മെസ്സിക്ക് ജയിക്കാൻ തുണയില്ല, കോടികളെറിഞ്ഞിട്ടും ടീം പോര; ബാർസിലോനയ്ക്ക് എന്തു പറ്റി?
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്രത്തിൽ ഇന്നുവരെ ഒരു ലാ ലിഗ കിരീടമോ കിങ്സ് കപ്പ് ട്രോഫിയോ നേടിയിട്ടില്ലാത്ത സ്പാനിഷ് ഫുട്ബോൾ ക്ലബ്ബാണ് സെൽറ്റ വിഗോ. എന്നിട്ടും, കഴിഞ്ഞ ദിവസം രാത്രി അവർ ലോകത്തിലെ ഏറ്റവും കിരീടമൂല്യമുള്ള ക്ലബ്ബിനെ സമനിലയിൽ പിടിച്ചു. രണ്ടുതവണ പിന്നിൽപ്പോയിട്ടും ഗോളുകൾ തിരിച്ചടിച്ച്
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്രത്തിൽ ഇന്നുവരെ ഒരു ലാ ലിഗ കിരീടമോ കിങ്സ് കപ്പ് ട്രോഫിയോ നേടിയിട്ടില്ലാത്ത സ്പാനിഷ് ഫുട്ബോൾ ക്ലബ്ബാണ് സെൽറ്റ വിഗോ. എന്നിട്ടും, കഴിഞ്ഞ ദിവസം രാത്രി അവർ ലോകത്തിലെ ഏറ്റവും കിരീടമൂല്യമുള്ള ക്ലബ്ബിനെ സമനിലയിൽ പിടിച്ചു. രണ്ടുതവണ പിന്നിൽപ്പോയിട്ടും ഗോളുകൾ തിരിച്ചടിച്ച്
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്രത്തിൽ ഇന്നുവരെ ഒരു ലാ ലിഗ കിരീടമോ കിങ്സ് കപ്പ് ട്രോഫിയോ നേടിയിട്ടില്ലാത്ത സ്പാനിഷ് ഫുട്ബോൾ ക്ലബ്ബാണ് സെൽറ്റ വിഗോ. എന്നിട്ടും, കഴിഞ്ഞ ദിവസം രാത്രി അവർ ലോകത്തിലെ ഏറ്റവും കിരീടമൂല്യമുള്ള ക്ലബ്ബിനെ സമനിലയിൽ പിടിച്ചു. രണ്ടുതവണ പിന്നിൽപ്പോയിട്ടും ഗോളുകൾ തിരിച്ചടിച്ച്
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്രത്തിൽ ഇന്നുവരെ ഒരു ലാ ലിഗ കിരീടമോ കിങ്സ് കപ്പ് ട്രോഫിയോ നേടിയിട്ടില്ലാത്ത സ്പാനിഷ് ഫുട്ബോൾ ക്ലബ്ബാണ് സെൽറ്റ വിഗോ. എന്നിട്ടും, കഴിഞ്ഞ ദിവസം രാത്രി അവർ ലോകത്തിലെ ഏറ്റവും കിരീടമൂല്യമുള്ള ക്ലബ്ബിനെ സമനിലയിൽ പിടിച്ചു. രണ്ടുതവണ പിന്നിൽപ്പോയിട്ടും ഗോളുകൾ തിരിച്ചടിച്ച് സെൽറ്റ വിഗോ നേടിയ 2–2 സമനില, ബാർസിലോനയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ചയ്ക്കു മികച്ച ഉദാഹരണമാണ്. കാരണം, ഈ സമനിലയോടെ ലാ ലിഗ കിരീടപ്പോരിൽ റയൽ മഡ്രിഡിന് ഒപ്പമുണ്ടായിരുന്ന ബാർസിലോനയുടെ കുതിപ്പിടറി.
ഒരേ പോയിന്റായിരുന്നിട്ടും ഗോൾവ്യത്യാസത്തിൽ റയലിനു പിന്നിലായിരുന്ന ബാർസിലോനയ്ക്ക് ശേഷിക്കുന്ന 6 മത്സരങ്ങൾ ജയിച്ചാൽ മാത്രം മതിയാവില്ല; റയൽ വഴിയിൽ വീഴാൻ പ്രാർഥിക്കുക കൂടി വേണം! ഇനിയുള്ള മത്സരങ്ങളിലൊന്നിൽ അത്‌ലറ്റിക്കോ മഡ്രിഡിനെ വരെ നേരിടേണ്ട ബാർസയുടെ സ്ഥിതി ഒട്ടും ഭദ്രമല്ല. അതേസമയം, റയലിനാവട്ടെ ആയാസരഹിതമായ കളികളാണ് അധികവും.
