കാവൽ നിന്ന ആ ‘നീല മാലാഖ’ മാഞ്ചസ്റ്റർ വിടുന്നു; ഇനി സിറ്റി പഴയ സിറ്റിയല്ല!
‘ഇനി ഞാൻ നിങ്ങളോടൊരു സത്യം പറയാം. എന്റെ സെർജിയോ അഗ്യൂറോ ഉടൻ തന്നെ എന്റെ പ്രിയപ്പെട്ട ക്ലബുമായി കരാർ ഒപ്പിടും’ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വെളിപ്പെടുത്തിയ രഹസ്യം ബാർസിലോനയിലെ തെരുവുകളിൽ ആഘോഷങ്ങൾക്കു തിരികൊളുത്തിയപ്പോൾ മാഞ്ചസ്റ്റിലെ തെരുവീഥികളിൽ ഒരു നിമിഷത്തെ നിശബ്ദതയാണ്
‘ഇനി ഞാൻ നിങ്ങളോടൊരു സത്യം പറയാം. എന്റെ സെർജിയോ അഗ്യൂറോ ഉടൻ തന്നെ എന്റെ പ്രിയപ്പെട്ട ക്ലബുമായി കരാർ ഒപ്പിടും’ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വെളിപ്പെടുത്തിയ രഹസ്യം ബാർസിലോനയിലെ തെരുവുകളിൽ ആഘോഷങ്ങൾക്കു തിരികൊളുത്തിയപ്പോൾ മാഞ്ചസ്റ്റിലെ തെരുവീഥികളിൽ ഒരു നിമിഷത്തെ നിശബ്ദതയാണ്
‘ഇനി ഞാൻ നിങ്ങളോടൊരു സത്യം പറയാം. എന്റെ സെർജിയോ അഗ്യൂറോ ഉടൻ തന്നെ എന്റെ പ്രിയപ്പെട്ട ക്ലബുമായി കരാർ ഒപ്പിടും’ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വെളിപ്പെടുത്തിയ രഹസ്യം ബാർസിലോനയിലെ തെരുവുകളിൽ ആഘോഷങ്ങൾക്കു തിരികൊളുത്തിയപ്പോൾ മാഞ്ചസ്റ്റിലെ തെരുവീഥികളിൽ ഒരു നിമിഷത്തെ നിശബ്ദതയാണ്
‘ഇനി ഞാൻ നിങ്ങളോടൊരു സത്യം പറയാം. എന്റെ സെർജിയോ അഗ്യൂറോ ഉടൻ തന്നെ എന്റെ പ്രിയപ്പെട്ട ക്ലബുമായി കരാർ ഒപ്പിടും’ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വെളിപ്പെടുത്തിയ രഹസ്യം ബാർസിലോനയിലെ തെരുവുകളിൽ ആഘോഷങ്ങൾക്കു തിരികൊളുത്തിയപ്പോൾ മാഞ്ചസ്റ്റിലെ തെരുവീഥികളിൽ ഒരു നിമിഷത്തെ നിശബ്ദതയാണ് സമ്മാനിച്ചത്. ‘മാഞ്ചസ്റ്റർ ഈസ് ബ്ലൂ’ എന്ന് തലയുയർത്തിപ്പിടിച്ചു പറയാൻ അവർക്ക് ധൈര്യം നൽകിയ നീലമാലാഖ ഇന്ന് അവരെവിട്ടു പറന്നകലുന്നു.
‘ഗ്രേഷ്യസ് അഗ്യൂറോ (നന്ദി അഗ്യൂറോ)’ എന്ന് ഹൃദയത്തിന്റെ ഭാഷയിലെഴുതിയ ബാനറുകളുമായി മഞ്ചസ്റ്ററിന്റെ തെരുവോരങ്ങളിലും എത്തിഹാദ് സ്റ്റേഡിയത്തിന്റെ ചുവരുകളിലും അവർ തങ്ങളുടെ രക്ഷകനായി അവതരിച്ച ദൈവപുത്രന് യാത്രാമൊഴി ചൊല്ലി.
