രക്തദാനം നടത്താൻ ശരീരത്തിൽ ടാറ്റൂ വേണ്ടെന്നുവച്ച സൂപ്പർതാരം; മാതൃകയാണ് റോണോ!
വ്യക്തിയോ പ്രസ്ഥാനമോ അല്ല, അയാളൊരു രാജ്യമാണ് - ജനസംഖ്യയിൽ മൂന്നാമതുള്ള രാജ്യം! വിശേഷണങ്ങൾ ഏറെയുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇങ്ങനെ കൂടി വിളിക്കാം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പോർച്ചുഗീസ് ക്യാപ്റ്റനെ പിന്തുടരുന്നത് 50 കോടിയിലേറെ ആളുകളാണ്. ജനസംഖ്യയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള യുഎസിനെക്കാൾ (33
വ്യക്തിയോ പ്രസ്ഥാനമോ അല്ല, അയാളൊരു രാജ്യമാണ് - ജനസംഖ്യയിൽ മൂന്നാമതുള്ള രാജ്യം! വിശേഷണങ്ങൾ ഏറെയുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇങ്ങനെ കൂടി വിളിക്കാം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പോർച്ചുഗീസ് ക്യാപ്റ്റനെ പിന്തുടരുന്നത് 50 കോടിയിലേറെ ആളുകളാണ്. ജനസംഖ്യയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള യുഎസിനെക്കാൾ (33
വ്യക്തിയോ പ്രസ്ഥാനമോ അല്ല, അയാളൊരു രാജ്യമാണ് - ജനസംഖ്യയിൽ മൂന്നാമതുള്ള രാജ്യം! വിശേഷണങ്ങൾ ഏറെയുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇങ്ങനെ കൂടി വിളിക്കാം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പോർച്ചുഗീസ് ക്യാപ്റ്റനെ പിന്തുടരുന്നത് 50 കോടിയിലേറെ ആളുകളാണ്. ജനസംഖ്യയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള യുഎസിനെക്കാൾ (33
വ്യക്തിയോ പ്രസ്ഥാനമോ അല്ല, അയാളൊരു രാജ്യമാണ് - ജനസംഖ്യയിൽ മൂന്നാമതുള്ള രാജ്യം! വിശേഷണങ്ങൾ ഏറെയുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇങ്ങനെ കൂടി വിളിക്കാം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പോർച്ചുഗീസ് ക്യാപ്റ്റനെ പിന്തുടരുന്നത് 50 കോടിയിലേറെ ആളുകളാണ്. ജനസംഖ്യയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള യുഎസിനെക്കാൾ (33 കോടി) കൂടുതൽ! ഇതിന്റെ വിശദമായ കണക്ക് ഇങ്ങനെ:
. ഇൻസ്റ്റഗ്രാം - 29.7 കോടി
. ഫെയ്സ്ബുക് 14.8 കോടി
. ട്വിറ്റർ 9.2 കോടി
യൂറോ കപ്പിന്റെ ആരവങ്ങൾക്കു ലോകം കാതോർക്കുമ്പോൾ റൊണാൾഡോ വീണ്ടും വാർത്തകളിൽ നിറയുകയാണ്; നിലവിലെ ജേതാക്കളായ പോർച്ചുഗലിനെ ഒരിക്കൽകൂടി കപ്പിൽ മുത്തമിടീക്കാൻ ക്യാപ്റ്റനു കഴിയുമോ? ഇത് അയാളുടെ അവസാന യൂറോ കപ്പ് ആകുമോ? യൂറോയ്ക്ക് എത്തുന്ന കളിക്കാരിൽ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ചയാൾ (175), ഏറ്റവും കൂടുതൽ യൂറോ മത്സരങ്ങൾ (21) കളിച്ച താരം.... ചർച്ചകൾ ഇപ്പോഴും അയാളെ ചുറ്റിപ്പറ്റിയാണ്; അസാധ്യ കാര്യങ്ങൾ സാധ്യമാക്കുന്ന കാൽപ്പന്തു മജിഷ്യനെ കുറിച്ച്...
∙ ജീവിതത്തിന്റെ ടീമിൽ
‘അവൻ ജനിക്കാൻ പാടില്ല’... ശത്രുക്കളല്ല അങ്ങനെ ചിന്തിച്ചത്; സ്വന്തം അമ്മയായിരുന്നു. ഫൈനൽ വിസിലിനു കാക്കാതെ ദാരിദ്ര്യത്തിന്റെ കളി... ഒരു കുഞ്ഞിനെക്കൂടി വളർത്താൻ ശേഷിയില്ലെന്നു വന്നപ്പോൾ ഉദരത്തിൽവച്ചുതന്നെ കൊന്നുകളയാൻ ശ്രമിച്ചു. പക്ഷേ, ആ ടാക്കിളും അതിജീവിച്ചു ജീവിതത്തിന്റെ ടീമിൽ റോണോ ഇടംപിടിച്ചു. ദാരിദ്ര്യത്തെയും അവൻ തോൽപിച്ചു. ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളിൽ ഒരാളായി വളർന്നു.