20, 67 മിനിറ്റുകളിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽനിന്ന് ലൂയി സ്വാരെസ് നേടിയ ബാർസയുടെ 2 ഗോളുകൾ 50–ാം മിനിറ്റിൽ റഷ്യക്കാരൻ ഫയദോർ സ്മോളോവും 67–ാം മിനിറ്റിൽ സ്പാനിഷ് ഫുട്ബോളർ ഇയാഗോ അസ്പസും നേടിയ ഗോളുകളിലൂടെ സെൽറ്റ വിഗോ നിർവീര്യമാക്കിക്കളഞ്ഞു(2–2). കളി അവസാനിക്കാൻ നേരത്തു മറ്റൊരു ഗോൾ ബാർസയുടെ ഗോൾമുഖത്ത് ഇടിത്തീ വീഴ്ത്താതിരുന്നത് ഗോൾകീപ്പർ ടെർ സ്റ്റീഗന്റെ മിടുക്കുകൊണ്ടു മാത്രം. കൈവശമിരുന്ന കളിയിൽ സമനില സമ്മതിച്ച് വിലപ്പെട്ട 2 പോയിന്റ് നഷ്ടപ്പെടുത്തിയതിൽ തനിക്കു നിരാശയും ദേഷ്യവുമുണ്ടെന്നു ലൂയി സ്വാരെസ് മത്സരശേഷം പറഞ്ഞതു ബാർസിലോനയുടെ ഇപ്പോഴത്തെ പ്രതിസന്ധികളിലേക്കാണു വിരൽ ചൂണ്ടി നിൽക്കുന്നത്.
ഈ സമനില ഞങ്ങൾ ചോദിച്ചു വാങ്ങിയതാണ്. 2 പോയിന്റ് നഷ്ടപ്പെടുത്തിയതിന് ഒരു ന്യായീകരണവും പറയാനില്ലെന്ന സ്വാരെസിന്റെ ആത്മവിമർശനം മറ്റുപലരുടെയും പിടിപ്പുകേടിനെക്കുറിച്ചുള്ള പ്രതിഷേധമാണ്. കോവിഡ് ലോക്ഡൗണിനു ശേഷം ലീഗ് പുനരാരംഭിച്ചപ്പോൾ റയലിനെക്കാൾ 2 പോയിന്റ് ലീഡുണ്ടായിരുന്നു ബാർസയ്ക്ക്. എന്നാൽ, പിന്നീടു നടന്ന 5 കളികളിൽ 2 സമനില വഴങ്ങി ബാർസ തന്നെ ലീഡ് നഷ്ടപ്പെടുത്തി. ലോക്ഡൗണിനു ശേഷം ബാർസയുടെ കളി പഴയ നിലവാരത്തിലല്ലെന്നു കോച്ച് ക്വികെ സെറ്റിയൻ പറഞ്ഞതും കഴിഞ്ഞ ദിവസമാണ്.
ബാർസിലോനയുടെ ഭരണനേതൃത്വത്തിൽ സംഭവിക്കുന്ന പാളിച്ചകളെക്കുറിച്ച് ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർ അതൃപ്തി പരസ്യമാക്കിയതിന്റെ തുടർച്ചയാണ് ഇവയെല്ലാം. സമീപകാലത്തു ദശലക്ഷക്കണക്കിനു ഡോളർ ചെലവഴിച്ചു പുതിയ താരങ്ങളെ വാങ്ങിയെങ്കിലും അവയൊന്നും ടീമിനു ഗുണം ചെയ്യാത്ത അവസ്ഥ. സ്പോർടിങ് ഡയറക്ടറും മുൻ താരവുമായ എറിക് ആബിദാലിന്റെ കഴിവില്ലായ്മയാണ് മികച്ച താരങ്ങൾ ടീമിലെത്താത്തതിനു കാരണമെന്ന നിലപാടിലാണു മെസ്സി. തനിക്ക് ഇഷ്ടമില്ലാത്ത കളിക്കാരുടെ പട്ടിക അദ്ദേഹം ബാർസ മാനേജ്മെന്റിനു കൈമാറുകയും ചെയ്തു. താരങ്ങൾക്കൊപ്പം ആബിദാലിന്റെ പേരും മെസ്സിയുടെ ‘ബ്ലാക്ക് ലിസ്റ്റിൽ’ ഉണ്ടെന്നാണു സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
കഴിഞ്ഞ ദിവസം 33 വയസ്സു തികഞ്ഞ മെസ്സിക്കു തന്റെ കരിയറിന്റെ സായാഹ്നത്തിൽ മികച്ച വിജയങ്ങൾ നേടാൻ തുണയ്ക്ക് ആളില്ലാത്ത അവസ്ഥയാണിപ്പോൾ ബാർസയിൽ. മുൻനിരയിൽ, മെസ്സിക്ക് ഒപ്പം ഓടിക്കളിക്കാൻ യുറഗ്വായ് താരം ലൂയി സ്വാരെസിനു പഴയ പോലെ സാധിക്കുന്നില്ല. പരുക്കും ഫിറ്റ്നെസ് പ്രശ്നങ്ങളും മുപ്പത്തിമൂന്നുകാരൻ സ്വാരെസിനു വേണ്ടുവോളമുണ്ട്. മുൻനിരയിൽ പഴയ കൂട്ടാളി നെയ്മർ തന്നെ വേണമെന്ന നിർബന്ധത്തിലാണിപ്പോഴും മെസ്സി. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള പണത്തർക്കംമൂലം കഴിഞ്ഞ സീസണിൽ നടക്കാതെ പോയ ട്രാൻസ്ഫർ ഇത്തവണ നടക്കുമോയെന്നും നിശ്ചയമില്ല. ഏറെ പ്രതീക്ഷകളോടെ ബാർസിലോന വാങ്ങിയ അന്റോയ്ൻ ഗ്രീസ്മെൻ, ബാർസയുടെ പേരുകേട്ട എംഎസ്എൻ (മെസ്സി, സ്വാരെസ്, നെയ്മർ) ത്രയത്തിൽ നെയ്മറിനു പകരമാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ഗിനിയ– ബിസാവുവിൽ ജനിച്ച പതിനേഴുകാരൻ സ്പാനിഷ് താരം അൻസു ഫാത്തിക്ക് മത്സരസമ്മർദ്ദം താങ്ങാനുള്ള എല്ലുറപ്പുമായിട്ടില്ല.