ലയണൽ മെസ്സി ഇല്ലാത്ത ബാർസയോ ക്രിസ്റ്റ്യാനോ റൊണാൾഡോ വിട പറഞ്ഞ റയൽ മഡ്രിഡോ ആയിരിക്കില്ല അഗ്യൂറോ വിട പറയുന്ന സിറ്റി. അഗ്യൂറോയുടെ വിടവു നികത്താൻ പോന്ന താരങ്ങൾ ഇപ്പോൾ സിറ്റിയിലുണ്ട്. പക്ഷേ, അഗ്യൂറോയെപ്പോലെ ഒരു താരം, അതിനി സിറ്റിക്കു സ്വപ്നം കാണാൻ സാധിക്കില്ല. മെസ്സിക്കൊപ്പം പന്തുതട്ടാൻ നൂകാംപിലേക്കു അഗ്യൂറോ പറക്കുമ്പോൾ, അയാൾ ഇല്ലാത്ത സിറ്റി പഴയ സിറ്റി ആയിരിക്കില്ലെന്നു ആരാധകർക്കുമറിയാം.
∙ മറഡോണയെ മറിച്ചിട്ട താരം
15 വയസ്സും 35 ദിവസവും മാത്രം പ്രായമുള്ള സെർജിയോ ലയണൽ അഗ്യൂറോ എന്ന പയ്യൻസ് അർജന്റീനയിലെ ഫസ്റ്റ് ഡിവിഷൻ ലീഗിൽ പന്തുതട്ടിയപ്പോൾ തകർന്നുവീണത് മറ്റൊരു അതികായൻ സ്ഥാപിച്ച റെക്കോർഡായിരുന്നു. അർജന്റീനിയൻ ഫസ്റ്റ് ഡിവിഷൻ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഡിയേഗോ മറഡോണയുടെ നേട്ടം. പക്ഷേ, മറഡോണയുടെ പിൻഗാമിയെന്ന ‘ഭാരം’ അധികം വൈകാതെ മെസ്സിയിലേക്കു മാറിയപ്പോൾ അഗ്യൂറോ എന്ന പ്രതിഭ അർജന്റീനയിൽ പതിയെ അപ്രസക്തനായി.
∙ പ്രഫഷനൽ ഫുട്ബോളിലേക്ക്
2005, 2007 വർഷങ്ങളിൽ അർജന്റീനയ്ക്കായി അണ്ടർ 20 ഫുട്ബോൾ ലോക കിരീടം സ്വന്തമാക്കിയതോടെയാണ് അഗ്യൂറോ എന്ന സ്ട്രൈക്കറെ ഫുട്ബോൾ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. അധികം വൈകാതെ ലാ ലിഗയിൽ നിന്ന് അഗ്യൂറോയ്ക്ക് വിളിയെത്തി. അത്‌ലറ്റിക്കോ മാഡ്രിഡാണ് അഗ്യൂറോയെ സ്പെയിനിലേക്ക് റാഞ്ചിയത്. 5 വർഷം, 175 മത്സരങ്ങൾ, 74 ഗോളുകൾ. മോശമല്ലാത്ത കാലം. ലാ ലിഗയിൽ ഉദിച്ചുയരുന്നതിനിടെയാണ് ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തേരു തെളിക്കാൻ അഗ്യൂറോയ്ക്ക് ക്ഷണം ലഭിക്കുന്നത്. 35 ദശലക്ഷം യൂറോയ്ക്കാണ് അഗ്യൂറോയെ സിറ്റി എത്തിഹാദ് സ്റ്റേഡിയത്തിൽ എത്തിച്ചത്. അഗ്യൂറോ എന്ന നീല മാലാഖയുടെ കഥ അവിടെ തുടങ്ങുന്നു.
∙ സിറ്റിയുടെ തേരാളി
മാഞ്ചസ്റ്റർ എന്നാൽ യുണൈറ്റഡ് എന്ന മുൻവിധിയോടെ ഫുട്ബോൾ ലോകം നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. സർ അലക്സ് ഫെർഗൂസന്റെ ചെകുത്താൻമാർ തിമിർത്താടിയ കാലം. 2008 സിറ്റി മാനേജ്മെന്റിന്റെ തലപ്പത്ത് ഷെയ്ഖ് മൻസൂർ എത്തിയതോടെയാണ് ചുവപ്പിനു മേലെ നീലവെളിച്ചം വീഴ്ത്താൻ സാധിക്കുമെന്നു സിറ്റി ആരാധകർ വിശ്വസിച്ചുതുടങ്ങിയത്.
