കൊൽക്കത്തക്കാരുടെ ‘ബൈസിക്കിൾ മാൻ’ ആണ് ജോബി അഗസ്റ്റിൻ. പരിശീലനത്തിനടക്കം ജോബി എത്തുന്നതു സൈക്കിളിൽ ആണെന്നതു മാത്രമല്ല കാരണം, മോഹൻ ബഗാനെതിരെയുള്ള ബൈസിക്കിൾ കിക്ക് അവർക്കു ശരിക്കും ബോധിച്ചു ! ഞായറാഴ്ച ബഗാനെതിരെയുള്ള കൊൽക്കത്ത ഡാർബിയിൽ ജോബി ഹെഡ്ഡറിലൂടെ ഗോൾ നേടി. ജെയ്മി സാന്റോസ് നേടിയ ആദ്യ ഗോളിന്റെ അസിസ്റ്റും ജോബിയുടെ വക. ഡിസംബർ 16ന് നടന്ന ആദ്യ ഡാർബിയിൽ ബഗാനെ 3- 2ന് തോൽപിക്കുമ്പോഴും ജോബി ഒരു ഗോൾ നേടി, ഒന്നിന് സഹായിയായി.
അന്നത്തെ ഗോളോടെയാണ് ജോബി അവരുടെ സ്വന്തം ‘സൈക്കിളോട്ട’ക്കാരനായത്. കൊൽക്കത്തയുടെ പുത്തൻ ആവേശമാണ് തിരുവനന്തപുരം വെട്ടുകാടിന്റെ കടൽത്തീരത്ത് പന്തുതട്ടി നടന്ന ജോബി. ഐ ലീഗ് ഫുട്ബോളിൽ ജോബി ഇതുവരെ നേടിയത് 8 ഗോൾ. ടോപ് സ്കോറർ സ്ഥാനത്ത് മൂന്നാമത്. ഇന്ത്യൻ താരങ്ങളിൽ ഒന്നാമതും.
∙ മുടിയഴക്, തലയഴക്
ഹെയർ സ്റ്റൈലിൽ പല പരീക്ഷണങ്ങളും നടത്തുന്ന ജോബി നേടിയ ഗോളുകളിൽ കൂടുതലും ഹെഡറിൽനിന്ന്. ഈസ്റ്റ് ബംഗാളിന്റെ കളിരീതിയാണിതിനു കാരണമെന്നു ജോബി പറയും. സെറ്റ് പീസുകളക്കം വിങ്ങുകളിൽനിന്നുള്ള ക്രോസുകളെ കൂടുതലായി ആശ്രയിക്കുന്നതാണ് അവരുടെ രീതി. തലയെടുപ്പുള്ള ഒരു സ്ട്രൈക്കർക്ക് അവിടെ കാര്യങ്ങൾ എളുപ്പമാകുന്നു.
∙ ഫ്രം വെട്ടുകാട്
തോമസ് സെബാസ്റ്റ്യൻ, വിനു ജോസ്, ഇഗ്നേഷ്യസ്..വെട്ടുകാടിന്റെ പൂഴിമണൽ കരുത്തേകിയ ഈ താരങ്ങളുടെ കൂട്ടത്തിലേക്കാണ് ജോബിയും. പാളയം സെന്റ് ജോസഫ്സ് സ്കൂളിലെ പഠനത്തിനുശേഷം എംജി കോളജിൽ പഠിക്കുമ്പോൾ 2തവണ കേരള സർവകലാശാലയെ പ്രതിനിധീകരിച്ചു. ഡിഗ്രി പഠനത്തിന്റെ ആദ്യ 2 വർഷങ്ങളിൽ ടൈറ്റാനിയത്തിന്റെ അതിഥിതാരമായിരുന്നു. അവസാനവർഷം കെഎസ്ഇബി ടീമിൽ. ഇപ്പോൾ ലീവിൽ ഈസ്റ്റ് ബംഗാളിൽ.
കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിക്കു കളിക്കുമ്പോഴാണ് ഈസ്റ്റ് ബംഗാൾ ജോബിയെ കണ്ടെത്തുന്നത്. 2015ൽ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചു. അതിനിയിൽ കാൽമുട്ട് പരുക്ക് മൂലം ഒരു വർഷം കളത്തിനു പുറത്ത്. മടങ്ങിയെത്തിയത് ഈസ്റ്റ് ബംഗാളിന്റെ ജഴ്സിയിൽ. വിങ് ബാക്ക് സ്ഥാനത്തുനിന്ന് മുന്നേറ്റനിരക്കാരനായിട്ട് അധികം വർഷമായിട്ടില്ല. കൊൽക്കത്ത ഫുട്ബോൾ ലീഗിലടക്കമുള്ള ഗോൾനേട്ടത്തിന്റെ നീളൻ ഹെഡറുകൾ പലതവണ ഹീറോ ഓഫ് ദ് മാച്ചാക്കി, ഒപ്പം കൊൽക്കത്തയുടെ ഹീറോയും.