ലണ്ടൻ∙ ഒലെ ഗുണ്ണർ സോൾഷ്യർക്കു കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയക്കുതിപ്പു തുടരുന്നു. എഫ്എ കപ്പ് നാലാം റൗണ്ടിൽ ആർസനലിനെ 3–1ന് യുണൈറ്റഡ് വീഴ്ത്തി. മുൻ ആർസനൽ താരം അലക്സിസ് സാഞ്ചെസ് തന്നെയാണ് ആദ്യ ഗോൾ നേടിയത്. ജെസെ ലിങാർദ്, ആന്തണി മാർഷ്യൽ എന്നിവർ ഗോളടി പൂർത്തിയാക്കി.
പിയെറി എമെറിക് ഔബെമെയാങാണ് ഗണ്ണേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്. സോൾഷ്യർക്കു കീഴിൽ തുടർച്ചയായ എട്ടാം മൽസരത്തിലാണ് യുണൈറ്റഡ് ജയിക്കുന്നത്.
ബൺലിയെ 5–0നു തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും മുന്നേറി. ഗബ്രിയേൽ ജിസ്യൂസ്, ബെർണാഡോ സിൽവ, കെവിൻ ഡിബ്രൂയ്നെ, സെർജിയോ അഗ്യൂറോ എന്നിവരാണ് ഗോൾ നേടിയത്. ഒന്ന് ബൺലി താരം കെവിൻ ലോങിന്റെ സെൽഫ് ഗോൾ.