യുണൈറ്റഡിനോട് കിടപിടിക്കുന്ന യുവനിരയെ സജ്ജമാക്കുകയായിരുന്നു പരിശീലകൻ റോബർട്ടോ മാൻചീനിക്ക് ഷെയ്ഖ് മൻസൂർ നൽകിയ ആദ്യ നിർദേശം. യായാ ടുറെയും ഡേവിഡ് സിൽവയും അഗ്യൂറോയും ഉൾപ്പെടെയുള്ള താരങ്ങൾ നീലക്കുപ്പായത്തിൽ എത്തിയത് ഈ പ്ലാനിന്റെ ഭാഗമായിരുന്നു. അങ്ങനെ 2011ൽ എത്തിഹാദിന്റ പുൽമേട്ടിൽ മദിച്ചു മേയാൻ അഗ്യൂറോയെ മാൻചീനി കയറൂരിവിട്ടു. സ്വാൻസിക്കെതിരായ തന്റെ കന്നി പ്രിമിയർ ലീഗ് മത്സരത്തിൽ ഇറങ്ങി 9–ാം മിനിറ്റിൽ തന്നെ അഗ്യൂറോ ഗോൾവല കുലുക്കിയപ്പോൾ സിറ്റി ആരാധകർ മനസ്സിൽ പറഞ്ഞു: ഇതാ നമ്മുടെ രക്ഷകൻ!
∙ അഗ്യൂറോ..........
2012 മേയ് 13. മാഞ്ചസ്റ്റർ സിറ്റിയെ നെഞ്ചേറ്റിയ ഓരോ ആരാധകനും മറക്കാനാകാത്ത ദിനം. എത്തിഹാദ് സ്റ്റേഡിയത്തിലെ ഓരോ പുൽനാമ്പും പുളകം കൊണ്ട ദിനം. പ്രിമിയർ ലീഗ് ഉയർത്താൻ സിറ്റിയും യുണൈറ്റഡും പരസ്പരം മത്സരിച്ച സീസണായിരുന്നു 2011–12. ഒരു മത്സരം മാത്രം ശേഷിക്കെ ഇരുവർക്കും 96 പോയിന്റ് വീതം. ഗോൾ ശരാശരിയിൽ മുന്നിലുള്ള സിറ്റിക്ക് അവസാന മത്സരം ജയിച്ചാൽ 44 വർഷത്തിനു ശേഷം പ്രിമിയർ ലീഗ് കിരീടത്തിൽ മുത്തമിടാം. മറുവശത്ത് തങ്ങൾ ജയിക്കുകയും സിറ്റി ജയിക്കാതിരിക്കുകയും ചെയ്താൽ മാത്രം യുണൈറ്റഡിന് കിരീടം. രണ്ടു മത്സരങ്ങളും നടക്കുന്നത് ഒരേ സമയം. സിറ്റി ക്യുപിആറിനെയും യുണൈറ്റഡ് സണ്ടർലാൻഡിനെയും നേരിടുന്നു.
ഒന്നാം പകുതിയിൽ ഇരുവരും ഗോൾ നേടി ലീഡുയർത്തുന്നു. എന്നാൽ അപ്രതീക്ഷിതമായി ക്യുപിആർ രണ്ടു ഗോളുകൾ മടക്കുന്നു. അതോടെ സിറ്റി പരുങ്ങലിൽ. ആദ്യ പകുതിയിലെ ലീഡ് വിട്ടു നൽകാതെ യുണൈറ്റഡ് ജയിക്കുന്നു. പക്ഷ, സന്തോഷിക്കാനായിട്ടില്ലെന്നു അലക്സ് ഫെർഗൂസനും സംഘത്തിനും നന്നായി അറിയാം. കളി ഇഞ്ചുറി ടൈമിലേക്കു കടക്കുമ്പോഴും സിറ്റി 2–1നു പിന്നിൽ.