പോർച്ചുഗലിലെ മെദീര തെരുവുകളിൽ പന്തുതട്ടി നടന്ന ചെക്കൻ ലോക ഫുട്ബോളിന്റെ ഉയരങ്ങളിലും ആരാധകരുടെ മനസ്സിലും ഇരുപ്പുറപ്പിച്ചതു ചില്ലറക്കളിയാലല്ല. നടനും അമേരിക്കൻ പ്രസിഡന്റുമായിരുന്ന റൊണാൾഡ് റീഗനോട് കടുത്ത ആരാധനയായിരുന്നു റോണോയുടെ പിതാവിന്. മകനു റൊണാൾഡോയെന്നു പേരു നൽകിയത് അങ്ങനെ.
ഒരു ഫുട്ബോൾ മൈതാനത്ത് ഒതുക്കാവുന്നതിലും കൂടുതൽ സങ്കടങ്ങൾ നിറഞ്ഞതായിരുന്നു ബാല്യം. പിതാവ് കിറ്റ്മാൻ ആയി ജോലി ചെയ്ത പ്രാദേശിക ക്ലബ്ബിനുവേണ്ടി പന്തുതട്ടാനിറങ്ങുമ്പോൾ, പലകുറി കൂട്ടിത്തയ്ച്ച ഷൂവായിരുന്നു കാലിൽ. അതേ റോണോയ്ക്കുവേണ്ടി നൈക്കി പിന്നീട് വജ്രത്തിളക്കമുള്ള ബൂട്ട് പുറത്തിറക്കി. കാലം തെറ്റിച്ച സുഖമുള്ളൊരു കളിനിയമം.
. ഇല്ല, പിന്നോട്ട്
ഏതു തിരിച്ചടിയിലും പതറാതെ കുതിക്കാനുള്ള ഊർജം റോണോയുടെ കാലുകളിലുണ്ടെന്നു വിമർശകർ പോലും സമ്മതിക്കും. പോർച്ചുഗൽ ജേതാക്കളായ കഴിഞ്ഞ യൂറോ കപ്പിന്റെ ഫൈനൽ മാത്രം നോക്കിയാൽ മതി. ഫ്രാൻസുമായുള്ള അന്തിമ പോരാട്ടത്തിൽ, തുടക്കത്തിൽ തന്നെ പരുക്കേറ്റു പിന്മാറേണ്ടി വന്നിട്ടും റോണോ തോറ്റില്ല. കാലിന്റെ വേദന മറന്ന്, ടീമിനാകെ ഊർജം പകർന്ന്, സൈഡ് ലൈനിനോട് ചേർന്ന് അയാൾ നിറഞ്ഞപ്പോൾ പോർച്ചുഗലിനു തോൽക്കാൻ കഴിയുമായിരുന്നില്ല.
എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഉയരച്ചാട്ടങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വേഗവും കൊണ്ട് അയാൾ എത്രയോ തവണ വിസ്മയിപ്പിച്ചിരിക്കുന്നു! തന്റെ ഏറ്റവും വലിയ ആയുധം എന്ന് അയാൾ തന്നെ പറഞ്ഞിട്ടുള്ള, രാകി മിനുക്കിയെടുത്ത ശരീരം അതിനു തുണയാകുന്നു. അതിനാലാണ്, ഈ മുപ്പത്തിയാറുകാരൻ ചിന്നം വിളിച്ചെത്തുമ്പോൾ ഏതു ലോകോത്തര ഗോളിയും പ്രതിരോധ നിരയും ഒന്നു പതറിപ്പോകുന്നത്.
നിരൂപകരുടെ നല്ലവാക്കുകളുടെ തണലിലല്ല അയാൾ പന്തു തട്ടിയത്. ക്ലാസിക്, ഇതിഹാസ നിഴൽപ്രദേശങ്ങളിലായിരുന്നു പലപ്പോഴും സ്ഥാനം. സ്വഭാവവിശേഷങ്ങൾ ഇടയ്ക്കിടെ വിമർശനത്തിനിരയാക്കി. റഫറിയെ പിടിച്ചുതള്ളി കാർഡ് വാങ്ങുക, എതിർ കളിക്കാരുമായി ഉടക്കുക... അപ്പോഴൊക്കെ റൊണാൾഡോ പച്ചമനുഷ്യനാകുന്നു.
അവിടെ മാത്രമല്ല, രക്തദാനത്തിനു തടസ്സമാകുമെന്നു പറഞ്ഞ് ടാറ്റൂകൾ ഒഴിവാക്കുമ്പോഴും പന്ത് നോവിച്ച കുഞ്ഞിനു കളിക്കുപ്പായം ഊരി നൽകി ചേർത്തുപിടിക്കുമ്പോഴും അയാൾ മനുഷ്യൻ മാത്രമാണ്; ദേവന്മാർക്കുപോലും അസൂയ തോന്നുന്ന മനുഷ്യൻ. ഇത് എഴുതുമ്പോഴും ഒന്നിലേറെപ്പേരുടെ വാട്സാപ് സ്റ്റാറ്റസായി റോണോ ഉണ്ട് - തിരിച്ചടികളിലും തിരിച്ചുവരാൻ പ്രചോദിപ്പിക്കുന്ന താരകമായി. പലർക്കും അയാൾ വെറുമൊരു ഫുട്ബോൾ കളിക്കാരൻ മാത്രമല്ല!
English Summary: Life Story of Christiano Ronaldo