ലണ്ടൻ ∙ ഫ്രഞ്ച് നഗരമായ നാന്റെസിൽ നിന്ന് ഇംഗ്ലണ്ടിലെ കാർഡിഫിലേക്കുള്ള വിമാനയാത്രയ്ക്കിടെ കാണാതായ അർജന്റീന ഫുട്ബോളർ എമിലിയാനോ സാലയ്ക്കായുള്ള തിരച്ചിൽ നിർത്തരുതെന്ന അപേക്ഷയുമായി ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സി. പ്രതീക്ഷ ബാക്കിയുള്ള സ്ഥിതിക്ക് തിരച്ചിൽ നിർത്തരുതെന്ന് മെസ്സി ഇൻസ്റ്റഗ്രാമിൽ ആവശ്യപ്പെട്ടു. സാലയും പൈലറ്റ് ഡേവും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ പൊലിഞ്ഞതോടെ ഇവർക്കായുള്ള തിരച്ചിൽ വ്യാഴാഴ്ച അവസാനിപ്പിച്ചിരുന്നു. മൂന്നുദിവസത്തെ തുടർച്ചയായ തിരച്ചിലിനൊടുവിലും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് സാലയ്ക്കായുള്ള തിരച്ചിൽ നിർത്താൻ പൊലീസും അധികൃതരും തീരുമാനിച്ചത്.
‘ചെറിയൊരു സാധ്യതയെങ്കിലും അവശേഷിക്കുന്ന സാഹചര്യത്തിൽ, നൂലിഴ വലുപ്പത്തിൽ പ്രതീക്ഷ ബാക്കിനിൽക്കുമ്പോൾ, എമിലിയാനോയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് വിനീതമായി അഭ്യർഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും എല്ലാ പിന്തുണയുമുണ്ടാകും. ഒപ്പം സാലയ്ക്കായി പ്രാർഥിക്കുകയും ചെയ്യുന്നു’ – മെസ്സി കുറിച്ചു. സാലയ്ക്കായുള്ള തിരച്ചിൽ നിർത്തരുതെന്ന അപേക്ഷയുമായി അദ്ദേഹത്തിന്റെ സഹോദരി റോമിയും രംഗത്തെത്തിയിരുന്നു.
ഫ്രഞ്ച് ക്ലബ് നാന്റെസിൽ നിന്ന് ഈയിടെയാണ് സാല പ്രീമിയർ ലീഗ് ക്ലബ് കാർഡിഫ് സിറ്റിയുമായി കരാർ ഒപ്പിട്ടത്. കാർഡിഫ് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീയായ 18 ദശലക്ഷം പൗണ്ടിനായിരുന്നു (ഏകദേശം 167 കോടി രൂപ) കൂടുമാറ്റം. വെള്ളിയാഴ്ച കാർഡഫിലെത്തിയ സാല ക്ലബിൽ രേഖകൾ ഒപ്പിടലും വൈദ്യപരിശോധനയും പൂർത്തിയാക്കി നാന്റെസിലേക്കു തന്നെ മടങ്ങി. പിന്നീട് ടീമിനൊപ്പം ചേരാനായി കാർഡിഫിലേക്കു തന്നെയുള്ള യാത്രയ്ക്കിടെയാണ് താരത്തെ കാണാതായത്. സാലയും ബ്രിട്ടീഷുകാരനായ പൈലറ്റ് ഡേവ് ഇബോട്ട്സണും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇതിനിടെ വിമാനം തകരുന്നതിനു മുമ്പ് സാല കുടുംബാംഗങ്ങുമായി നടത്തിയ സംസാരത്തിന്റെ പൂർണരൂപം പുറത്തുവന്നു. വിമാനം തകരാൻ പോകുകയാണെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും കുടുംബാംഗങ്ങളോട് വിവരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്.