ഓൾഡ് ട്രാഫഡിൽ പതിയെ ആഘോഷങ്ങൾ തുടങ്ങി. എത്തിഹാദിലെ ഗ്യാലറിയിൽ നീലച്ചായം തേച്ച മുഖങ്ങളിൽ കണ്ണീർ ചാലുകൾ ഒഴുകിത്തുടങ്ങി. അതാ പ്രതീക്ഷയുടെ പൊൻകിരണം പോലെ എഡിൻ സെക്കോയുടെ വക സിറ്റിക്ക് ആശ്വാസമായി സമനില ഗോൾ. പക്ഷേ, ജയത്തിൽ കുറഞ്ഞ ഒന്നും കിരീടത്തിലേക്കു നയിക്കില്ലെന്നു സിറ്റി ആരാധകർക്ക് അറിയാമായിരുന്നു. കളി തീരാൻ 2 മിനിറ്റ് മാത്രം ബാക്കി. സിറ്റിയുടെ മുന്നേറ്റം. അഗ്യൂറോ നൽകിയ പാസ് ബോക്സിനകത്തേക്കു നീട്ടി നൽകി ബലോട്ടെല്ലി.
അപ്പോഴേക്കും ഓടിയെത്തിയ അഗ്യൂറോയുടെ വലംകാൽ പോസ്റ്റിന്റെ ഇടതു കോണിലേക്ക് പന്ത് തൊടുത്തുവിട്ടു. അതു ചെന്നു പതിച്ചത് 44 വർഷങ്ങളായി ഒരു പ്രിമിയർ ലീഗ് കിരീടത്തിനായി കാത്തിരുന്ന സിറ്റി ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നു. അഗ്യൂറോ.... കമന്റേറ്ററും സിറ്റി ആരാധകരും ഒന്നടങ്കം ആർപ്പുവിളിച്ചു. അന്ന്, ആ 93.20 മിനിറ്റിൽ എത്തിഹാദിൽ അവർ തങ്ങൾക്കായി പിറവിയെടുത്ത ദൈവപുത്രനെ കണ്ടു!
∙ 10 സുവർണ വർഷങ്ങൾ
പിന്നീടങ്ങോട്ട് സിറ്റിയുടെ എല്ലാമെല്ലാമായി അഗ്യൂറോ മാറി. 5 പ്രിമിയർ ലീഗ് കിടീരങ്ങൾ, 2 എഫ്എ കപ്പുകൾ, 3 കമ്യൂണിറ്റി ഷീൽഡ് തുടങ്ങി സിറ്റിക്കുവേണ്ടി കഴിഞ്ഞ 10 വർഷം അഗ്യൂറോ നേടിയ കപ്പുകൾ ഒട്ടേറെ. സിറ്റി കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർ ആയി പടിയിറങ്ങുമ്പോൾ പ്രീമിയർ ലീഗിൽ സിറ്റിക്കായി കൂടുതൽ ഗോൾ നേടിയ താരം (184), ഒരു ഇംഗ്ലിഷ് ക്ലബ്ലിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇംഗ്ലിഷുകാരനല്ലാത്ത താരം (സിറ്റിക്കായി 260 ഗോളുകൾ), എന്നിങ്ങനെ ഒരുപിടി റെക്കോർഡുമായാണ് അഗ്യൂറോ സ്പെയിനിലേക്ക് പറക്കുന്നത്.
‘എന്നെ ഞാനാക്കിയ നിങ്ങൾക്ക് നന്ദി’ എന്ന് അഗ്യൂറോ യാത്ര പറയുമ്പോൾ ‘ഇനി വരുമോ ഇതു പോലൊരു നീലമാലാഖ’ എന്നു നിറകണ്ണുകളോടെ ചോദിക്കുകയാണ് സിറ്റി ആരാധകർ. സിറ്റിക്കായി തന്റെ അവസാന മത്സരത്തിലും എവർട്ടനെതിരെ രണ്ടു ഗോളുകൾ നേടി പ്രിമിയർ ലീഗ് കിരീടം ഊട്ടിയുറപ്പിച്ച ശേഷമാണ് അഗ്യൂറോ പോകുന്നത്. എത്തിഹാദിന്റെ വലതു വിങ്ങിൽ നികത്താനാകാത്ത ഒരു വിടവും സമ്മാനിച്ച്...
English Summary: Sergio Aguero bids farewell to Manchester City and EPL