായ നാന്റെസിലും പുതിയ ക്ലബായ കാർഡിഫിലും ആരാധകർ പ്രാർഥനകളുമായി സജീവമാണ്.

167 കോടി രൂപ 

ഫ്രഞ്ച് ക്ലബ് നാന്റെസിൽ നിന്ന് ഈയിടെയാണ് സാല പ്രീമിയർ ലീഗ് ക്ലബ് കാർഡിഫ് സിറ്റിയുമായി കരാർ ഒപ്പിട്ടത്. കാർഡിഫ് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീയായ 18 ദശലക്ഷം പൗണ്ടിനായിരുന്നു (ഏകദേശം 167 കോടി രൂപ) കൂടുമാറ്റം. വെള്ളിയാഴ്ച കാർഡഫിലെത്തിയ സാല ക്ലബിൽ രേഖകൾ ഒപ്പിടലും വൈദ്യപരിശോധനയും പൂർത്തിയാക്കി നാന്റെസിലേക്കു തന്നെ മടങ്ങി. പിന്നീട് ടീമിനൊപ്പം ചേരാനായി കാർഡിഫിലേക്കു തന്നെയുള്ള യാത്രയ്ക്കിടെയാണ് താരത്തെ കാണാതായത്. സാലയും ബ്രിട്ടീഷുകാരനായ പൈലറ്റ് ഡേവ് ഇബോട്ട്സണും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.