മധ്യനിരയിൽ, പഴയ പ്ലേമേക്കർ ചാവിയുടെ പ്രതിരൂപമെന്നു വിശേഷിപ്പിക്കപ്പെട്ട ഇരുപത്തിമൂന്നുകാരൻ അർതർ മെലോയെ ഇറ്റലിയിലെ യുവെന്റസിനു നൽകി മുപ്പതുകാരൻ മിറാലെം പാനിക്കിനെ പകരം വാങ്ങുന്ന ‘സ്വാപ് ഡീൽ’ യാഥാർഥ്യമാകുന്നതറിഞ്ഞും ആരാധകർ മൂക്കത്തു വിരൽ വച്ചു നിൽക്കുന്നു. സെറ്റിയനു കീഴിൽ അർതറിന്റെ ഫോം മോശമായിരുന്നുവെന്നതു സത്യം. പക്ഷേ, പകരം വരുന്ന മുപ്പതുകാരൻ ബൾഗേറിയൻ താരം പാനിക്കിന്റെ കളി അതിലും കഷ്ടമാണ്! ബാർസ വിട്ടുപോകാൻ ഇഷ്ടമില്ലാതിരുന്ന അർതർ നിവൃത്തികേടു കൊണ്ട് യുവെയിലേക്കു പോകുമ്പോൾ ബാർസയ്ക്കു സാമ്പത്തിക ലാഭം മാത്രമാണത്രേ ലക്ഷ്യം. ഒരു കാര്യത്തിൽ മാത്രം ആശ്വസിക്കാം; അർതറിനു ബാർസയിൽ ലഭിച്ചിരുന്നതിന്റെ ഇരട്ടി വേതനം നൽകാൻ യുവെ മാനേജ്മെന്റ് സമ്മതിച്ചുകഴിഞ്ഞു!
അവസാനത്തെ 5 മിനിറ്റ് കളിയിലാണ് ബാർസിലോന വിലപ്പെട്ട 5 പോയിന്റുകൾ അടുത്തകാലത്ത് നഷ്ടമാക്കിയതെന്ന കളിക്കണക്ക് അവരുടെ ടീം ലൈനപ്പിന്റെ പ്രായാധിക്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ, മെസ്സിയുടെ പ്രകടനത്തിന്റെ ഗ്രാഫ് ഉയരുകയാണു ചെയ്തത്. ബാർസിലോന ഈ സീസൺ ലാ ലിഗയിൽ നേടിയ 72 ഗോളുകളിൽ 38ലും മെസ്സിയുടെ സ്പർശമുണ്ടായിരുന്നു. 21 ഗോളുകൾ നേടിയ മെസ്സി 17 ഗോളുകൾക്കു വഴിയൊരുക്കി. 6 കളികൂടി ബാക്കി നിൽക്കെ മെസ്സി ഇതുവരെ 2292 ടച്ചുകളാണ് നടത്തിയത്. 2008–09 സീസണിലെ (2158) ആകെ ടച്ചുകളെക്കാൾ കൂടുതൽ. 151 ഡ്രിബ്ലുകളും മെസ്സി പൂർത്തിയാക്കി. ഡി യോങ്ങിന്റെ 43 ഡ്രിബ്ലുകളാണ് ഇക്കാര്യത്തിൽ രണ്ടാമത് എന്ന കണക്കു വച്ചു നോക്കുമ്പോൾ പിടികിട്ടും, മെസ്സി ഒഴികെയുള്ള ബാർസിലോനയുടെ ഇപ്പോഴത്തെ അവസ്ഥ!
English Summary: What happened in Barcelona FC