അബുദാബി ∙ ലോകകപ്പ് ജേതാവായ ഇറ്റാലിയൻ പരിശീലകൻ മാർസെലോ ലിപ്പി ചൈനയിലെ ‘ജോലി’ മതിയാക്കി. ഏഷ്യൻ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ചൈന 3–0ന് ഇറാനോടു തോറ്റതിനു പിന്നാലെയാണ് എഴുപതുകാരൻ പരിശീലകന്റെ പ്രഖ്യാപനം. ‘ഈ കളിയോടെ ചൈനയിൽ എന്റെ ജോലി അവസാനിച്ചു. ഇനി കരാർ പുതുക്കാനില്ല. ഇത്രയും വലിയൊരു രാജ്യത്തിന്റെ പരിശീലകനായിരിക്കാൻ ലഭിച്ച അവസരത്തിനു നന്ദി. പക്ഷേ, ഇതുപോലുള്ള പിഴവുകൾ അംഗീകരിക്കാൻ എനിക്കു ബുദ്ധിമുട്ടാണ്.’– മാധ്യമസമ്മേളനത്തിൽ വികാരവിക്ഷോഭം പുറത്തു കാട്ടാതെ ലിപ്പി തുറന്നടിച്ചു.
ചൈനയെ അനാസായം 3–0ന് കീഴടക്കിയ ഇറാൻ തിങ്കളാഴ്ച സെമിയിൽ ജപ്പാനെ നേരിടും. മെഹ്ദി തരേമി, സർദർ അസ്മൗൻ, കരിം അൻസാരിഫാർദ് എന്നിവരാണ് ഇറാന്റെ ഗോളുകൾ നേടിയത്. മറ്റൊരു മൽസരത്തിൽ ഖത്തർ –0ന് ദക്ഷിണ കൊറിയയെ തോൽപിച്ചു. യുഎഇ– ഓസ്ട്രേലിയ ക്വാർട്ടറിലെ വിജയികളെ ഖത്തർ സെമിയിൽ നേരിടും.