ലണ്ടൻ ∙ പരിശീലകനായി പെപ് ഗ്വാർഡിയോളയുടെ 100–ാം മൽസരത്തിൽ, കളി തുടങ്ങി 24–ാം സെക്കൻഡിൽ സെർജിയോ അഗ്യൂറോയുടെ ഗോളിൽ ലീഡ് നേടിയിട്ടും സിറ്റി ന്യൂകാസിലിനോട് തോറ്റു. രണ്ടാം പകുതിയിലെ രണ്ടു ഗോളുകളിൽ തിരിച്ചടിച്ചാണ് മുൻ ലിവർപൂൾ പരിശീലകൻ റാഫ ബെനിറ്റിസ് പരിശീലിപ്പിക്കുന്ന ന്യൂകാസിലിന്റെ ജയം (2–1).
66–ാം മിനിറ്റിൽ സലോമോൺ റോണ്ടോണിന്റെ ഗോളിൽ ഒപ്പമെത്തിയ ന്യൂകാസിൽ 80–ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ വിജയവും സ്വന്തമാക്കി. മാറ്റ് റിച്ചിയാണ് വിജയഗോൾ നേടിയത്. പുതിയ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യർക്കു കീഴിൽ തുടരെ എട്ടു കളികൾ ജയിച്ച യുണൈറ്റഡ് ഇന്നലെ ബൺലിയോട് 2–2 സമനിലയുമായി രക്ഷപ്പെട്ടു.
86–ാം മിനിറ്റു വരെ രണ്ടു ഗോളിനു പിന്നിൽ നിന്ന യുണൈറ്റഡിനെ 87–ാം മിനിറ്റിൽ പോൾ പോഗ്ബയുടെയും ഇൻജറി ടൈമിൽ വിക്ടർ ലിൻഡെലോഫിന്റെയും ഗോളുകളാണ് രക്ഷിച്ചത്. വിമാനയാത്രയ്ക്കിടെ കാണാതായ കാർഡിഫ് താരം എമിലിയാനോ സാലയുടെ ഓർമകൾ തുടിച്ചു നിന്ന കളിയിൽ ആർസനൽ അവരെ 2–1നു തോൽപ്പിച്ചു.
പ്രീമിയർ ലീഗിലെ ആദ്യ 100 മൽസരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന റെക്കോർഡ് ഒറ്റയ്ക്കു നേടാനുള്ള അവസരം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്കു നഷ്ടം. 73 ജയങ്ങളുമായി ചെൽസിയിലായിരിക്കെ ഹോസെ മൗറീഞ്ഞോ കുറിച്ച റെക്കോർഡിനൊപ്പമെത്തി ഗ്വാർഡിയോള.